വിജയ കിരൺ
ജനങ്ങൾക്ക് ആവശ്യമായ ശുദ്ധ ജലം ഉറപ്പാക്കുക എന്നത് ലോകത്തിലെ എല്ലാ രാജ്യങ്ങളും നേരിടുന്ന വെല്ലുവിളിയാണ്. ലോകത്തിലെ മൊത്തം ജല സ്രോതസ്സുകളുടെ കണക്കു പരിശോധിച്ചാൽ 2.5% മാത്രമാണ് ശുദ്ധ ജലത്തിന്റെ അളവ്. എന്നാൽ ഉയർന്നു വരുന്ന ജനസംഖ്യ, ആഗോള താപനം, കാലാവസ്ഥാ വ്യതിയാനം, നഗര വൽക്കരണം എന്നിവയുടെ ഭാഗമായി ശുദ്ധജലത്തിന്റെ അളവും ലഭ്യതയും കുറയുന്നു. ഈ സാഹചര്യത്തിൽ 2030 ഓടെ എല്ലാവർക്കും ശുദ്ധജലം, ശുചിത്വം എന്ന ആഗോള സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുക അപ്രായോഗികമായിരിക്കും. ആഗോളതലത്തിൽ എല്ലാ രാജ്യങ്ങളും ഈ ലക്ഷ്യത്തിൽ ഊന്നിയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ടെങ്കിലും വേണ്ട രീതിയിലുള്ള ജനപങ്കാളിത്തവും ജനസ്വീകാര്യതയും, ലഭിക്കുന്നില്ല എന്നത് പരിശേധനയ്ക്ക് വിധേയമാക്കേണ്ടതാണ്.
ലോകാരോഗ്യ സംഘടനയുടെ 2019 ലെ കണക്കു പ്രകാരം, ആഗോളതലത്തിൽ 220 കോടി ആളുകൾക്ക് സുരക്ഷിതമായ കുടിവെള്ളo ലഭിക്കുന്നില്ല. അതിന്റെ ഭാഗമായി 420 കോടി ജനങ്ങൾക്ക് സുരക്ഷിതമായ ദൈനംദിന ശുചിത്വ പ്രവർത്തനങ്ങളിൽ ഏർപ്പെടുവാൻ കഴിയുന്നില്ല. 20.7 കോടി ആളുകൾ ഒരു കുടം ജലത്തിനായി ദിനം പ്രതി 30 മിനിറ്റ് നടക്കുന്ന സാഹചര്യം നിലനിൽക്കുന്നു. ശുചിത്വവും സുരക്ഷിതവുമല്ലാത്ത കുടിവെള്ളം മൂലം പ്രതിദിനം 800-ൽ കൂടുതൽ കുട്ടികൾ ( 5 വയസ്സിന് താഴെ) വയറിളക്കരോഗങ്ങൾ മൂലം മരിക്കുന്നു. ഇന്ത്യയിലും സ്ഥിതി വ്യത്യസ്ഥമല്ല. 2ലക്ഷം ആളുകൾ പ്രതിവർഷം ശുദ്ധജലത്തിന്റെ അഭാവം മൂലം മരിക്കുന്നു. കൂടാതെ രാജ്യത്തിലെ 21% രോഗങ്ങളും ശുദ്ധജലത്തിന്റെ കുറവ് മൂലം ഉണ്ടാവുന്നു എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. 2050 ആവുമ്പോഴേക്കും ഡൽഹി, കേരളത്തിലെ കോഴിക്കോട്, കൊച്ചി ഉൾപ്പെടെ 20 നഗര പ്രദേശങ്ങളിൽ ജലക്ഷാമം അതിരൂക്ഷമാവാനുള്ള സാധ്യതയും വിദഗദ്ർ ചൂണ്ടികാട്ടുന്നു.
