ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഹാരിയും വില്യമും തങ്ങളുടെ അമ്മയ്ക്കായി വീണ്ടും ഒരുമിച്ചു. ഡയാന രാജകുമാരിയുടെ അറുപതാം ജന്മദിനത്തോടനുബന്ധിച്ച് പ്രതിമ അനാച്ഛാദനം ചെയ്യുന്നതിനായി ഇരുവരും തങ്ങളുടെ വിദ്വേഷം മാറ്റിവച്ച് ഒരുമിച്ചു. ഡയാന രാജകുമാരിയുടെ സ്മാരകമെന്നോണം ഇയാൻ റാങ്ക്-ബ്രോഡ്‌ലി നിർമിച്ച പ്രതിമ അനാച്ഛാദനം ചെയ്യുന്നതിന് മുമ്പ് ഹാരിയും വില്യമും ഒരുമിച്ചു നടക്കുകയും സംസാരിക്കുകയും ചെയ്തു. കെൻസിംഗ് ടൺ കൊട്ടാരത്തിലെ പുനർ‌നിർമ്മിച്ച സൺ‌കെൻ ഗാർഡനിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിച്ച സ്വകാര്യ ചടങ്ങിൽ ഇരുവരും രാജകുമാരിയുടെ സഹോദരങ്ങളായ ഏൾ സ്പെൻസർ, ലേഡി സാറാ മക്കാർക്കോഡേൽ, ലേഡി ജെയ്ൻ ഫെലോസ് എന്നിവരോടൊപ്പം ഒത്തുച്ചേർന്നു. ചടങ്ങിന് 15 മിനിറ്റുകൾക്ക് മുമ്പാണ് ഹാരി എത്തിച്ചേർന്നത്.

അതേസമയം യൂറോ കപ്പിൽ ജർമനിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഇംഗ്ലണ്ട് നേടിയ വിജയം ഹാരിയ്ക്കും വില്യമിനും ഇടയിലുള്ള പ്രശ്നങ്ങൾ ഒരു പരിധി വരെ പരിഹരിക്കുന്നതിന് കാരണമായിരിക്കുകയാണ്. ഇംഗ്ലണ്ടിന്റെ വിജയത്തിന് ശേഷം സഹോദരന്മാർ പരസ്പരം ഫോണിലൂടെ സംസാരിച്ചതായാണ് റിപ്പോർട്ട്‌. ഏകദേശം 18 മാസത്തോളം പരസ് പരം നല്ല രീതിയിൽ സംസാരിക്കാതിരിക്കുകയായിരുന്നു ഇരുവരും. ഇംഗ്ലണ്ടിന്റെ വിജയത്തെപറ്റിയാണ് ഇരുവരും സംസാരിച്ചത്. മൂന്നു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് അമ്മയുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്നത്. അമ്മയുടെ ഓർമയ്ക്ക് മുന്നിൽ ഒരുമിച്ചു കൂടിയ മക്കൾ വീണ്ടും ഒന്നുചേരുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.

വെംബ്ലിയിൽ നടന്ന മത്സരത്തിൽ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റായ വില്യം, ഭാര്യ കേറ്റ്, ഫുട്ബോൾ ഭ്രാന്തനായ മൂത്തമകൻ ജോർജ് എന്നിവർ കാഴ്ചക്കാരായി ഗാലറിയിൽ ഉണ്ടായിരുന്നു. ആർച്ചിയുമായി ഹാരിയും കുടുംബവും തിരികെ കൊട്ടാരത്തിലെത്തണമെന്ന ആഗ്രഹം രാജകുടുംബാംഗങ്ങൾ പങ്കുവച്ചതായി ഡെയിലി മെയിൽ റിപ്പോർട്ട്‌ ചെയ്തു. ആർച്ചി പിറന്നതിന് ശേഷം ഒന്നോ രണ്ടോ തവണ മാത്രമാണ് അവർ കേംബ്രിഡ് ജ് സന്ദർശിച്ചിട്ടുള്ളത്. ഹാരിയുടെ വരവും ഫോൺ സംഭാഷണവും ഒരു പൂർണ്ണമായ അനുരഞ്ജനത്തിൽ നിന്ന് വളരെ അകലെയാണെന്ന് ചിലർ ഊന്നിപ്പറയുന്നുണ്ടെങ്കിലും ഇതൊരു ശുഭ സൂചനയാണെന്ന് പൊതുജനങ്ങൾ വിശ്വസിക്കുന്നു.