ന്യൂസ് ഡെസ്ക് മലയാളം യുകെ
യുദ്ധകാലാടിസ്ഥാനത്തിൽ പ്രതിരോധകുത്തിവെയ്പ്പുകൾ നൽകിയും ലോക്ഡൗൺ നിയന്ത്രണങ്ങളാലും രോഗവ്യാപനവും മരണനിരക്കും നിയന്ത്രണവിധേയമായി വന്നപ്പോഴാണ് പുതിയ ഭീഷണിയായ ജനിതകമാറ്റം വന്ന ഇന്ത്യൻ വൈറസ് വകഭേദം രാജ്യത്ത് പ്രത്യക്ഷപ്പെട്ടത്. എൻഎച്ച്എസിൻെറ ടെസ്റ്റ് ആൻഡ് ട്രേസ് സിസ്റ്റത്തിൻെറ പരാജയമാണ് പുതിയ വൈറസിൻെറ വ്യാപനത്തിന് വഴിവെച്ചതെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. ഏപ്രിൽ, മെയ് മാസങ്ങളിലെ മൂന്നാഴ്ച കാലത്തോളം പ്രാദേശിക ഭരണകൂടത്തിന് കോവിഡ് പോസിറ്റീവ് ആയവരുടെ വിവരങ്ങൾ ലഭ്യമായിരുന്നില്ല എന്നാണ് പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. രോഗബാധിതരിൽ പലരും കോവിഡ് പോസിറ്റീവായത് ഇന്ത്യൻ വൈറസ് വകഭേദം മൂലമാണെന്നത് സ്ഥിതി രൂക്ഷമായതിൻെറ മുഖ്യ കാരണമെന്ന് വിലയിരുത്തപ്പെടുന്നു. പോസിറ്റീവായവരുടെ സമ്പർക്ക പട്ടികയിൽ വന്ന ആൾക്കാർക്ക് ഒറ്റപ്പെടലിന് വിധേയമാകാനുള്ള മുന്നറിയിപ്പ് നൽകുന്നതിൽ കാലതാമസം നേരിട്ടതും സ്ഥിതി വഷളാകാൻ കാരണമായിട്ടുണ്ട്.
ഏപ്രിൽ 21 നും മെയ് 11 നും ഇടയിൽ എൻഎച്ച്എസ് ടെസ്റ്റ് ആൻഡ് ട്രേസ് സിസ്റ്റം വളരെ കുറച്ച് കൊറോണാ വൈറസ് കേസുകൾ മാത്രമേ റിപ്പോർട്ട് ചെയ്തിട്ടുള്ളു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. മെയ് 11നാണ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ 734 പോസിറ്റീവ് കേസ് ഇതുവരെ റിപ്പോർട്ട് ചെയ്തില്ല എന്ന വിവരം പുറത്തു വിടുന്നത്. ഈ സമയത്തിനുള്ളിൽ കോവിഡ് രോഗികളുടെ സമ്പർക്ക പട്ടികയിലുള്ള ഒട്ടേറെ പേർക്ക് കോവിഡ് ബാധിച്ചതാണ് സ്ഥിതി ഗുരുതരമാകാൻ കാരണം. ഇന്ത്യൻ വേരിയന്റിൻെറ 2967 കേസുകളാണ് യുകെ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
Leave a Reply