അഞ്ജു റ്റി , മലയാളം യുകെ ന്യൂസ് ടീം

യുകെയിൽ ഏറ്റവും കൂടുതൽ അന്വേഷണം നടന്നതും ചുരുളഴിയാത്ത രഹസ്യമായി ഇന്നും നിലനിൽക്കുന്നതുമായ ഡാനിയൽ മോർഗൻെറ കൊലപാതകം കൈകാര്യം ചെയ്യുന്നതിൽ മെട്രോപൊളിറ്റൻ പോലീസിനു വീഴ്ചപറ്റിയതായും അഴിമതി നടന്നതായുമുള്ള റിപ്പോർട്ട് പുറത്ത് വന്നു. ഡാനിയലിൻെറ ഘാതകരെ കണ്ടെത്തുന്നതിൽ വീഴ്ചപറ്റിയതായി പോലീസ് അറിയിച്ചിരുന്നു. എന്നാൽ ഏകദേശം അഞ്ചു പതിറ്റാണ്ടോളം നടന്ന കേസന്വേഷണത്തിന് ശേഷവും മോർഗന്റെ മകൻ മെട്രോപൊളിറ്റൻ പൊലീസിൻെറ ക്ഷമാപണം സ്വീകരിക്കാൻ കഴിയില്ലെന്ന് വെളിപ്പെടുത്തി. തൻെറ പിതാവിൻെറ തലയിൽ ആയുധം കൊണ്ടുള്ള മുറിവ് ഉണ്ടായിരുന്നു എന്നും, ഒരു മോഷണശ്രമമായി അത് ചിത്രീകരിക്കപ്പെട്ടെങ്കിലും അത് യാഥാർഥ്യത്തിൽ ഒരു വധശ്രമമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

തെക്ക് കിഴക്കൻ ലണ്ടനിലെ സിഡെൻഹാമിലെ ഗോൾഡൻ ലയൺ പബ്ബിലെ കാർ പാർക്കിൽ 37 വയസ്സുകാരനായ തൻെറ പിതാവ് കൊല്ലപ്പെട്ടപ്പോൾ മകനായ ഡാനിയേൽ മോർഗന് നാലുവയസ്സ് മാത്രമായിരുന്നു പ്രായം. ഇപ്പോൾ തന്റെ മരണമടഞ്ഞ പിതാവിൻെറ പ്രായമുള്ള മോർഗനു ഒരു കുട്ടിയുണ്ട്. എന്നാലും തൻെറ പിതാവ് ഡാനിയേലുമായി താൻ കുട്ടികാലത്ത് ചിലവഴിച്ച സന്തോഷകരമായ നിമിഷങ്ങൾ ഇപ്പോഴും വ്യക്തമായി മോർഗൻെറ ഓർമയിലുണ്ട്. കഴിഞ്ഞ 34 വർഷമായി അമ്മാവൻ അലിസ്റ്റർ മോർഗൻ നീതിക്കുവേണ്ടിയുള്ള പ്രയത്നത്തിലായിരുന്നു. ഇപ്പോൾ തൻെറ പിതാവിൻെറ നീതിക്കുവേണ്ടി ഡാനിയേൽ മോർഗനും ശബ്ദമുയർത്താൻ തീരുമാനിച്ചിരിക്കുകയാണ്.

മെട്രോപൊളിറ്റൻ പോലീസിൻെറ പ്രതികരണത്തിൽ തൻ ഒട്ടും സംതൃപ്തനല്ലെന്ന് മോർഗൻ അറിയിച്ചു. കേസ് അന്വേഷണത്തിൽ അഴിമതിയുള്ളതായും അന്വേഷണത്തിലെ വീഴ്ചകൾ പോലീസ് മറച്ചുവച്ചതായും കണ്ടെത്തിയിരുന്നു. മെട്രോപൊളിറ്റൻ പോലീസ് കുടുംബത്തോട് മാപ്പ് ചോദിച്ചെങ്കിലും മോർഗൻ അത് സ്വീകരിച്ചില്ല. ഡാനിയൽ മോർഗന്റെ കൊലപാതകത്തിനെകുറിച്ചുള്ള സത്യം പുറത്തുവരുന്നതിനും കൊലപാതകത്തിൻെറ ഉത്തരവാദികളായവരെ ശിക്ഷിക്കുന്നതിലും അദ്ദേഹത്തിൻെറ കുടുംബത്തിന് അസാധാരണമായ നിശ്ചയദാർഢ്യമാണുള്ളതെന്നു കമ്മീഷണർ ഡാം ക്രെസിഡ ഡിക്ക് പറഞ്ഞു.

1987 ലെ ആദ്യ അന്വേഷണത്തിനുശേഷം മോർഗൻ കുടുംബം ഒരു പുനരന്വേഷണം ആവശ്യപ്പെട്ടിട്ടും ഉന്നത തലത്തിൽനിന്ന് യാതൊരു നീക്കങ്ങളും ഉണ്ടായിരുന്നില്ല. ആറ് അന്വേഷണങ്ങൾ നടന്നിട്ടും പൊലീസിന് കുറ്റവാളികളെ പിടിക്കാൻ കഴിഞ്ഞില്ല. സംഭവത്തിൻെറ വിശദമായ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ മെട്രോപൊളിറ്റൻ പൊലീസിൽ നിന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.