ബ്രിസ്റ്റോളിലും സമീപപ്രദേശത്തുമുള്ള സീറോമലബാർ സഭാവിശ്വാസികൾക്ക് ആഹ്ളാദം സമ്മാനിച്ചുകൊണ്ട് വിശ്വാസികളുടെ ആഗ്രഹത്തിനൊത്തുള്ള ദേവാലയ നിർമ്മിതിക്ക് സർക്കാർ അനുമതി ലഭിച്ചു . പ്രാരംഭ ഘട്ടത്തിൽ പ്ലാനിങ് പെർമിഷന് കുറച്ച് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നെങ്കിലും വിശ്വാസികളുടെ പ്രാർത്ഥന സഫലമാക്കി കൊണ്ടാണ് അവരുടെ ഇഷ്ടത്തിനൊത്തുള്ള ദേവാലയനിർമ്മിതിക്കുള്ള സർക്കാർ അനുമതി ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ബ്രിസ്റ്റണിലും ലിവർപൂളിലും സ്വന്തമായി ദേവാലയങ്ങൾ ലഭിക്കുകയും ലീഡ്സിൽ വളരെ അടുത്തുതന്നെ ദേവാലയം സ്വന്തമാക്കുകയും ചെയ്ത സീറോ മലബാർ സഭയുടെ വളർച്ചയ്ക്ക് വളരെ അധികം ഉണർവ് നൽകുന്നതാണ് ബ്രിസ്റ്റോളിലെ ദേവാലയ നിർമാണത്തിനുള്ള അനുമതി. ലീഡ്സിൽ കഴിഞ്ഞ അഞ്ചു വർഷത്തിലധികമായി സീറോ മലബാർ സഭ സ്വന്തമായി ദേവാലയം കൈവശം വയ്ക്കുകയും എല്ലാ ദിവസവും കുർബാനയും മറ്റു തിരുക്കർമ്മങ്ങൾ ഉണ്ടെങ്കിലും ദേവാലയം സീറോ മലബാർ സഭയുടെ പേരിലേയ്ക്ക് ആക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതേ ഉള്ളൂ.
ബഹു. പോൾ വെട്ടിക്കാട്ട് അച്ഛൻ 2012 – ൽ ചുമതലയേറ്റ ശേഷം ദീർഘവീക്ഷണത്തോടെ നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായി 2013 – ൽ തന്നെ സ്വന്തമായ ഒരു ദേവാലയം എന്ന ആശയം ഉടലെടുത്തിരുന്നു. ഇതിൻെറ ഫലമായി 2014 ഒക്ടോബർ മുപ്പതാം തീയതി ഒരു ചാരിറ്റി കമ്പനി രൂപീകരിക്കുകയും ദേവാലയ പദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ആരംഭിക്കുന്നതിനു മുമ്പ് , അപ്പസ്തോലിക ചുമതല വഹിച്ചിരുന്ന അഭിവന്ദ്യ സെബാസ്റ്റ്യൻ വടക്കേൽ പിതാവിൻ്റേയും നാഷണൽ കോർഡിനേറ്റർ ബഹു. തോമസ് പാറയടിയിലച്ചൻ്റെയും അനുവാദത്തോടെ രജിസ്റ്റർ ചെയ്ത ചാരിറ്റിയുടെ രൂപീകരണത്തിന് സാങ്കേതിക സഹായം നൽകിയത് ബർമിംഗ്ഹാം അതിരൂപതയിലെ ഡീക്കൻ ഡേവിഡ് പാമർ ആയിരുന്നു. ബ്രിസ്റ്റളിൽ ഒരു ദേവാലയമോ, അനുബന്ധ സൗകര്യങ്ങളോ സമീപഭാവിയിലൊന്നും ലഭിക്കുകയില്ല എന്ന ബോധ്യത്തിൽ നിന്നാണ് സ്‌ഥലം വാങ്ങി ദേവാലയം പണിയുക എന്ന ആശയത്തിലേയ്ക്ക് എത്തിച്ചേർന്നത്.
