ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : യൂറോ കപ്പ് ഫൈനലിൽ ഇറ്റലിയോട് പരാജയപ്പെട്ട ഇംഗ്ലണ്ട് താരങ്ങൾക്ക് നേരെ വംശീയാധിക്ഷേപം. ഷൂട്ട് ഔട്ടിലേക്ക് നീണ്ട മത്സരത്തിൽ നിർണായക പെനാൽറ്റി നഷ്ടപ്പെടുത്തിയ ബുകായോ സാക, ജെയ് ഡൻ സാഞ്ചോ, മാർക്കസ് റാഷ്ഫോഡ് എന്നിവർക്ക് നേരെയാണ് സാമൂഹ്യ മാധ്യമത്തിൽ വംശീയാധിക്ഷേപം ഉയർന്നത്. നിശ്ചിത സമയത്ത് ഓരോ ഗോൾ നേടി ഇരു ടീമുകളും സമനില പാലിച്ച ശേഷം എക് സ്ട്രാ ടൈമിലേക്കും പിന്നീട് പെനാൽറ്റി ഷൂട്ടൗട്ടിലേക്കും നീണ്ട മത്സരമാണ് അസൂറിപ്പട സ്വന്തമാക്കിയത്. ഇറ്റാലിയൻ താരങ്ങളായ ഡൊമിനിക്കോ ബെറാർഡി, ലിയനാർഡോ ബൊനൂച്ചി, ബെർണാദേഷി എന്നിവർ ലക്ഷ്യം കണ്ടതോടെയാണ് ഇറ്റലി കിരീടം ഉറപ്പാക്കിയത്. ഇതിനുപിന്നാലെയാണ് രോക്ഷാകുലരായ ആരാധകർ പെനാൽറ്റി നഷ്ടപ്പെടുത്തിയ ഇംഗ്ലീഷ് താരങ്ങൾക്കെതിരെ അധിക്ഷേപം നടത്തിയത്. “വംശീയ അധിക്ഷേപങ്ങൾക്ക് വിരാമമിടാൻ പിന്തുണ പ്രഖ്യാപിച്ചാണ് ടീം യൂറോ മത്സരങ്ങൾ തുടങ്ങിയതുതന്നെ. ഷൂട്ടൗട്ടിൽ പിഴവുണ്ടാകുന്നതിന് മുമ്പ് ഫുട്‌ബോൾ ഭ്രമം നിറഞ്ഞ നാടിന്റെ ഹൃദയം കീഴടക്കിയ ചെറുപ്പക്കാരാണ് അവർ. ഇത് ബാധിക്കുന്ന താരങ്ങളെ പിന്തുണയ്ക്കാനായി ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യും. അതോടൊപ്പം ഇതിന് കാരണക്കാരായവർക്ക് ഏറ്റവും കടുത്ത ശിക്ഷ ഉറപ്പാക്കുകയും ചെയ്യും.” താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് ഇംഗ്ലീഷ് ഫുട്‌ബോൾ അസോസിയേഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
മൂന്നു പേരും യുവതാരങ്ങളാണെന്ന പരിഗണന പോലും നൽകാതെയാണ് ആരാധകര്‍ അധിക്ഷേപം അഴിച്ചുവിട്ടത്. താരങ്ങളെ വംശീയമായി അധിക്ഷേപിച്ചവർക്കെതിരെ കേസ് എടുക്കുമെന്ന് മെറ്റ് പോലീസ് അറിയിച്ചു. അതോടൊപ്പം തോൽവിക്കു പിന്നാലെ ആരാധകർ ലണ്ടനിൽ തമ്മിലടിക്കുകയും വ്യാപക ആക്രമണം അഴിച്ചുവിടുകയും ചെയ്തിരുന്നു. അക്രമ സംഭവങ്ങളിൽ 45 പേരെ പൊലീസ് അറസ്റ്റു ചെയ്തു. ഇംഗ്ലണ്ട് പുരുഷ-വനിതാ ദേശീയ ടീമുകളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ഇരകളായ കളിക്കാർക്ക് പിന്തുണ ഉറപ്പാക്കിയിട്ടുണ്ട്.
ഫുട്ബോളിൽ വംശീയതയ്ക്ക് യാതൊരു സ്ഥാനവുമില്ലെന്ന് ലണ്ടൻ മേയർ സാദിഖ് ഖാൻ അഭിപ്രായപ്പെട്ടു. വംശീയ അധിക്ഷേപങ്ങളോട് പ്രതിഷേധിക്കാനായി മുട്ടുകുത്തിയാണ് ഇംഗ്ലണ്ട് ടീം മത്സരം ആരംഭിക്കുന്നത്. എന്നാല്‍ ഈ സമയം പലപ്പോഴും ഗാലറിയില്‍ നിന്ന് മോശം പെരുമാറ്റമാണ് ഉയരുന്നത്. ഇംഗ്ലണ്ടില്‍ മാത്രമല്ല യൂറോപ്പില്‍ പല രാജ്യങ്ങളിലും ഫുട്‌ബോള്‍ കളിക്കാര്‍ക്ക് എതിരെയുള്ള വംശീയാധിക്ഷേപങ്ങള്‍ പതിവാണ്.
Leave a Reply