വിജയ കിരൺ

കോവിഡ്19 ന്റെ രണ്ടാം തരംഗം ജീവിതത്തെ വീണ്ടും ഗുരുതരാവസ്ഥയിലാക്കി, പ്രത്യേകിച്ച് ഇന്ത്യയിൽ. ലോകത്തിലെ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ അമേരിക്കയെ മറികടന്ന് ഇന്ത്യ ഒന്നാമത് എത്തി . മെയ് എട്ടിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം പ്രതിദിനം 414188 കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട്ചെയ്യുന്നത് . ഇതിൽ 70 ശതമാനത്തിലധികം കേസുകളും റിപ്പോർട്ട് ചെയ്യുന്നത് കേരളം, ദില്ലി, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട്, കർണാടകതുടങ്ങി 10 സംസ്ഥാനങ്ങളിലാണ്എന്നത്ആശങ്ക ഉണ്ടാക്കുന്നു. ആദ്യതരംഗവുമായി താരതമ്യപ്പെടുത്തുമ്പോൾ രണ്ടാംതരംഗത്തിന്റെ വ്യപനം അതിതീവ്രമാണ്. കേരളം, കർണാടകം , ഡൽഹി തുടങ്ങിയ പല സംസ്ഥാനങ്ങളും സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനാൽ ഈ ലേഖനം പ്രധാനമായും നിലവിലെ കോവിഡ് സാഹചര്യത്തെ മറികടക്കുന്നതിനുള്ള ഒരു ഉപാധിയായി സമ്പൂർണ അടച്ചിടലിനെ കാണുവാൻ സാധിക്കുമോ അല്ലെങ്കിൽ നമുക്കു മുൻപിലുള്ള മറ്റുവഴികൾ എന്താണ് എന്നിവയെ കുറിച്ച് വിശകലനം നടത്തുന്നു.

ഇന്ത്യയിൽ ആദ്യത്തെ കേസ് 2020 ജനുവരി 27ന് കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. കേസുകൾ ക്രമേണ വർദ്ധിക്കുകയും മാർച്ച് 24ന് 104 കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യുകയും ചെയ്തു. പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഉയർന്ന കണക്കായിരുന്നു അത്. ആ ദിവസം 19 ദിവസത്തേക്ക് രാജ്യം ദേശീയ ലോക്ക്ഡൗണിലേക്ക് നീങ്ങി. അത് 2020 ജൂൺ 08, വരെ തുടർന്നു. എന്നാൽ ഇന്ത്യയിൽ പ്രതിദിന കേസുകളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിരുന്നുവെങ്കിലും വളർച്ചാ നിരക്ക് കുറവായിരുന്നു മറ്റുരാജ്യങ്ങളെ അപേക്ഷിച്ച്. 2020 നവംബർ 06 ന് അമേരിക്കയിൽ പ്രതിദിനം ഒരുലക്ഷം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. എന്നാൽ ഒരുലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്യാൻ ഇന്ത്യ ഒരുവർഷത്തിലധികം എടുത്തു. അതുവരെയുള്ള ആദ്യത്തെ ഉയർന്ന പ്രതിദിന കണക്കായ 103538 പുതിയ കേസുകൾ 2021 ഏപ്രിൽ 05 ന് റിപ്പോർട്ട് ചെയ്യപ്പെട്ടു. എന്നാൽ ഉയർന്ന ആത്മവിശ്വാസം, നിയന്ത്രണ സംവിധാനത്തിലെ പാകപ്പിഴവുകൾ, ജീവിതം സാധാരണ അവസ്ഥയിലെത്തുകയും അടിസ്ഥാനപരവും സാമൂഹികവുമായ അകലം നഷ്ടപ്പെടുകയും ചെയ്തപ്പോൾ ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിദിനകണക്കായ 402270 എന്ന അമേരിക്കയുടെ റെക്കോർഡ് ഇല്ലാതാക്കാൻ ഇന്ത്യയ്ക്ക് വെറും മൂന്നു മാസം മാത്രം മതിയായിരുന്നു. ചിത്രം ഒന്നിൽ നിന്ന് ഇത് കൂടുതൽ വ്യക്തമാണ്.

