ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിൽ ഗോത്രവംശജരായ ഇസ്ലാമിക കലാപകാരികൾ 300 ക്രൈസ്തവരെ ചുട്ടുകൊന്നുവെന്ന് സ്ഥിരീകരിച്ച റിപ്പോർട്ടുകൾ. ഇസ്ലാമിക കലാപം പിടിമുറിക്കിയ ഒറോമിയ സംസ്ഥാനത്ത് ഓഗസ്റ്റ് 18ന് നടന്ന ക്രിസ്തീയ വംശഹത്യയെ കുറിച്ചുള്ള വിവരങ്ങൾ, ‘എത്യോപ്യൻ ഹ്യൂമൺ റൈറ്റ്‌സ് കൗൺസിൽ’ സ്ഥിരീകരിച്ചതോടെയാണ് ഇക്കഴിഞ്ഞ ദിവസം പുറംലോകം അറിഞ്ഞത്. ഇതോടൊപ്പം രണ്ട് ദൈവാലയങ്ങൾ അഗ്‌നിക്കിരയാക്കിയെന്നും സർക്കാരിതര സന്നദ്ധ സംഘടനയായ ‘എത്യോപ്യൻ ഹ്യൂമൺ റൈറ്റ്‌സ് കൗൺസിൽ’ സ്ഥിരീകരിച്ചു.

ബൊക്കോ ബറാം, ഫുലാനി എന്നീ ഇസ്ലാമിക തീവ്രവാദ സംഘടനകൾ പിടിമുറുക്കുന്ന നൈജീരിയ ക്രൈസ്തവ രക്തസാക്ഷിത്വ ഭൂമിയായി മാറുന്നു എന്ന വാർത്തകൾക്ക് പിന്നാലെ, മറ്റൊരു ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിൽ ക്രിസ്തീയ വംശഹത്യ അരങ്ങേറിയ നടുക്കത്തിലാണ് വിശ്വാസികൾ. ഒറോമിയ സംസ്ഥാനത്തെ ഇസ്ലാമിക ഗോത്രമായ ‘ഓറാമോ’ വംശജരാണ് പ്രദേശത്തെ ന്യൂനപക്ഷവും എത്യോപ്യൻ ഓർത്തഡോക്‌സ് സഭാംഗങ്ങളുമായ ‘അംഹാർ’ ഗോത്ര ജനതയ്ക്കുനേരെ ആക്രമം അഴിച്ചുവിട്ടത്.

ഈസ്റ്റ് വെലെഗ പ്രവിശ്യയിലെ ഗിദ്ദ കിരമ്മുവിന് സമീപത്തുള്ള ‘അംഹാർ’ വംശജരുടെ വീടുകൾക്കൊപ്പം അഗസ അബ്ബോ ദൈവാലയവും തെൻബിയ മൈക്കിൾ ദൈവാലയവും അഗ്‌നിക്കിരയാക്കുകയായിരുന്നു. െ്രകെസ്തവരുടെ സുപ്രധാന തിരുനാളുകളിൽ ഒന്നായ ഈശോയുടെ രൂപാന്തരീകരണ തിരുനാളിന് ഒരുങ്ങുന്നതിനിടെ ഉണ്ടായ ആക്രമണത്തിൽ നിരവധി ക്രൈസ്തവർക്ക് പരിക്കേറ്റിട്ടുമുണ്ട്.

രാജ്യത്ത് ശക്തമാകുന്ന വംശീയവും മതപരവും രാഷ്ട്രീയവുമായ അശാന്തി ഏറ്റവും അധികം ബാധിച്ചിരിക്കുന്നത് ഒറാമിയ സംസ്ഥാനത്താണ്. തീവ്ര നിലപാടുകളുള്ള ഇസ്ലാമിക വിഭാഗമായ ‘ഓറാമോ’ വംശജരാണ് എത്യോപ്യൻ ഓർത്തഡോക്‌സ് ക്രൈസ്തവർക്കുനേരെ ആക്രമണങ്ങൾ പതിവാക്കുന്നത്. ടിഗ്രേ മേഖലയിലെ രാഷ്ട്രീയ കലാപത്തിനും ഇതുവരെ അറുതിയായിട്ടില്ല. എത്യോപ്യ ഫെഡറൽ സേനയും വിഘടനവാദികളും തമ്മിലുള്ള ടിഗ്രേ മേഖലയിലെ ഏറ്റുമുട്ടലുകളിൽ ആയിരക്കണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്. അതിനിടെയാണ് ‘ഓറാമോ’ ഗോത്രജനതയുടെ കലാപം.