ന്യൂസ് ഡെസ്ക് മലയാളം യുകെ

വെയിൽസ് : കോവിഡ് ഭീതി വിട്ടൊഴിഞ്ഞിട്ടില്ല. അപ്പോഴേക്കും മങ്കിപോക്സ് ബ്രിട്ടനിൽ എത്തിക്കഴിഞ്ഞു. യുകെയിൽ രണ്ട് മങ്കിപോക്സ് കേസുകൾ കണ്ടെത്തിയതായി മാറ്റ് ഹാൻ‌കോക്ക് വെളിപ്പെടുത്തിയതോടെ ജനങ്ങൾ കൂടുതൽ ആശങ്കയിലായി. വിദേശത്തു നിന്നെത്തിയ നോർത്ത് വെയിൽസ് സ്വദേശികളായ രണ്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് രോഗികളും നോർത്ത് വെയിൽസിലെ ഒരേ വീട്ടിൽ നിന്നുള്ളവരാണെങ്കിലും അവരുടെ പ്രായത്തെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. ഒരാൾ മാത്രമാണ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. നിരീക്ഷണവും കോൺ‌ടാക്റ്റ് ട്രെയ്‌സിംഗും നടക്കുന്നുണ്ടെന്നും പൊതുജനങ്ങളിൽ പടരാനുള്ള അപകടസാധ്യത വളരെ കുറവാണെന്നും പിഎച്ച്ഡബ്ല്യു കൂട്ടിച്ചേർത്തു. പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്.

“മങ്കിപോക്സ് കേസുകൾ യുകെയിൽ അപൂർവമായ ഒരു സംഭവമാണ്. പൊതുജനങ്ങൾക്കുള്ള അപകടസാധ്യത വളരെ കുറവാണ്.” പിഎച്ച്ഡബ്ല്യു ആരോഗ്യ സംരക്ഷണത്തിലെ കൺസൾട്ടന്റ് റിച്ചാർഡ് ഫിർത്ത് പറഞ്ഞു. വസൂരിയുമായി ഇത് വളരെ അടുത്ത ബന്ധമുള്ളതാണെങ്കിലും അത്രയ്ക്ക് മാരകമല്ല. കുരങ്ങടക്കമുള്ള വന്യമൃഗങ്ങളില്‍ നിന്നാണ് മങ്കിപോക്‌സ് ആദ്യമായി മനുഷ്യനിലേക്ക് വ്യാപിക്കാന്‍ തുടങ്ങിയത്. രോഗം പകര്‍ന്നയാള്‍ ചുമയ്ക്കുമ്പോഴോ മൂക്ക് ചീറ്റുമ്പോഴോ ആണ് ഈ വൈറസ് വായുവിലൂടെ പകരുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മങ്കിപോക്സ് പ്രധാനമായും മധ്യ, പടിഞ്ഞാറൻ ആഫ്രിക്കയിലാണ് കാണപ്പെടുന്നത്. കടുത്ത പനി, കടുത്ത തലവേദന, പുറം വേദന, പേശികളില്‍ വേദന, തുടങ്ങിയവയാണ് മങ്കി പോക്‌സിന്റെ ലക്ഷണങ്ങള്‍. അനന്തരം ദേഹമാകമാനം തിണര്‍പ്പുകള്‍ ഉണ്ടാവും. മുഖത്ത് ആരംഭിക്കുന്ന തിണര്‍പ്പുകള്‍ ഉടൻ കൈകളിലേക്കും മറ്റ് ശരീരഭാഗങ്ങളിലൂടെ കാലുകളിലേക്കും വ്യാപിക്കും.

രോഗലക്ഷണങ്ങൾ സാധാരണയായി രണ്ടോ നാലോ ആഴ്ച നീണ്ടുനിൽക്കും. മങ്കിപോക്സിനായി പ്രത്യേക ചികിത്സാരീതികളൊന്നും ഇല്ലെങ്കിലും വസൂരിയിൽ നിന്ന് രക്ഷനേടാനുള്ള വാക്സിൻ ഈ വൈറസ് തടയുന്നതിൽ 85 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയിടുണ്ട്. 1970 ൽ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിലാണ് ആദ്യമായി മനുഷ്യനിൽ മങ്കിപോക്സ് റിപ്പോർട്ട്‌ ചെയ്യപ്പെടുന്നത്. 2003 ൽ യുഎസിലും യുകെയിൽ 2018 സെപ്റ്റംബറിലും മങ്കിപോക്സ് കേസുകൾ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്.