ഇന്ത്യയിൽ 51 % ആളുകൾക്ക് സുരക്ഷിതമായ കുടി വെള്ളം ലഭിക്കുമ്പോൾ കേരളത്തിൽ 29.1 % ആളുകൾക്ക് മാത്രമാണ് ആവശ്യമായ ശുദ്ധജലം ലഭിക്കുന്നത്. നീതി ആയോഗിൻ്റെ 2019 ലെ കോപോസിറ്റ് വാട്ടർ ഇൻഡക്സ് അനുസരിച്ച് ജലവിഭവങ്ങളുടെ മാനേജ്മെൻ്റിൽ കേരളം താഴ്ന്ന നിലവാരം പുലർത്തുന്ന സംസ്ഥാനങ്ങളുടെ കൂട്ടത്തിലാണ്. ഇതിൽ കേരളത്തിൻ്റെ സ്കോർ 50 ആയപ്പോൾ ഗുജറാത്ത് അന്ധ്രാപ്രദേശ് മദ്ധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ യഥാക്രമം 75, 74, 70 നേടി ഉയർന്ന നിലവാരത്തിൽ എത്തി. ഈ സാഹചര്യത്തിൽ എല്ലാവർക്കും ആവശ്യമായ ജലം ലഭ്യമാക്കുന്നതിനും, പാരിസ്ഥിതിക സന്തുലനവസ്ഥാ കൈവരിക്കുന്നതിനും സുസ്ഥിര ജല വിഭവ മാനേജ്മെന്റിന്റെ പ്രാധാന്യം ഏറുന്നത്. ജല സ്രേതസ്സുകളുടെ ആവശ്യകതയും വിതരണവും സന്തുലിതമാക്കുന്നതിന് വിവിധ സംസ്ഥാനങ്ങൾ ജല നികുതി, മലിനീകരണ നിയന്ത്രണ നികുതി, ജലസാക്ഷരത, മഴവെള്ളസംഭരണം തുടങ്ങിയ വിവിധ ജലസംരക്ഷണ രീതികൾ നടപ്പിലാക്കുന്നു. ജലം ഒരു സംസ്ഥാന വിഷയവും, മാനുഷികവിഷയവും ആയതിനാൽ നിലവിലെ നിയന്ത്രണങ്ങൾക്കൊപ്പം അറിവിലുടെയും അവബോധത്തിലുടെയും ജനങ്ങളെ ശാക്തികരിക്കുക എന്നത് പ്രധാനമാണ്. ഇവിടെയാണ് ജല സാക്ഷരതയുടെ പ്രസക്തി.
“ജല സാക്ഷരത” ജലത്തിന്റെ ഉപയോഗം, ജലവുമായി ബന്ധപ്പെട്ട വിഷയങ്ങളെ കുറിച്ചും , അവ പാരിസ്ഥിതിയിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളെ കുറിച്ചും ഒരു വ്യക്തിക്കുള്ള അറിവ്, അവബാധം , ഉൽക്കണ്ഠ എന്നിവയുടെ ഉൾക്കാഴ്ചയെ കുറിച്ചുള്ള പ്രവർത്തന ക്ഷമമായ ധാരണ നൽകുന്നു. ഇത് ജല സംരക്ഷണ പ്രവർത്തന നയരൂപികരണത്തിന് സഹായകമാകുന്നു.
ലേഖകൻ പാലക്കാട് ജില്ലയിൽ ജല സാക്ഷരതയുടെ ഘടകങ്ങളായ അറിവ് , അവബോധം, ജലസംരക്ഷണ പ്രവർത്തനങ്ങളോടുള്ള മനോഭാവം ,ജല സംരക്ഷണ പ്രവർത്തനങ്ങൾ എന്നിവ പരിശോധിച്ചപ്പോൾ ഉയർന്ന അറിവും അവബോധവും ഉണ്ടായിട്ടും മാതൃകാപരമായ ജലസംരക്ഷണ പ്രവർത്തനങ്ങൾ ഉണ്ടാകുന്നില്ലെന്ന് കണ്ടെത്തി. ജല സംരക്ഷണ പ്രവർത്തനങ്ങളിൽ ജനപങ്കാളിത്ത കുറവ് മേഖലയിലെ ജലക്ഷാമത്തിനു പ്രധാന കാരണമാണെന്നും കണ്ടെത്തി.
ഈ സാഹചര്യത്തിൽ ഈ വർഷത്തെ ആഗോള ജല ദിനത്തിൻറെ പ്രധാന ആശയമായ “ജലത്തെ വിലമതിക്കുക ” എന്ന ലക്ഷ്യം കൈവരിക്കണമെങ്കിൽ ജനങ്ങളിൽ ജലത്തിൻറെ മൂല്യത്തെ കുറിച്ചുള്ള അറിവും അവബോധവും ഉണ്ടാക്കിയെടുക്കണം. ഇതിന് 2018 ൽ കേരളത്തിൽ സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കിടയിൽ ആരംഭിച്ച ജലസാക്ഷരത ശക്തിപ്പെടുത്തേണ്ടതും വ്യാപിപ്പിക്കേണ്ടതും അത്യന്താപേക്ഷിതമാണ്.
വിജയകിരൺ : റിസർച്ച് സ്കോളർ , ഡിപ്പാർട്മെൻറ് ഓഫ് എക്കണോമിക്സ്, യൂണിവേഴ്സിറ്റി ഓഫ് കേരള
Leave a Reply