തീവ്രവാദ സംഘടനയായ ഐ.എസില്‍ ചേര്‍ന്ന മലയാളി എന്‍ജിനിയര്‍ ലിബിയയില്‍ കൊല്ലപ്പെട്ടു. ഇയാളുടെ യഥാര്‍ത്ഥ പേര് വിവരങ്ങള്‍ സംഘടന പുറത്ത് വിട്ടിട്ടില്ല. നോ യുവര്‍ മാര്‍ട്ടിയേഴ്സ് എന്ന ഐ.എസിന്റെ രേഖകളില്‍ ക്രിസ്ത്യാനിയായിരുന്ന ഇയാള്‍ മതംമാറി അബൂബേക്കര്‍ അല്‍ ഹിന്ദി എന്ന പേര് സ്വീകരിച്ചതായും വെളിപ്പെടുത്തുന്നു. ഗള്‍ഫില്‍ ജോലി ചെയ്യുന്ന കാലത്താണ് ഇയാള്‍ ഇസ്ലാം മതം സ്വീകരിച്ചത്. ആഫ്രിക്കന്‍ ഉപഭൂഖണ്ഡത്തിലെ ആദ്യ ഇന്ത്യന്‍ രക്തസാക്ഷി എന്നാണ് ഇയാളെ കുറിച്ച് സംഘടന വിശേഷിപ്പിക്കുന്നത്. കൊല്ലപ്പെട്ട വ്യക്തിയുടെ യഥാര്‍ത്ഥ പേരും മറ്റും വിവരങ്ങളും രേഖയില്‍ ഇല്ല. എന്നാല്‍ നേരത്തേ അഫ്ഗാനിസ്ഥാനിലും സിറിയയിലും കൊല്ലപ്പെട്ട മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ പേരും മറ്റും ഇവര്‍ പുറത്ത് വിട്ടിരുന്നു.
ഗള്‍ഫിലേക്ക് വരുന്നതിന് മുമ്പ് കൊല്ലപ്പെട്ട വ്യക്തി ബംഗളൂരുവിലാണ്് ജോലി ചെയ്തിരുന്നത്. നിരവധി എന്‍ജിനിയര്‍മാരുളള ഒരു സമ്പന്ന കുടുംബത്തിലാണ് ഇയാള്‍ ജനിച്ചതെന്നാണ് തീവ്രവാദ സംഘടന വെളിപ്പെടുത്തുന്നത്. സുരക്ഷാ ഏജന്‍സികള്‍ ഇതു വരെ അബൂബേക്കര്‍ അല്‍ ഹിന്ദി ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇയാള്‍ കൊല്ലപ്പെട്ടത് എന്നാണെന്നും വ്യക്തമല്ല. അഫ്ഗാനിസ്ഥാനിലേയും സിറിയയിലേയും സുരക്ഷാ താവളങ്ങള്‍ നഷ്ടപ്പെട്ടതോടെ ഐഎസ് തീവ്രവാദികള്‍ പ്രവര്‍ത്തനം ആഫ്രിക്കയിലേക്ക് മാറ്റുമെന്ന് രഹസ്യാനേഷണ വിഭാഗങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 2014 ല്‍ ഐ.എസ് ഭീകരര്‍ ലിബിയയില്‍ പ്രവിശ്യ രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.
Leave a Reply