എന്നാൽ സമ്പൂർണ അടച്ചിടൽ സാമ്പത്തിക മേഖലയിൽ ഉണ്ടാക്കിയ ആഘാതം വളരെ വലുതായിരുന്നു. കാർഷിക മേഖല ഒഴിച്ചാൽ സമസ്തമേഖലകളിലും വളർച്ചാനിരക്ക് നെഗറ്റീവ് ആയിരുന്നു. എന്നാൽ അതേ സമയം കോവിഡിൻെറ പ്രഭവ കേന്ദ്രമായ ചൈനയിൽ പോലും 2.3 ആയിരുന്നു വളർച്ച നിരക്ക്. 4 കോടി ജനങ്ങളെ ദാരിദ്രത്തിലേക്ക് നയിക്കുന്നതിൽ ഇന്ത്യയിലെ സമ്പൂർണ അടച്ചിടൽ കാരണമായി എന്നാണ് അന്താരാഷ്ട്ര നാണയനിധിയുടെ കണ്ടെത്തൽ. വിഭജനശേഷം ഇന്ത്യകണ്ട ഏറ്റവും വലിയ പാലായനത്തിനാണ് രാജ്യം കോവിഡ് കാലത്ത് സാക്ഷ്യം വഹിച്ചത്. എന്നാൽ 2020 നെ അപേക്ഷിച്ച് 2022 ൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 6.9 ശതമാനംവളർച്ച നേടുമെന്നാണ് അന്താരാഷ്ട്ര നാണയനിധിയെ പോലുള്ള സ്ഥാപനങ്ങളുടെ പ്രവചനം. എന്നാൽ രണ്ടാം കോവിഡ് വ്യാപനവും സമ്പൂർണ അടച്ചിടൽ സൂചനകളും ഈ പ്രവചനങ്ങളിൽ ആശങ്ക രേഖപ്പെടുത്തുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വൈറസ് വ്യാപനം ഇല്ലാതാക്കാനുള്ള ദീർഘകാല നടപടി എന്നതിലുപരി വൈറസ് വ്യാപനത്തിന്റെ വേഗത കുറയ്ക്കുന്നതിനുള്ള ഒരുഹ്രസ്വകാല ഉപാധിയായി മാത്രമേ സമ്പൂർണ അടച്ചിടലിനെ കാണാവൂ. എല്ലാവരിലും വാക്സിൻ നല്കി കൊണ്ടു മാത്രമേ ഈമഹാവിപത്തിൽ നിന്നും കരകയറാൻ സാധിക്കൂ. വാക്സിൻ എങ്ങനെ രാജ്യത്തിനും ജനങ്ങൾക്കും പ്രയോജനപ്പെടും എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇസ്രായേൽ. മാസ്ക് നിർബന്ധമല്ലാത്ത ലോകത്തിലെ ആദ്യത്തെ രാജ്യമാണ് ഇസ്രായേൽ. ഈ പ്രഖ്യാപനത്തിനുള്ള പ്രധാന കാരണം ജനസംഖ്യയുടെ 60 ശതമാനത്തോളം പേർക്ക് ആദ്യ തവണ വാക്സിൻ ലഭിച്ചു, 56 ശതമാനം പേർക്ക് ഇതിനകം തന്നെ രണ്ട് വാക്സിൻ ഡോസുകളും ലഭിച്ചു എന്നതുകൊണ്ടാണ്. എന്നാൽ ഇന്ത്യയിൽ ഇതുവരെ വാക്സിൽ ലഭ്യമായത് വെറും 12.17 ശതമാനം ആളുകൾക്ക് മാത്രം. അതിൽ ഒരു ഡോസ് ലഭിച്ചത് 10.17 ശതമാനം പേർക്കും, രണ്ട് ഡോസ് ലഭിച്ചത് 2.60 ശതമാനം പേർക്ക് മാത്രം.

ഇന്ത്യയിൽ ലോക്ക്ഡൗൺ ഒരുപ്രാഥമിക ആരോഗ്യനയമായും , വാക്സിൻനയം അതിനുപിന്നിലേക്ക് പോവുന്ന ഒരു സ്ഥിതി വിശേഷമാണ് കാണുന്നത്. ഇത്തരം നയവ്യതിയാനം ആരോഗ്യമേഖലയോടൊപ്പം സാമ്പത്തികമേഖലയിലും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകും എന്നതിൽ ഒരു സംശയവും വേണ്ട. അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ആരോഗ്യമേഖലയിൽ അടിസ്ഥാന വികസനത്തിനു ഊന്നൽ നൽകാത്തതും നിലവിലെ സ്ഥിതി സങ്കീർണമാക്കി. അതിനാൽ ഈ യുദ്ധത്തിൽ വിജയിക്കാനുള്ള ഒരേയൊരു വിജയമന്ത്രം എല്ലാവർക്കും വാക്സിൻ എത്തിക്കുക എന്നതാണ്.

 

വിജയകിരൺ : റിസർച്ച് സ്കോളർ , ഡിപ്പാർട്മെൻറ് ഓഫ് എക്കണോമിക്സ്, യൂണിവേഴ്സിറ്റി ഓഫ് കേരള