ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- 11 മണിക്കൂർ നീണ്ട ഡ്യൂട്ടി ഷിഫ്റ്റിന് ശേഷം പുറത്തിറങ്ങിയ എൻ എച്ച് എസ്‌ നേഴ്സ് നേരിട്ടത് അധിക്ഷേപിക്കുന്ന തരത്തിലുള്ള അനുഭവം. ഈസ്റ്റ്‌ യോർക്ക്ഷെയറിലെ കാസ്റ്റിൽ ഹിൽ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന ഇവർ തന്റെ അനുഭവം മാധ്യമങ്ങളോട് വെളിപ്പെടുത്തി. സ്വന്തം വാഹനം പാർക്ക് ചെയ്യാൻ ഹോസ്പിറ്റലിനുള്ളിൽ സ്ഥലമില്ലാതെ, റെസിഡൻഷ്യൽ ഏരിയയിൽ പാർക്ക്‌ ചെയ്ത് ഇരുപതു മിനിറ്റോളം നടന്നാണ് ആശുപത്രിയിലേക്ക് എത്തിയതെന്ന് അവർ പറഞ്ഞു. നാൽപതു മിനിറ്റോളം നീണ്ട പരിശ്രമത്തിന് ശേഷമാണ് പാർക്ക്‌ ചെയ്യാൻ അത്തരമൊരു സ്ഥലം കണ്ടെത്തിയതെന്ന് അവർ പറഞ്ഞു. എന്നാൽ 11 മണിക്കൂർ നീണ്ട ഷിഫ്റ്റിന് ശേഷം തിരികെ എത്തിയപ്പോൾ അവർ കണ്ടത്, കാറിനു മുകളിൽ ഇത് ആശുപത്രി പാർക്കിംഗ് അല്ല എന്ന് എഴുതിയ ഒരു കുറിപ്പാണ്. വളരെയധികം വേദനാജനകമായ ഒരു അനുഭവമാണ് തനിക്ക് ഉണ്ടായതെന്ന് അവർ പറഞ്ഞു. ഹോസ്പിറ്റലിനുള്ളിൽ സ്റ്റാഫുകൾക്ക് പാർക്കിംഗ് ഇല്ലാഞ്ഞതിനാലാണ് റെസിഡൻഷ്യൽ ഏരിയയിൽ പാർക്ക് ചെയ്യേണ്ടതായി വന്നത്. എന്നാൽ ഇത്തരത്തിൽ ഒരു അനുഭവം തന്നെ ഞെട്ടിച്ചതായി അവർ പറഞ്ഞു.

ഇതിന് പരിഹാരമായി ആവശ്യമായ പാർക്കിംഗ് സംവിധാനം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ഹോസ്പിറ്റൽ അധികൃതരെ സമീപിച്ചിട്ടുണ്ടെന്ന് നേഴ്സ് മാധ്യമങ്ങളോട് പറഞ്ഞു. ആർക്കും ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലാണ് ഇവർ തന്റെ വാഹനം പാർക്ക് ചെയ്തത്. നീണ്ട മണിക്കൂറുകളുള്ള ജോലിക്ക് ശേഷം തിരികെ എത്തിയപ്പോൾ നേരിട്ട ഈ അനുഭവം തികച്ചും വേദനിപ്പിക്കുന്നതാണ്. എന്നാൽ എൻ എച്ച് എസ്‌ ചാർജുകൾ നൽകാതിരിക്കാനായി മനഃപൂർവം സ്റ്റാഫുകൾ മറ്റ് സ്ഥലങ്ങളിൽ പാർക്ക്‌ ചെയ്യുക ആണെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. സ്റ്റാഫുകൾക്ക് സൗജന്യമായി തങ്ങളുടെ വാഹനം പാർക്ക് ചെയ്യുവാൻ പറ്റുന്ന തരത്തിലുള്ള പുതിയ സംവിധാനം നടപ്പിലാക്കുമെന്ന് ഹൾ യൂണിവേഴ്സിറ്റി ടീച്ചിങ് ഹോസ്പിറ്റലിൽസ് ട്രസ്റ്റ്‌ അറിയിച്ചു. ഈ പ്രശ്നം പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് ആശുപത്രി അധികൃതർ തയ്യാറാവണമെന്ന് ആവശ്യങ്ങൾ ഉയർന്നിട്ടുണ്ട്.