ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- റീസൈക്കിൾ ചെയ്ത മാലിന്യങ്ങൾ വഹിച്ച ലോറിക്ക് ലണ്ടനിലെ പ്രധാന പാതയായ എം 25 യിൽ വെച്ച് തീപിടിച്ചതിനെ തുടർന്ന് ജംഗ്ഷൻ 16നും 17നും ഇടയിൽ നിരവധി മണിക്കൂറുകൾ ഗതാഗതം തടസ്സപ്പെട്ടു. ഉടൻതന്നെ ബക്കിങ്ഹാംഷെയർ ഫയർ ആൻഡ് റെസ്ക്യൂ സർവീസും, തെമ്സ് വാലി പോലീസും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. ലോറിയിൽ ഉണ്ടായിരുന്നത് റീസൈക്കിൾഡ് വേസ്റ്റ് ആയിരുന്നാൽ തീ അണയ്ക്കാൻ കുറച്ചധികം സമയം വേണ്ടി വന്നതായി അഗ്നിശമന സേനാംഗങ്ങൾ വ്യക്തമാക്കി. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം നടന്നത്. രാത്രി 8:15 ഓടെ സ്ഥിതിഗതികൾ വിലയിരുത്തി പാത തുറന്നെങ്കിലും, രണ്ട് ലെയിനുകൾ വീണ്ടും അടച്ചിടേണ്ടി വന്നതായി അധികൃതർ വ്യക്തമാക്കി.
എം 25 പാതയിൽ ഉണ്ടായ തടസ്സം ലണ്ടനിലെ യാത്രക്കാരെ മൊത്തമായി തന്നെ ബാധിച്ചു. വെസ്റ്റ് ലണ്ടൻ, ബക്കിങ്ഹാംഷെയർ, ഹെർട്ട്ഫോർഡ്ഷെയറിലെ മേപ്പിൾ ക്രോസ്സ് ഏരിയ എന്നിവിടങ്ങളിലെല്ലാം ഗതാഗത തടസ്സമുണ്ടായി. ഡൈവേർഷൻ റൂട്ടുകൾ ട്രാഫിക് പോലീസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. എം 25 പാതയിലെ ജംഗ്ഷൻ പതിനാറിൽ നിന്ന് എം 40 ൽ കടക്കാനാണ് യാത്രക്കാർക്ക് പ്രാഥമിക നിർദേശം നൽകിയിരിക്കുന്നത് . പിന്നീട് എം 40 ന്റെ ആദ്യ ജംഗ്ഷനിൽ നിന്ന് എ 40 തിലേക്കുള്ള ആദ്യ എക്സിറ്റ് എടുക്കേണ്ടതാണ്. പിന്നീട് എത്തുന്ന ട്രാഫിക് ജംഗ്ഷനിൽ നിന്നും എ 412 ലേയ്ക്കുള്ള ഡൈവേർഷൻ എടുക്കേണ്ടതാണ്. അതിനുശേഷം ഡെൻഹാം റെയിൽവേ ബ്രിഡ്ജിന് അടിയിൽ കൂടി മേപ്പിൾ ക്രോസ് റൗണ്ട് എബൗട്ടിൽ യാത്രക്കാർ എത്തിച്ചേരേണ്ടതാണ് എന്ന് നിർദ്ദേശങ്ങൾ വ്യക്തമാക്കുന്നു. റൗണ്ട് എബൌട്ടിലെ ആദ്യ എക്സിറ്റിലൂടെ കടന്ന് എ 412 നെയും എം 25 നെയും ബന്ധിപ്പിക്കുന്ന ലിങ്ക് റോഡിലേക്ക് എത്തണം. എം 25 ലെ ജംഗ്ഷൻ 17 ലെ റൗണ്ട് എബൌട്ടിൽ മൂന്നാമത്തെ എക്സിറ്റിലൂടെ വീണ്ടും യാത്രക്കാർക്ക് എം 25 പാതയിലൂടെ യാത്ര തുടരാമെന്ന് ട്രാഫിക് പോലീസ് വ്യക്തമാക്കുന്നു. ജംഗ്ഷൻ 16 മുതൽ 17 വരെയുള്ള സ്ഥലം അടച്ചിട്ടിരിക്കുന്നതിനാലാണ് ഇത്തരമൊരു ഡൈവേർഷൻ റൂട്ട് പ്രസിദ്ധപ്പെടുത്തിയത് എന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. യാത്രക്കാർ എല്ലാവരും തന്നെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്.
Leave a Reply