ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ബ്രിട്ടണിലെ സ്കൂളിൽ കുട്ടികൾക്കെതിരെ നടന്ന ലൈംഗിക അതിക്രമങ്ങളെ സംബന്ധിച്ച ചർച്ചകൾ രാജ്യമെമ്പാടും നടക്കുകയാണ്. ദേശീയ വിവാദമായി ഈ വിഷയം മാറി കഴിഞ്ഞെന്ന് പോലീസ് അധികൃതർ വ്യക്തമാക്കി. പോലീസ് ഇതിനായി ഒരു ഹെൽപ്പ് ലൈനും തുടങ്ങിയിട്ടുണ്ട്. നിരവധി പേരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. പരാതിക്കാർക്ക് എല്ലാം തന്നെ ആവശ്യമായ സംരക്ഷണം ഉറപ്പു നൽകുമെന്ന് മന്ത്രി അറിയിച്ചു.’എവെരിവൺ ഈസ് ഇൻവൈറ്റെഡ് ‘ എന്ന പേരിലുള്ള വെബ്സൈറ്റിൽ നിരവധി പേരാണ് തങ്ങൾക്ക് സംഭവിച്ച ദുരനുഭവങ്ങളെപ്പറ്റി പരാതി നൽകിയിരിക്കുന്നത്.
നിലവിൽ ആറായിരത്തോളം പരാതികളാണ് ലഭിച്ചിരിക്കുന്നത് എന്നാണ് അധികൃതർ അറിയിക്കുന്നത്. വളരെ ചെറിയ കുട്ടികൾപോലും പരാതി നൽകിയവരിൽ ഉൾപ്പെടുന്നു. സ്കൂൾ ക്യാമ്പസുകളിലും മറ്റു കുട്ടികളിൽ നിന്നും അവർ അനുഭവിക്കുന്ന ലൈംഗികപരമായ അതിക്രമങ്ങളാണ് പരാതിയിൽ ഉൾപ്പെടുന്നത്.
ചിലർ തങ്ങളുടെ പേര് നൽകാതെയും വെബ്സൈറ്റിൽ പരാതികൾ ഉന്നയിച്ചിട്ടുണ്ട്. എന്നാൽ സ്കൂളുകളുടെ പേര് മിക്കവാറും എല്ലാവരും തന്നെ വ്യക്തമായി വെളിപ്പെടുത്തിയിട്ടുണ്ട്. മയക്കുമരുന്ന് നൽകി പാർട്ടികളിലും മറ്റും കൊണ്ടുപോയി തങ്ങളെ ഉപദ്രവിച്ചതായി പല കുട്ടികളും പരാതികളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ് ഇത്തരം പരാതികൾ സ്വീകരിക്കുന്നതിനായി ഒരു ഹെൽപ്പ് ലൈൻ അടുത്ത ആഴ്ച മുതൽ ആരംഭിക്കുന്നതാണ്. ഇതിലേക്ക് എല്ലാവരും തങ്ങളുടെ പരാതികൾ നൽകണമെന്ന് പോലീസ് അധികൃതർ ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള അതിക്രമങ്ങൾ ഒരിക്കലും അനുവദിക്കാൻ പാടില്ലെന്ന് നാഷണൽ പോലീസ് ചീഫ് കൗൺസിൽ, ചീഫ് കോൺസ്റ്റബിൾ സൈമൺ ബെയിലി വ്യക്തമാക്കി.
Leave a Reply