ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഇന്ത്യയിലേക്കുള്ള ഔദ്യോഗിക പര്യടനം റദ്ദാക്കിയ ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചൊവ്വാഴ്ച വെർച്വൽ മീറ്റിംഗ് നടത്തി. രാജ്യങ്ങൾ തമ്മിൽ ശക്തമായ ബന്ധം സ്ഥാപിക്കുന്നതിനായി പ്രവർത്തിക്കുമെന്ന് ഇരു നേതാക്കളും പ്രതിജ്ഞയെടുത്തു. യൂറോപ്യൻ യൂണിയന് മുമ്പ് തന്നെ ഇന്ത്യയുമായി സമ്പൂർണ്ണ സ്വതന്ത്ര വ്യാപാര കരാർ ഉണ്ടാക്കാൻ ബ്രിട്ടീഷ് സർക്കാർ ആഗ്രഹിക്കുന്നുണ്ട്. ഈ സംരംഭത്തിന്റെ ഭാഗമായി, ഇന്ത്യയിലെ യുവാക്കൾക്ക് രണ്ട് വർഷം വരെ രാജ്യത്ത് താമസിക്കാനും ജോലിചെയ്യാനുമുള്ള അനുമതി ബ്രിട്ടൻ ഉറപ്പാക്കും. 18-30 വയസ്സിനിടയിലുള്ള മൂവായിരത്തോളം ഇന്ത്യൻ ബിരുദധാരികൾക്ക് ഓരോ വർഷവും യുകെയിൽ പ്രവേശിക്കാനുള്ള അനുമതി നൽകും. അവർക്ക് ഇവിടെ ജോലി തേടാനും 24 മാസം വരെ താമസിക്കാനും കഴിയും. ഇന്ത്യയിൽ താമസിക്കാനും ജോലിചെയ്യാനും ആഗ്രഹിക്കുന്ന യുവ ബ്രിട്ടീഷുകാർക്കും ഇത് ബാധകമാണ്. ഇതിനെ പിന്തുണയ്ക്കുന്ന പുതിയ മൊബിലിറ്റി ആൻഡ് മൈഗ്രേഷൻ എഗ്രിമെന്റ് ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു.
ഡിഗ്രി/ ഡിപ്ളോമ യോഗ്യത ഉള്ളവരെയാണ് പ്രധാനമായും പരിഗണിക്കുന്നത്. രണ്ടു വർഷത്തിനു ശേഷം ഇവർ സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങേണ്ടതുണ്ട്. മൊബിലിറ്റി ആൻഡ് മൈഗ്രേഷൻ സ് കീം അനുസരിച്ച് ബ്രിട്ടനിലെത്താൻ താല്പര്യമുള്ളവർ 2,530 പൗണ്ട് സേവിംഗ് സ് തങ്ങളുടെ കൈവശമുണ്ടെന്ന് തെളിയിക്കണം. ഇപ്പോൾ ഈ പദ്ധതി പ്രകാരം ഓസ്ട്രേലിയ, ക്യാനഡ, ഹോങ്കോങ്ങ്, ജപ്പാൻ, ന്യൂസിലൻഡ്, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളിലെ യുവാകൾക്ക് മാത്രമേ ബ്രിട്ടനിൽ തുടരാൻ അനുവാദമുള്ളൂ. ഇരു രാജ്യങ്ങളിലെയും ചെറുപ്പക്കാർക്ക് വിവിധ സംസ് കാരങ്ങളിൽ ജീവിക്കാനും ജോലി ചെയ്യാനും സഹായകമാകുന്നതാണ് പുതിയ പദ്ധതി. നിയമവിരുദ്ധ കുടിയേറ്റക്കാരെ നീക്കംചെയ്യാനും ഇത് യുകെയെ സഹായിക്കും. ബ്രെക് സിറ്റിന് ശേഷം മൈഗ്രേഷന്റെ എണ്ണം കുറയ്ക്കാനാണ് യുകെ സർക്കാർ ലക്ഷ്യമിടുന്നത്. മികച്ച വിദ്യാഭ്യാസമുള്ളവരെയും ഉയർന്ന ശമ്പളമുള്ള പ്രൊഫഷണലുകളെയും നിലനിർത്തുന്ന പോയിൻറ് അധിഷ്ഠിത സംവിധാനത്തിലൂടെ കൂടുതൽ വിദഗ് ധ തൊഴിലാളികളെ കൊണ്ടുവരാനും ശ്രമിക്കുന്നുണ്ട്.
വിവിധ വ്യാപാര കരാറുകളിൽ ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി ഇന്ത്യയും ബ്രിട്ടണും ഒരു ബില്യൺ പൗണ്ടിൻ്റെ വ്യാപാര കരാർ ഒപ്പുവച്ചു. ഇന്ത്യ അഭിമുഖീകരിക്കുന്ന ഭയാനകമായ സാഹചര്യത്തിൽ ബ്രിട്ടീഷുകാർ ഇന്ത്യയ്ക്ക് നൽകിയ പിന്തുണയെക്കുറിച്ച് പ്രധാനമന്ത്രി പരാമർശിച്ചു. അടുത്ത ദശകത്തിൽ ഈ ബന്ധം കൂടുതൽ ശക്തമാകുമെന്ന് ജോൺസൻ ഉറപ്പിച്ചു പറഞ്ഞു. കാരണം ഇരു രാജ്യങ്ങളും തങ്ങളുടെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും ആഗോള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഒരുമിച്ച് പ്രവർത്തിക്കുവാൻ ഒരുങ്ങിക്കഴിഞ്ഞു.
Leave a Reply