ന്യൂസ് ഡെസ്ക് മലയാളം യുകെ
യു എസ് :- നാസയുടെ സ്പേസ് മിഷൻ പ്രോഗ്രാമായ സ്കൈലാബ് 4 പരാജയപ്പെട്ടിട്ടു ഏകദേശം അര നൂറ്റാണ്ടോളം ആയിരിക്കുകയാണ്. മൂന്ന് യാത്രികർ ആയിരുന്നു ഈ മിഷനിൽ ഉൾപ്പെട്ടിരുന്നത് – എഡ് ഗിബ്സൺ, വില്യം പോഗ്,ജരാൾഡ് കാർ എന്നിവരായിരുന്നു അവർ. ഇവർ നാസയുമായുള്ള ഗ്രൗണ്ട് കണ്ട്രോൾ സംവിധാനം വിച്ഛേദിക്കുകയും, സ്വന്തം രീതിയിൽ തീരുമാനങ്ങളെടുക്കുകയും ചെയ്തു എന്നതായിരുന്നു ഇവർക്കെതിരെയുള്ള ആരോപണം. എന്നാൽ ഇതല്ല യഥാർത്ഥ സത്യം എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് എഡ് ഗിബ്സൺ. മൂന്ന് പേരിൽ ഇദ്ദേഹം മാത്രമാണ് ഇപ്പോൾ ഉള്ളത്.
സ്പേസ് സ്റ്റേഷനിൽ എത്തിയ ഉടൻ തന്നെ പോഗിന്റെ ആരോഗ്യസ്ഥിതി മോശമായതായി അദ്ദേഹം പറയുന്നു. ആദ്യമായാണ് തങ്ങൾ ഇത്തരത്തിൽ യാത്ര നടത്തുന്നതിനാൽ അതിന്റേതായ എല്ലാ ആരോഗ്യപ്രശ്നങ്ങളും തങ്ങൾക്ക് ഉണ്ടായിരുന്നതായി ഗിബ്സൺ പറയുന്നു. നാസയുടെ സ്കൈലാബ് സ്പേസ് ദൗത്യത്തിലൂടെ, ഇത്തരത്തിൽ ബഹിരാകാശയാത്ര നടത്തുന്നവരുടെ ആരോഗ്യസ്ഥിതിയും മറ്റും പഠിക്കുന്നതിനാണ് ഉദ്ദേശിച്ചിരുന്നത്. 84 ദിവസമാണ് ഈ മിഷൻ നീണ്ടുനിന്നത്. യാത്രികർക്ക് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള ആവശ്യമായ സമയം നൽകിയില്ലെന്ന് നാസ തന്നെ സമ്മതിക്കുന്നുണ്ട്.
അതിനാൽ തന്നെ പോഗിന്റെ ആരോഗ്യ അവസ്ഥ തങ്ങൾ മറച്ചു വെക്കാൻ തീരുമാനിച്ചതായി ഗിബ്സൺ പറയുന്നു. എന്നാൽ തങ്ങളുടെ സംസാരങ്ങൾ എല്ലാം തന്നെ നാസ റെക്കോർഡ് ചെയ്തിരുന്നതായി തങ്ങൾ അറിഞ്ഞിരുന്നില്ല. ആരോഗ്യസ്ഥിതി മറച്ചുവെച്ച് തങ്ങളുടെ ഭാഗത്തുനിന്നുള്ള വലിയ വീഴ്ചയായി നാസ ചിത്രീകരിച്ചതായി ഗിബ്സൺ പറഞ്ഞു. തങ്ങൾക്ക് മേൽ അധികഭാരം ആണ് പിന്നീട് ചുമത്തിയത്.ഷെഡ്യൂൾ പ്രകാരമുള്ള ജോലി കുറച്ച് കുറയ്ക്കുവാൻ ആവശ്യപ്പെട്ടെങ്കിലും തങ്ങളുടെ ആവശ്യങ്ങൾക്ക് ഒരു പരിഗണനയും ലഭിച്ചില്ല. ഏകദേശം 90 മിനിറ്റോളം തങ്ങൾക്ക് നാസയുമായുള്ള വാർത്താവിനിമയ ബന്ധം വിച്ഛേദിക്കപ്പെട്ടതായി ഗിബ്സൺ പറഞ്ഞു. ഇതാണ് തങ്ങളുടെ ഭാഗത്തുനിന്നുള്ള പ്രതിഷേധമായി നാസ ചിത്രീകരിച്ചത്. എന്നാൽ ഇത് തങ്ങളുടെ അറിവോടെ അല്ലെന്നും, സാറ്റലൈറ്റ് കമ്മ്യൂണിക്കേഷനിലുള്ള പ്രതിസന്ധി ആയിരുന്നുവെന്നും ഗിബ്സൺ ഉറപ്പിച്ചുപറയുന്നു. ഇതിനെ പിന്നീട് മാധ്യമങ്ങൾ ആഘോഷിക്കുകയായിരുന്നു. തങ്ങളുടെ ഭാഗത്തെ പ്രശ്നങ്ങൾ കേൾക്കുവാൻ പോലും ആരും തയ്യാറായിരുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു.
Leave a Reply