ഇന്ത്യയിലെ കര്‍ഷകരുടെ സുരക്ഷയേയും മാധ്യമ സ്വാതന്ത്ര്യത്തെയുംകുറിച്ച് ചര്‍ച്ച ചെയ്ത് ബ്രിട്ടീഷ് പാര്‍ലമെന്റ്. തിങ്കളാഴ്ച ഒന്നര മണിക്കൂറാണ് പാര്‍ലമെന്റില്‍ ചര്‍ച്ച നടന്നത്. പ്രക്ഷോഭര്‍ക്കെതിരായ ഇന്ത്യന്‍ ഭരണകൂടത്തിന്റെ നടപടികളില്‍ ലേബര്‍ പാര്‍ട്ടി, ലിബറല്‍ ഡെമോക്രാറ്റുകള്‍, സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി എംപിമാര്‍ ആശങ്കകള്‍ രേഖപ്പെടുത്തി. ഇരു രാജ്യത്തെയും പ്രധാനമന്ത്രിമാരുടെ കൂടിക്കാഴ്ചയില്‍ ബ്രിട്ടന്റെ ആശങ്കകള്‍ അറിയിക്കണമെന്നും പാര്‍ലമെന്റ് അഭിപ്രായപ്പെട്ടു. അതേസമയം, ബ്രിട്ടീഷ് പാര്‍ലമെന്റ് നടപടിയെ ലണ്ടനിലെ ഇന്ത്യന്‍ ഹൈകമ്മീഷന്‍ വിമര്‍ശിച്ചു. സന്തുലിതമായ ഒരു ചര്‍ച്ചക്കുപകരം തെളിവുകളോ വസ്തുതകളോ ഇല്ലാതെ തെറ്റായ വാദങ്ങള്‍ ഉന്നയിച്ചുകൊണ്ട് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തെയും ഭരണസ്ഥാപനങ്ങളെയും അപകീര്‍ത്തിപ്പെടുത്തുകയായിരുന്നുവെന്ന് ഹൈക്കമ്മീഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.

ഇന്ത്യന്‍ വംശജനായ ലിബറല്‍ ഡെമോക്രാറ്റ് നേതാവ് ഗുര്‍ച്ച് സിംഗിന്റെ പരാതിയിലാണ് ചര്‍ച്ച ആരംഭിച്ചത്. ഒരാഴ്ചക്കിടെ യുകെയില്‍നിന്ന് ഒരു ലക്ഷത്തിലധികം ഒപ്പുകളാണ് പരാതിക്ക് ലഭിച്ചത്. സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയിലെ മാര്‍ട്ടിന്‍ ഡേ ചര്‍ച്ചക്ക് തുടക്കമിട്ടു. കാര്‍ഷിക നിയമങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ തീരുമാനമാണെന്ന് യുകെ ഭരണകൂടം ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ കാര്‍ഷിക നിയമങ്ങളെക്കുറിച്ച് ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല. സമരം ചെയ്യുന്ന കര്‍ഷകരുടെ സുരക്ഷയാണ് ചര്‍ച്ച ചെയ്യുന്നത്. അവരെ നേരിടാന്‍ കണ്ണീര്‍ വാതകവും ജലപീരങ്കിയും ഉപയോഗിച്ചതും കര്‍ഷകരും പൊലീസും തമ്മിലുള്ള സംഘര്‍ഷവും ഇന്റര്‍നെറ്റ് ബന്ധം ഉള്‍പ്പെടെ വിച്ഛേദിക്കുന്നതും വലിയ ആശങ്കകള്‍ക്ക് കാരണമാണ്. നിരവധി കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായാണ് റിപ്പോര്‍ട്ടുകളെന്നും അദ്ദേഹം പറഞ്ഞു.

എന്തുകൊണ്ടാണ് ഇത്രയധികം പേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതെന്ന് ചിന്തിക്കാന്‍ മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ള പ്രക്ഷോഭം ഇടയാക്കുന്നതായി ലേബര്‍ പാര്‍ട്ടി നേതാവ് ജെറെമി കോര്‍ബിന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റ് ഗൗരവമേറിയ കാര്യമാണെന്നും കോര്‍ബിന്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയുമായുള്ള അടുത്ത ബന്ധം ബ്രിട്ടന്റെ ആശങ്കകള്‍ ഉന്നയിക്കുന്നതിന് ഒരിക്കലും തടസമാകില്ലെന്ന് പ്രതിപക്ഷ അംഗങ്ങളുടെ പ്രസ്താവനകള്‍ക്ക് മറുപടിയായി ഏഷ്യയുടെ ചുമതലയുള്ള സഹമന്ത്രി നിഗെല്‍ ആഡംസ് പറഞ്ഞു.

അതേസമയം, കണ്‍സര്‍വേറ്റീവ് എംപി തേരേസ വില്ലിയേഴ്‌സ് ഇന്ത്യന്‍ സര്‍ക്കാര്‍ നടപടിയെ അനുകൂലിച്ചു. യുകെയില്‍ വന്‍ പ്രതിഷേധങ്ങള്‍ നടക്കുമ്പോള്‍ പൊലീസിനെതിരെ നിരവധി പരാതികള്‍ ലഭിക്കാറുണ്ട്. യുകെ ജനാധിപത്യത്തിന് എതിരാണെന്ന് എന്നല്ല അതിനര്‍ത്ഥമെന്നായിരുന്നു തേരേസയുടെ പ്രതികരണം.

എന്നാല്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചകളില്‍ ലണ്ടനിലെ ഹൈകമ്മീഷന്‍ അതൃപ്തി രേഖപ്പെടുത്തി. യുകെയില്‍ നിന്നുള്‍പ്പെടെ വിദേശ മാധ്യമങ്ങള്‍ നിലവില്‍ ഇന്ത്യയിലുണ്ട്. ഇപ്പോള്‍ ചര്‍ച്ച ചെയ്ത വിഷയങ്ങള്‍ക്ക് അവര്‍ സാക്ഷികളുമാണ്. ഇന്ത്യയില്‍ മാധ്യമങ്ങള്‍ക്ക് സ്വാതന്ത്ര്യമില്ലെന്ന കാര്യം എവിടെയും ഉയര്‍ന്നിട്ടില്ലെന്ന് ഹൈക്കമ്മീഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. ബഹുമാന്യരായ പാര്‍ലമെന്റ് അംഗങ്ങളുടെ ചെറിയസംഘം നടത്തിയ ആഭ്യന്തര ചര്‍ച്ചയെക്കുറിച്ച് സാധാരണഗതിയില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അഭിപ്രായം പറയാറില്ല. എന്നാല്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തെയും സ്‌നേഹത്തെയും ആഭ്യന്തര രാഷ്ട്രീയ സമ്മര്‍ദങ്ങളെയും കണക്കിലെടുക്കാതെ ഇന്ത്യയെ ആരെങ്കിലും അപകീര്‍ത്തിപ്പെടുത്തുമ്പോള്‍ അതിലെ തെറ്റ് തീരുത്തേണ്ടതുണ്ടെന്നും ഹൈക്കമ്മീഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.