താലിബാൻ ഭീകരരും അഫ്ഗാൻ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ റോയിട്ടേഴ്സ് ഫോട്ടോജേണലിസ്റ്റും പുലിറ്റ്സര്‍ ജേതാവുമായ ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടത് കഴിഞ്ഞയാഴ്ചയായിരുന്നു. ഡാനിഷിനൊപ്പം മുതിർന്ന അഫ്ഗാൻ ഓഫീസറും കൊല്ലപ്പെട്ടിരുന്നു. കാണ്ഡഹാറിൽ വെച്ച് നടന്ന ഏറ്റുമുട്ടലിൽ മരിച്ച ഡാനിഷ് സിദ്ദിഖി ഇന്ത്യക്കാരനാണെന്ന് അറിഞ്ഞപ്പോൾ, താലിബാൻ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് അഫ്ഗാന്‍ കമാന്‍ഡറായ ബിലാൽ അഹമ്മദ്.

ഇംഗ്ലീഷ് വാർത്താ ചാനലായ ഇന്ത്യാ ടുഡേയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ബിലാൽ ഡാനിഷ് സിദ്ദിഖിയുടെ അന്ത്യ നിമിഷങ്ങൾ വിവരിച്ചത്. ഇന്ത്യക്കാരനാണെന്ന് വ്യക്തമായതോടെ ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹത്തെ താലിബാൻ അവഹേളിച്ചെന്നാണ് ബിലാൽ അഹമ്മദ് പറയുന്നത്. ‘താലിബാൻ ഇന്ത്യക്കാരെ വെറുക്കുന്നു’ അതുകൊണ്ട് തന്നെ മൃതദേഹത്തോട് പോലും അനാദരവ് കാട്ടുകയായിരുന്നെന്നും കാമൻഡർ അഭിമുഖത്തിൽ പറഞ്ഞു. കാണ്ഡഹാര്‍ മേഖലയിലെ സ്പിന്‍ ബോല്‍ഡാക്കില്‍ വെച്ച് വെടിവെച്ചാണ് ഡാനിഷിനെയും ഒരു ഓഫീസറെയും കൊലപ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

ഡാനിഷ് സിദ്ദിഖി ഇന്ത്യക്കാരനാണെന്ന് തിരിച്ചറിഞ്ഞതോടെ താലിബാൻ തലയിലൂടെ വാഹനം കയറ്റിയിറക്കിയെന്നും കമാൻഡർ ബിലാൽ അഹമ്മദ് പറഞ്ഞു. “ഇന്ത്യക്കാരനാണെന്ന് അറിഞ്ഞതോടെ അദ്ദേഹത്തിന്‍റെ തലയിലൂടെ വാഹനം കയറ്റിയിറക്കി. ഡാനിഷ് മരിച്ചെന്ന് അറിഞ്ഞതിന് ശേഷമായിരുന്നു അത്” അഫ്ഗാൻ കമാൻഡർ പറഞ്ഞതായി റിപ്പോർട്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇന്ത്യയോടും ഇന്ത്യക്കാരോടും ഉള്ള വിദ്വേഷം മൂലമാണ് താലിബാൻ ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം വികൃതമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ ഡാനിഷ് സിദ്ദിഖിയുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി താലിബാൻ രംഗത്തെത്തിയിരുന്നു. ഡാനിഷ് സിദ്ദിഖി എങ്ങനെ കൊല്ലപ്പെട്ടെന്നു അറിയില്ലെന്നും ഏറ്റുമുട്ടലിനിടെ അദ്ദേഹം അവിടെ ഉണ്ടായിരുന്നതായി അറിയില്ലായിരുന്നുവെന്നുമാണ് സംഭവത്തിന് പിന്നാലെ താലിബാൻ വക്താവ് പ്രതികരിച്ചത്.

ആരുടെ വെടിവെയ്പ്പിലാണ് ഡനിഷ് സിദ്ദിഖി കൊല്ലപ്പെട്ടതെന്ന് അറിയില്ല. യുദ്ധമേഖലയിലെത്തുന്ന എല്ലാ മാധ്യമപ്രവര്‍ത്തകരും തങ്ങളെ വിവരമറിയിക്കണമെന്നും അവരെ പ്രത്യേകം സംരക്ഷിക്കുമെന്നും താലിബാൻ വക്താവ് സബിയുള്ളാ മുജാഹിദ് വ്യക്തമാക്കി.

ടെലിവിഷൻ വാർത്താ ലേഖകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഡാനിഷ് സിദ്ദിഖി പിന്നീട് ഫോട്ടോ ജേണലിസത്തിലേക്ക് മാറുകയായിരുന്നു. 2018 ൽ റോഹിംഗ്യൻ അഭയാർത്ഥികളുടെ പ്രതിസന്ധി കാണിച്ച ചിത്രം പകര്‍ത്തിയതിനാണ് പുലിറ്റ്‌സർ പുരസ്കാരം ഇദ്ദേഹത്തെ തേടിയെത്തിയത്. 2015ലെ നേപ്പാൾ ഭൂകമ്പം, റോഹിംഗ്യൻ അഭയാർഥികളുടെ ദുരിതം, ഡൽഹിയിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം, ഇന്ത്യയിലെ കൊവിഡ് ദുരന്തം എന്നിവയുമായി ബന്ധപ്പെട്ട് സിദ്ദിഖ് പകർത്തിയ ചിത്രങ്ങൾ ശ്രദ്ധനേടിയിരുന്നു.