ലണ്ടൻ : ബ്രിട്ടീഷ് രാജകുടുംബത്തിന് മേൽ ഇടിത്തീയായി പതിച്ച ഡയാന രാജകുമാരിയുടെ അഭിമുഖത്തിനെതിരെ വില്യം രാജകുമാരൻ. 1995ൽ ബിബിസി പനോരമ നടത്തിയ അഭിമുഖം വലിയ വിവാദങ്ങൾക്ക് വഴി തുറന്നിരുന്നു. എന്നാൽ വ്യാജ രേഖകൾ ഉപയോഗിച്ച് ഡയാനയെ തെറ്റിദ്ധരിപ്പിച്ചാണ് മാർട്ടിൻ ബഷീർ അഭിമുഖം നടത്തിയെന്ന അന്വേഷണ റിപ്പോർട്ട് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. റിപ്പോർട്ടരുടെ വഞ്ചന ഡയാന രാജകുമാരിയുടെ ജീവിതത്തെ സാരമായി ബാധിച്ചുവെന്നും തന്റെ മാതാപിതാക്കളുടെ ബന്ധം കൂടുതൽ വഷളാക്കുന്നതിൽ ഈ അഭിമുഖം പ്രധാന പങ്കുവഹിച്ചുവെന്നും വില്യം കുറ്റപ്പെടുത്തി. തെറ്റായ വിവരങ്ങൾ ഫലപ്രദമായി സ്ഥാപിച്ചെടുത്ത് കാൽനൂറ്റാണ്ടിലേറെയായി ബിബിസിയും മറ്റുള്ളവരും വാണിജ്യവത്ക്കരിക്കുകയായിരുന്നുവെന്ന് വില്യം കൂട്ടിച്ചേർത്തു.
സംഭവത്തിൽ മാപ്പ് പറഞ്ഞ് രാജ്ഞിയ്ക്കും വില്യം, ഹാരി എന്നിവർക്കും ബിബിസി കത്തയച്ചെങ്കിലും ഫലമുണ്ടായില്ല. അഭിമുഖം സുരക്ഷിതമാക്കാൻ മാർട്ടിൻ ബഷീർ വഞ്ചനാപരമായി പ്രവർത്തിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടും ബിബിസി നടപടികളൊന്നും കൈകൊണ്ടിട്ടില്ല. “എന്റെ മാതാപിതാക്കളുടെ ബന്ധം കൂടുതൽ വഷളാക്കുന്നതിന് അഭിമുഖം ഒരു പ്രധാന സംഭവമായിരുന്നു. അമ്മയുടെ മരണത്തിന് കാരണമായതും ഈ വഞ്ചനയാണെന്ന് വിശ്വസിക്കുന്നു.” ഹാരി രാജകുമാരൻ തുറന്നടിച്ചു. ഇത് മറ്റ് കുടുംബാംഗങ്ങളെയും മാനസികമായി ബാധിച്ചു. അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവന്ന മുൻ സുപ്രീംകോടതി ജഡ് ജി ജോൺ ഡൈസനെയും ടീമിനെയും ഹാരി രാജകുമാരൻ അഭിനന്ദിച്ചു.
അതേസമയം അഭിമുഖം സംഘടിപ്പിച്ച മാർട്ടിൻ ബഷീർ കഴിഞ്ഞ ദിവസം ബി.ബി.സി വിട്ടിരുന്നു. ബി.ബി.സിയിൽ റിലീജിയൻ എഡിറ്ററായിരുന്നു അദ്ദേഹം. ബി.ബി.സിയുടെ റിലീജിയൻ എഡിറ്റർ സ്ഥാനത്തുനിന്ന് മാർട്ടിൻ ബഷീർ രാജിവെച്ച് കമ്പനിയിൽനിന്ന് പുറത്തുപോകുകയാണെന്ന് ബി.ബി.സി ന്യൂസ് ഡെപ്യൂട്ടി ഡയറക്ടർ ജൊനാഥൻ മൺറോ പറഞ്ഞു. 1995ൽ പുറത്തുവിട്ട ഡയാനയുടെ അഭിമുഖത്തിന് 22.8 മില്ല്യൺ കാഴ്ചക്കാരാണുണ്ടായിരുന്നത്.
ചാൾസിന്റെ സഹോദരൻ സ്പെൻസറുടെ അഭ്യർഥന പ്രകാരമായിരുന്നു ഈ അന്വേഷണം. തെറ്റായ വിവരങ്ങൾ കാണിച്ചാണ് അഭിമുഖത്തിന് ഡയാനയെ പ്രേരിപ്പിച്ചതെന്ന സ്പെൻസറിന്റെ ആരോപണം ശരിവയ്ക്കുന്ന കണ്ടെത്തലുകളാണ് ഇപ്പോൾ പുറത്തുവന്നത്. ഡയാനയെ തെറ്റിദ്ധരിപ്പിച്ചാണ് അഭിമുഖത്തിൽ പങ്കെടുപ്പിച്ചെന്നതിന് പുറമെ കൊട്ടാരത്തിലെ ജോലിക്കാർക്ക് ചാരപ്പണി നടത്താൻ കൈക്കൂലി കൊടുത്തുവെന്നുമുള്ള ആരോപണങ്ങൾ പുറത്തുവന്നിരുന്നു. ബഷീറിനെതിരെ കുറ്റാരോപണങ്ങൾ വന്നിട്ടും ബി.ബി.സി മൗനം പാലിച്ചത്തിനെതിരെ വിമർശനങ്ങൾ ഉയരുകയാണ്.
Leave a Reply