ഉത്തര്‍പ്രദേശിലെ ബലിയയില്‍ പെട്രോളും ടയറും ഉപയോഗിച്ച് മൃതദേഹം സംസ്‌കരിച്ച സംഭവത്തില്‍ അഞ്ച് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. ഗംഗാ നദിയില്‍ മൃതദേഹങ്ങള്‍ ഒഴുകിയെത്തിയ ബലിയയിലെ മാല്‍ദേവ് ഘട്ടിലാണ് മൃതദേഹങ്ങള്‍ ഇത്തരത്തില്‍ പൊലീസിന്റെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചത്. സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇന്ത്യ ടുഡേയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും സര്‍ക്കാര്‍ ഉത്തരവിട്ടു. രണ്ട് ദിവസം മുമ്പും നദിയിലൂടെ മൃതദേഹങ്ങള്‍ ഒഴുകിയെത്തിയിരുന്നു. വിവരമറിഞ്ഞ പൊലീസ് ഉടന്‍ സ്ഥലത്തെത്തി മൃതദേഹം പെട്രോളും ടയറും ഉപയോഗിച്ച് കത്തിച്ചു.

നദിയില്‍ മൃതദേഹങ്ങള്‍ തള്ളുന്നത് തടയാന്‍ പൊലീസ് പട്രോള്‍ ശക്തമാക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടതിന് പിന്നാലെയാണ് സംഭവം. മൃതദേഹങ്ങള്‍ എല്ലാ ആദരവോടെയും സംസ്‌കരിക്കണമെന്നും ഇതിനുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.