കോട്ടയം വൈക്കം ടി വി പുരം ചെമ്മനത്തുകരയിൽ കരിയാറിന്റെ തീരത്ത് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത് കഴിഞ്ഞ മാസമാണ്. ചെമ്മീൻ കൃഷിക്കായി രമേശൻ നായർ എന്ന വ്യക്തി സ്ഥലം ലീസിന് എടുത്ത് ഇരിക്കുകയായിരുന്നു. സ്ഥലം വൃത്തിയാക്കുന്നതിനിടയിൽ ആണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ ഫോറൻസിക് പരിശോധന നടത്തി ആളെ കണ്ടെത്താനുള്ള ശ്രമമാണ് ഭാഗികമായി വിജയം കാണുന്നത്. കോട്ടയം മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗം നടത്തിയ പരിശോധനയിലാണ് 18 നും 30 നും മധ്യേ പ്രായമുള്ള യുവാവിന്റെ മൃതദേഹമാണ് ഇതെന്ന് സ്ഥിരീകരിച്ചത്. കോട്ടയം മെഡിക്കൽ കോളജിലെ ഫോറൻസിക് സർജൻ ഡോക്ടർ ജെയിംസ് കുട്ടിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
ഇയാളുടെ ശരീരഘടന സംബന്ധിച്ചുള്ള നിഗമനങ്ങളും ഫോറൻസിക് സംഘം മുന്നോട്ടുവെക്കുന്നു. 160- 167 സെന്റീമീറ്റർ വരെ ഉയരമുള്ള വ്യക്തിയാണ് ഇതെന്ന് ഫോറൻസിക് വിദഗ്ധർ പറയുന്നു. ഏറെ ശാരീരിക പുഷ്ടിയുള്ള ആളുടെ ശരീരാവശിഷ്ടങ്ങൾ ആണ് ഇതെന്നും ഫോറൻസിക് സംഘം കണ്ടെത്തി. ഒരു കാലിന് പൊട്ടൽ ഉണ്ടായിട്ടുണ്ട്. മുട്ടിനും പാദത്തിലും ഇടയിലാണ് ഈ പൊട്ടൽ ചേർന്ന നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന് മുൻപ് തന്നെ ഈ പൊട്ടൽ ഭേദമായതാകാം എന്ന് ഫോറൻസിക് സംഘം വിലയിരുത്തുന്നു.
സംഭവത്തിൽ ഏറെ നിർണായകമായ വിവരങ്ങളാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത് എന്ന് വൈക്കം ഡിവൈഎസ്പി എ ജെ തോമസ് പറഞ്ഞു. നേരത്തെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കാണാതായ യുവാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയിരുന്നത്. ചെമ്മനത്തുകര യിൽ നിന്ന് തന്നെ കാണാതായ രണ്ടു യുവാക്കൾക്ക് 40 വയസിൽ താഴെയാണ് പ്രായം. അതിലൊരാൾക്ക് 21 വയസ്സ് ആണ് ഉള്ളത് എന്നും പോലീസ് പറയുന്നു. ഇവരുടെ ബന്ധുക്കളുടെ രക്തസാമ്പിളുകൾ ശേഖരിച്ച് ഡിഎൻഎ പരിശോധന നടത്തി അന്തിമ നിഗമനത്തിലെത്താൻ ആണ് പോലീസ് നീക്കം. ഇവിടെ നിന്നും കാണാതായ 40 വയസ്സിനു മുകളിൽ പ്രായമുള്ള ഒരാളിന്റെ ബന്ധുക്കളുടെ രക്ത സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
സംഭവത്തിൽ വൈകാതെതന്നെ അന്തിമമായ നിഗമനത്തിലെത്താൻ ആകും എന്നാണ് പോലീസ് കരുതുന്നത്. കാണാതായ ഇരുപത്തിയൊന്നുകാരൻ മൃതദേഹാവശിഷ്ടം കണ്ടെത്തിയ മടൽക്കുഴിക്കു സമീപത്തുതന്നെയുള്ള ആളാണ്. ഇയാളെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും ഊർജിതമാക്കിയിട്ടുണ്ട്. ബന്ധുക്കളിൽ നിന്ന് വിവരം ശേഖരിച്ചാണ് അന്വേഷണം നടത്തി വരുന്നത്. കേവലം മൊഴികളുടെ അടിസ്ഥാനത്തിൽ മാത്രം അന്തിമ നിഗമനത്തിലെത്താൻ ആകില്ല എന്ന് പോലീസ് പറയുന്നു. മൃതദേഹാവശിഷ്ടങ്ങൾ മാത്രം ആണ് നിലവിൽ കൈയിലുള്ള തെളിവ്. അതുകൊണ്ടുതന്നെ ശാസ്ത്രീയ പരിശോധന നടത്തി മാത്രമേ അന്തിമമായ നിഗമനത്തിൽ എത്തുവെന്നും വൈക്കം പോലീസ് അറിയിച്ചു. മൃതദേഹം ആരുടേതെന്ന് സ്ഥിരീകരിച്ചാൽ തുടർന്ന് ആ വ്യക്തിയുമായി ബന്ധപ്പെട്ട് അന്വേഷണത്തിലേക്ക് കടക്കാനാണ് പോലീസ് നീക്കം. സ്വാഭാവികമരണം ആണോ കൊലപാതകമാണോ എന്ന കാര്യത്തിൽ അന്തിമമായ വ്യക്തത അപ്പോൾ മാത്രമാകും ഉണ്ടാകുക. ഏതായാലും അത്തരം അന്വേഷണങ്ങൾ നടത്തണം എന്നുണ്ടെങ്കിൽ ആദ്യം മൃതദേഹം ആരുടേതെന്ന് തിരിച്ചറിയേണ്ടതുണ്ട്.
Leave a Reply