ന്യൂസ് ഡെസ്ക് മലയാളം യുകെ

യു എസ്‌ :- പ്രമുഖ യുഎസ് കാർ നിർമാണ കമ്പനിയായ ഫോഡ് മോട്ടോഴ്സ് ഇന്ത്യൻ നിർമ്മാണ മേഖലയിൽ നിന്നും പിൻവാങ്ങാൻ ഒരുങ്ങുന്നു. കമ്പനി പുറത്തിറക്കിയ വാർത്താകുറിപ്പിൽ, ഇന്ത്യയിലെ രണ്ട് പ്ലാന്റുകളും അടയ്ക്കാൻ ഒരുങ്ങുകയാണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഗുജറാത്ത്, തമിഴ് നാട് എന്നിവിടങ്ങളിൽ ഉള്ള പ്ലാന്റുകൾ 2022 ന്റെ പകുതിയോടെ അടയ്ക്കും. എന്നാൽ എൻജിൻ നിർമ്മാണ പ്ലാന്റ് മാത്രം നിലനിർത്തുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. അടുത്തിടെയായി ഇന്ത്യയിലെ ഉത്പാദനം അവസാനിപ്പിക്കുന്ന മൂന്നാമത്തെ അമേരിക്കൻ വാഹന കമ്പനിയാണ് ഫോഡ്. 2017 ൽ ജനറൽ മോട്ടോഴ്സ് (ജി എം ) ഇന്ത്യയിലെ തങ്ങളുടെ നിർമ്മാണം നിർത്തിയിരുന്നു. അതോടൊപ്പം തന്നെ കഴിഞ്ഞ വർഷം പ്രമുഖ ഇരുചക്രവാഹന കമ്പനിയായ ഹാർലി-ഡേവിഡ് സൺ ഇന്ത്യൻ വാഹന നിർമ്മാണ മേഖലയിൽ നിന്നും പിൻവാങ്ങിയിരുന്നു. ഇത്തരം പിൻമാറ്റങ്ങൾ വിദേശ നിക്ഷേപകരെ ആകർഷിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പദ്ധതികൾക്ക് വിഘാതം ഏൽപ്പിക്കുന്നുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


കഴിഞ്ഞ പത്ത് വർഷങ്ങളിലായി , ഫോഡ് കമ്പനിക്ക് വിവിധ പ്രവർത്തന മേഖലകളിലായി 2 ബില്യൺ ഡോളറിന്റെ നഷ്ടമുണ്ടായതായും, അതോടൊപ്പം തന്നെ ഫോഡ് വണ്ടികളുടെ ആവശ്യക്കാർ കുറഞ്ഞതും കമ്പനിയുടെ നിലനിൽപ്പിനെ ബാധിച്ചതായി വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. അഞ്ചു മോഡൽ കാറുകൾ ഇന്ത്യൻ മാർക്കറ്റുകൾക്കായി നിലവിൽ നിർമ്മിച്ചിരുന്ന കമ്പനി, നിലവിലെ ഉപഭോക്താക്കൾക്ക് ആവശ്യമായ സർവീസുകളും, സ്പെയർ പാർട് സുകളും, വാറന്റി സേവനങ്ങളും നൽകുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ 25 വർഷത്തോളമായി ഇന്ത്യൻ കാർ നിർമാണ മേഖലയിലെ പ്രമുഖ കമ്പനികളിൽ ഒന്നുതന്നെയായിരുന്നു ഫോർഡ്. ഇന്ത്യൻ നിരത്തുകളിൽ ഓടുന്ന രണ്ടുശതമാനം വാഹനങ്ങൾ ഫോഡ് കമ്പനിയുടേതാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. രാജ്യത്തെ ഏറ്റവും പ്രമുഖ കാർ നിർമാതാക്കളിൽ ഒൻപതാം സ്ഥാനമാണ് ഫോഡിനുള്ളത്. ഇത്തരമൊരു പിൻമാറ്റം ഇന്ത്യൻ സാമ്പത്തിക മേഖലയ്ക്ക് ഗുണം ചെയ്യില്ല എന്ന വിലയിരുത്തലാണ് എല്ലാവരും നടത്തുന്നത്.