ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- പന്ത്രണ്ടു വർഷം മുൻപ് കാണാതായ ഇംഗ്ലീഷ് ഷെഫ് ക്ലോഡിയ ലോറൻസിന്റെ തിരോധാനം ഇന്നും നിഗൂഢമായി തന്നെ തുടരുകയാണ്. നിരവധി വർഷങ്ങൾ പോലീസ് അന്വേഷണങ്ങൾ കാര്യമായി തന്നെ നടന്നുവെങ്കിലും, വ്യക്തമായ തെളിവുകളൊന്നും തന്നെ ഇതുവരെയും ലഭിച്ചിട്ടില്ല. മാർച്ച് 2009 ലാണ് മുപ്പത്തിയഞ്ചുകാരിയായ ക്ലോഡിയയെ കാണാതാകുന്നത്. യൂണിവേഴ്സിറ്റി ഓഫ് യോർക്കിലെ ഷെഫ് ആയി ജോലിചെയ്തിരുന്ന ക്ലോഡിയ, 2009 മാർച്ച് 18ന് യോർക്കിലെ ഹെവേർത്തിന് അടുത്തുള്ള സ്വന്തം വീട്ടിലാണ് അവസാനമായി ഉണ്ടായിരുന്നതെന്ന് സാഹചര്യത്തെളിവുകൾ വ്യക്തമാക്കുന്നു. പിന്നീട് അപ്രതീക്ഷിതമായി കാണാതായ ക്ലോഡിയയെ സംബന്ധിച്ച് പോലീസ് അന്വേഷണങ്ങൾ നടന്നു. ക്ലോഡിയയുടെ മുൻകാല ജീവിതത്തെ സംബന്ധിച്ചും, ബന്ധങ്ങളെ സംബന്ധിച്ചും, ജോലിസ്ഥലത്തുമെല്ലാം അന്വേഷണങ്ങൾ നടത്തിയെങ്കിലും അനുകൂലമായ ഒരു വിവരവും ലഭിച്ചില്ല. അന്വേഷണ കാലഘട്ടത്തിൽ നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തുവെങ്കിലും, ആർക്കെതിരെയും വ്യക്തമായ തെളിവുകൾ പൊലീസിന് ലഭിച്ചിരുന്നില്ല.
പിന്നീട് വന്ന വാർത്തകളിൽ ക്രിസ്റ്റോഫർ ഹല്ലിവെൽ എന്നയാളാണ് ക്ലോഡിയയുടെ തിരോധാനത്തിന് പിറകിലെന്ന് പ്രചരിച്ചിരുന്നു.
ക്ലോഡിയയുടെ തിരോധാനത്തിനു ശേഷം അവരുടെ പേരിൽ ഒരു നിയമം തന്നെ സ്ഥാപിക്കപ്പെട്ടു. 2019 ജൂലൈ 31 ന് നിലവിൽ വന്ന ഈ നിയമമനുസരിച്ച്, കുടുംബാംഗങ്ങൾക്ക് തിരോധാനത്തിൽ ആയ വ്യക്തിയുടെ സാമ്പത്തിക ഇടപാടുകൾ ഏറ്റെടുക്കാനുള്ള അനുവാദം ലഭിക്കുന്നു. മുൻപ് കാണാതായ ആൾ മരിച്ചു എന്ന് സ്ഥിരീകരണം ലഭിച്ചാൽ മാത്രമേ കുടുംബാംഗങ്ങൾക്ക് സാമ്പത്തികകാര്യങ്ങളിൽ ഇടപെടാൻ ആകുമായിരുന്നുള്ളൂ. മാർച്ച് 18 ന് ശേഷം ക്ലോഡിയ ജോലി സ്ഥലത്ത് എത്താതിരുന്നതിനെ തുടർന്നാണ് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയത്. ആദ്യ ഒരു മാസത്തെ അന്വേഷണത്തിനുശേഷം, കൊലപാതകശ്രമം ആകാമെന്ന സംശയത്തിലൂടെ പോലീസ് നീങ്ങി. പിന്നീട് മേൽറോസേഗേറ്റിൽ ക്ലോഡിയയെ ഒരു പുരുഷനോടൊപ്പം കണ്ടെത്തിയതായും അഭ്യൂഹങ്ങൾ പരന്നിരുന്നു. ഒരു വർഷത്തിനുശേഷം ക്ലോഡിയയുടെ ഉറ്റസുഹൃത്തായ സൂസി കൂപ്പർ കേസിനെ സംബന്ധിച്ച് ഒരു തീരുമാനം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകി.
ക്ലോഡിയയെ അടുത്തറിയാവുന്ന ആരോ ആണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നതെന്ന് അടുത്തവൃത്തങ്ങൾ വ്യക്തമാക്കുന്നു. ക്ലോഡിയയെ കാണാതായി 4 മണിക്കൂറിന് ശേഷവും അവരുടെ മൊബൈൽ ഫോൺ ആക്ടീവ് ആയിരുന്നതായി തെളിവുകൾ വ്യക്തമാക്കുന്നുണ്ട്. ക്ലോഡിയയുടെ തിരോധാനത്തിനു കാരണമായവരെ കണ്ടുപിടിക്കുന്നത് വരെ കേസ് അവസാനിപ്പിക്കില്ലെന്ന് അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ പോൾ കെന്നഡി വ്യക്തമാക്കി. അന്വേഷണത്തിൻെറ ഭാഗമായി അടുത്തിടെ ഓഗസ്റ്റ് 24 -ന് യോർക്കിന് സമീപമുള്ള ഒരു ക്വാറിയിലും പോലീസ് തിരച്ചിൽ നടത്തി. അന്വേഷണം നടക്കുന്നതിനിടെ കഴിഞ്ഞ ഫെബ്രുവരിയിൽ ക്ലോഡിയയുടെ പിതാവ് പീറ്റർ മരണപ്പെട്ടു. കേസിനെ സംബന്ധിച്ച് പുതിയ വഴിത്തിരിവുകൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
Leave a Reply