ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ലണ്ടൻ മേയറായി രണ്ടാം തവണയും സാദിഖ് ഖാൻ തെരഞ്ഞെടുക്കപ്പെട്ടു. ടോറി എതിരാളിയായ ഷോൺ ബെയ് ലിയെ പരാജയപ്പെടുത്തിയാണ് അദ്ദേഹം വീണ്ടും മേയർ സ്ഥാനത്ത് എത്തിയിരിക്കുന്നത്. 55.2% ശതമാനം വോട്ടാണ് സാദിഖ് ഖാൻ നേടിയത്. ഷോൺ ബെയ് ലി 44.8 ശതമാനം വോട്ട് മാത്രമാണ് നേടിയത്. എന്നാൽ സാദിഖ് ഖാൻ അഞ്ചു വർഷം മുന്നേ നേടിയ വോട്ട് വിഹിതത്തിൽ കുറവ് വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ വിജയം ഏകദേശം ജനങ്ങൾ എല്ലാവരും തന്നെ പ്രതീക്ഷിച്ചിരുന്നു.

തന്നെ വീണ്ടും തിരഞ്ഞെടുത്ത ജനങ്ങൾക്ക് നന്ദി പറഞ്ഞ് ട്വിറ്ററിൽ സാദിഖ് ഖാൻ ട്വീറ്റ് ചെയ്തു. അടുത്ത മൂന്നു വർഷം കൂടി ഭരിക്കുവാൻ അവസരം ലഭിച്ചതിൽ താൻ ഭാഗ്യവാനാണ് എന്ന് അദ്ദേഹം കുറിച്ചു. തനിക്ക് ചെയ്യാൻ സാധിക്കുന്നതിന്റെ പരമാവധി നഗരത്തിനു വേണ്ടി ചെയ്യുമെന്ന് അദ്ദേഹം ഉറപ്പു നൽകി. പകർച്ച വ്യാധിയ്ക്ക് ശേഷമുള്ള ഒരു പ്രതീക്ഷ നൽകുന്ന ഭാവിയെക്കുറിച്ച് അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. ഭിന്നിപ്പിക്കുന്ന മതിലുകളല്ല, മറിച്ച് യോജിപ്പിക്കുന്ന പാലങ്ങളാണ് ഉണ്ടാകേണ്ടതെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി.

നിരവധി പ്രതിസന്ധികളിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. അതിൽനിന്നെല്ലാം വിജയം നേടേണ്ടത് നമ്മുടെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ശക്തമായ പോരാട്ടമാണ് ഇരു സ്ഥാനാർഥികളും തമ്മിൽ ഉണ്ടായിരുന്നത്. അദ്ദേഹത്തിന്റെ ഭരണം ലണ്ടൻ നഗരത്തിന് കൂടുതൽ വികസനങ്ങൾ നൽകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.
 
	 
		

 
      
      



 
               
               
              




 
            
Leave a Reply