ഗ്രേറ്റ് ബ്രിട്ടണിൽ സീറോമലബാർ രൂപത രൂപീകരിക്കപ്പെട്ട ശേഷം, തൻറെ ആദ്യ സന്ദർശനത്തിൽ തന്നെ അഭിവന്ദ്യ ജോസഫ് ശ്രാമ്പിക്കൽ പിതാവ് ദേവാല പദ്ധതിയെപ്പറ്റി അന്വേഷിക്കുകയും, വേണ്ട നിർദ്ദേശങ്ങളും, ആശംസകളും പ്രാർത്ഥനകളും നൽകുകയും ചെയ്തു.
2017 – ൽ സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി പിതാവ് ബ്രിസ്റ്റളിൽ വന്നപ്പോൾ, നിങ്ങളായിരിക്കും ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ ആദ്യ ദേവാലയം പണിയുക എന്ന് ആശീർവദിച്ചപ്പോൾ ഒരു ദേവാലയം ഈ രാജ്യത്ത് നിർമ്മിക്കാൻ സാധ്യമാകുമോ എന്ന ആശങ്ക പലരുടെയും മനസ്സിലുണ്ടായിരുന്നു. 2018 ഒക്ടോബറിൽ ഒരു സ്ഥലം ലേലത്തിലൂടെ വാങ്ങുവാൻ സാധിച്ചു. 2018 ഡിസംബർ രണ്ടാം തീയതി അഭിവന്ദ്യ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി തന്റെ രണ്ടാമത്തെ ബ്രിസ്റ്റൾ സന്ദർശനത്തിൽ ദേവാലയത്തിനുവേണ്ട അടിസ്ഥാന ശിലയുടെ ആശീർവാദം നടത്തി.
ആർക്കിടെക്ട് ശ്രീ ജോജി മാത്യുവിന്റെ നേതൃത്വത്തിലാണ് ദേവാലയത്തിനുള്ള പ്ലാൻ ഡിസൈൻ ചെയ്തത്.
അനുവദിക്കപ്പെട്ട പ്ലാൻ അനുസരിച്ച് മുകൾനിലയിലാണ് ദേവാലയം രൂപകൽപ്പന ചെയ്തിരിക്കുന്നത്. അൾത്താരയോടു ചേർന്ന് നൂറുപേർക്കിരിക്കാവുന്ന ഭാഗം തിരുകർമ്മങ്ങൾക്കു മാത്രമായി ഉപയോഗിച്ചുകൊണ്ട്, ബാക്കിഭാഗം മടക്കി മാറ്റാവുന്ന ഭിത്തി കൊണ്ട് വേർതിരിച്ച്, സ്റ്റേജ് സൗകര്യങ്ങളുള്ള ഹാൾ ആയി ഉപയോഗിക്കാവുന്ന രീതിയിൽ ക്രമപ്പെടുത്തിയിരിക്കുന്നു
താഴത്തെ നിലയിൽ റിസപ്ഷൻ ഏരിയായും കോഫീ ഷോപ്പ്, ഓഫീസുകൾ, ടോയ്‌ലറ്റ് സൗകര്യങ്ങൾ, അടുക്കള, മ്യൂസിയം, ക്ലാസ് മുറികൾ എന്നീ സൗകര്യങ്ങൾക്കൊപ്പം ചാപ്പലും ക്രമീകരിച്ചിരിക്കുന്നു. ക്ലാസ്മുറികൾ മടക്കി മാറ്റാവുന്ന ഭിത്തികൾ കൊണ്ട് വേർതിരിക്കുന്നതിനാൽ ഹാൾ ആയി ഉപയോഗിക്കുകയും ചെയ്യാം. അതുപോലെ ചാപ്പലിൽ, പ്രത്യേകമായി രൂപകൽപ്പന ചെയ്തിരിക്കുന്ന അറകളിൽ, സമൂഹാംഗങ്ങളുടെ മരണശേഷം അവരുടെ ഭൗതിക അവശിഷ്ടമായ ആഷ് സൂക്ഷിക്കുന്നതിന് ഓരോ കുടുംബത്തിനും സൗകര്യം ലഭിക്കത്തക്കവിധം കൊളംബേറിയം ഒരുക്കുന്നുണ്ട്.
Leave a Reply