ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
യു കെ :- ജി 7 ഉച്ചകോടിയിൽ ഉരുത്തിരിവായ വിവാദങ്ങൾ ശാന്തമാക്കുവാൻ പരമാവധി ശ്രമിക്കുകയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. യുകെയും യൂറോപ്യൻ യൂണിയനും തമ്മിൽ ശക്തമായ ഐക്യത നിലനിൽക്കുന്നുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി വ്യക്തമാക്കി. നോർത്തേൺ അയർലൻഡ് യുകെയുടെ ഭാഗമല്ല എന്ന ഫ്രഞ്ച് പ്രസിഡന്റിന്റെ വിവാദപരമായ പരാമർശത്തിനെതിരെ, ബ്രിട്ടീഷ് ഫോറിൻ സെക്രട്ടറി ഡോമിനിക് റാബ് ശക്തമായി പ്രതികരിച്ചിരുന്നു. ഇതിനെ തുടർന്നുണ്ടായ വിവാദ സാഹചര്യങ്ങൾക്കുള്ള സമാധാന ശ്രമമാണ് ഇപ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്.
ജി 7 ഉച്ചകോടി യുടെ അവസാനത്തിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ബോറിസ് ജോൺസൺ ഇരു രാജ്യങ്ങളും തമ്മിലുള്ള ഐക്യത നിലനിൽക്കുന്നുണ്ടെന്ന് വ്യക്തമാക്കിയത്. രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കുവാൻ ഏതറ്റംവരെയും പരിശ്രമിക്കും. എന്നാൽ ഇതിനായി ഇപ്പോൾ വിവാദങ്ങളുടെ ആവശ്യമില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി വ്യക്തമാക്കി. ഉച്ചകോടിയുടെ ഒരു മുഖ്യവിഷയമായി ഇതിനെ കരുതേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ സമാധാനശ്രമങ്ങൾ ആണ് ആവശ്യമെന്ന് ഫ്രഞ്ച് പ്രസിഡന്റ് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.
ബ്രിട്ടനിൽ നിന്നും ശീതീകരിച്ച മാംസ പദാർത്ഥങ്ങൾ നോർത്തേൺ അയർലൻഡിലേയ്ക്ക് എത്തുന്നതിനുള്ള വിലക്ക് സംബന്ധിച്ചാണ് ഇപ്പോൾ നിലവിലുള്ള വിവാദങ്ങൾ ആരംഭിച്ചത്. ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് പൂർണ്ണ പിന്തുണ നൽകി ഫോറിൻ സെക്രട്ടറി ഡൊമിനിക് റാബും രംഗത്തെത്തിയിരുന്നു. ബോറിസ് ജോൺസൺ വളരെ നല്ല രീതിയിൽ ആണ് ഇപ്പോൾ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്ന് ഫോറിൻ സെക്രട്ടറി വ്യക്തമാക്കി. യുകെയുടെ താൽപര്യങ്ങൾ കൂടി സംരക്ഷിക്കുന്ന തരത്തിൽ ആകണം യൂറോപ്യൻ യൂണിയന്റെ പ്രവർത്തനങ്ങൾ എന്ന് ഫോറിൻ സെക്രട്ടറി ആവശ്യപ്പെട്ടു. ഇരുവരുടെയും ഭാഗത്തുനിന്ന് സമാധാനശ്രമങ്ങൾ ഉണ്ടാകണമെന്ന് മറ്റു രാജ്യങ്ങളെല്ലാം തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്.
Leave a Reply