ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇന്ത്യയിൽ മാത്രമല്ല ഒട്ടുമിക്ക വികസ്വര രാജ്യങ്ങളിലും കോവിഡ് രണ്ടാംതരംഗം പിടിമുറുക്കി. മിക്ക വികസ്വര രാജ്യങ്ങളുടെയും ആരോഗ്യ സംവിധാനങ്ങൾ കോവിഡ് രോഗികളുടെ ആധിക്യം കാരണം താറുമാറായി. തെക്ക് കിഴക്കൻ ഏഷ്യയിലെ ലാവോസ് മുതൽ തായ് ലൻഡ് വരെയുള്ള രാജ്യങ്ങളും ഇന്ത്യയുടെ അതിർത്തി പങ്കിടുന്ന നേപ്പാൾ, ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങളിലും കഴിഞ്ഞ ഏതാനും ആഴ്ചകളായി രോഗവ്യാപനം ഗണ്യമായ രീതിയിൽ ഉയരുന്നതിൻെറ വിവരങ്ങളാണ് പുറത്തുവരുന്നത്. ജനിതക മാറ്റം വന്ന വൈറസുകളുടെ സാന്നിധ്യം രോഗം വേഗത്തിൽ പകരുന്നതിനും മരണനിരക്ക് കൂടുന്നതിനും കാരണമാകുന്നുണ്ടെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. പല വികസ്വര രാജ്യങ്ങളിലും ഒരുമാസത്തിനിടെ കേസുകളുടെ എണ്ണം 200 ഇരട്ടിയിലധികം ഉയർന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. പലയിടത്തും ഓക്സിജൻെറയും ആരോഗ്യ സംവിധാനങ്ങളുടെയും അഭാവം മരണനിരക്ക് ഉയരാൻ കാരണമായിട്ടുണ്ട്.
യുകെ, യുഎസ് പോലുള്ള വികസിത രാജ്യങ്ങളിൽ ആദ്യം കോവിഡ് പിടിമുറുക്കിയെങ്കിലും യുദ്ധകാലടിസ്ഥാനത്തിൽ പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകിയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും കോവിഡിൻെറ രണ്ടാം തരംഗത്തെ നേരിടുന്നതിൽ വിജയിച്ചു. എന്നാൽ ഇന്ത്യ പോലുള്ള രാജ്യങ്ങൾ ഒന്നാം തരംഗത്തെ നേരിട്ടതിനുശേഷം തികച്ചും അലംഭാവം കാട്ടിയതായി രാജ്യാന്തര മെഡിക്കൽ ജേർണലായ ലാൻസെറ്റ് കുറ്റപ്പെടുത്തി. വികസിത രാജ്യങ്ങൾ ശാസ്ത്രീയമായ വിശകലനത്തിലൂടെ കോവിഡിനെ പ്രതിരോധിക്കാൻ ശ്രമിച്ചപ്പോൾ മൂന്നാംലോക രാജ്യങ്ങളിൽ പലരും രാഷ്ട്രീയ നേതൃത്വത്തിൻെറ വീക്ഷണങ്ങളിലൂടെയാണ് മുന്നോട്ടുപോയത്. ഇന്ത്യയിൽ തന്നെ ആഘോഷങ്ങൾക്ക് അനുമതി നൽകിയതും ലക്ഷക്കണക്കിന് ജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് രാഷ്ട്രീയ മത റാലികൾ നടത്തിയതും കോവിഡിൻെറ രണ്ടാംതരംഗം ആഞ്ഞടിക്കുന്നതിന് കാരണമായതായി വിദഗ്ധർ ചൂണ്ടികാണിക്കുന്നു. രാജ്യത്തെ ഒട്ടുമിക്കവരും ആർജ്ജിത പ്രതിരോധശേഷി നേടിയെന്ന പ്രചാരണം ജനങ്ങളെ ജാഗ്രത കൈവെടിയാൻ ധൈര്യം നൽകിയത് രോഗവ്യാപനം തീവ്രമാകാൻ കാരണമായതായി വിലയിരുത്തപ്പെടുന്നു.
Leave a Reply