ആശുപത്രി സ്‌ട്രെച്ചറില്‍ കിടന്ന് പ്രിയതമനെ അവസാനമായി ഒരു നോക്കു കണ്ട് ജിനി. കൂടി നിന്നവരുടെയും കണ്ണുകളെ ഈറനണിയിക്കുന്ന നിമിഷം കൂടിയായിരുന്നു അത്. പെരിങ്കരിയില്‍ കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച ജസ്റ്റിന്റെ മൃതദേഹം തിങ്കളാഴ്ചയാണ് ചികിത്സയില്‍ കഴിയുന്ന ഭാര്യ ജിനിയെ കാണിക്കാന്‍ കണ്ണൂരിലെ മിംസില്‍ എത്തിച്ചത്.

ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു വൈകാരികമായ നിമിഷങ്ങള്‍. അതുവരെ ജസ്റ്റിന്‍ മറ്റൊരു ആശുപത്രിയിലാണെന്നും പരിക്ക് ഗുരുതരമാണെന്നും അറിയിച്ച് ആശ്വസിപ്പിച്ച് നിര്‍ത്തിയിരിക്കുകയായിരുന്നു. ജസ്റ്റിനെ അവസാനമായി ഒരു നോക്ക് കാണാന്‍ എത്തിച്ചതോടെ തകര്‍ന്നുപോയി ജിനി. അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ വീട്ടിലേക്ക് വരണമെന്ന് ജിനി നിര്‍ബന്ധം പിടിച്ചെങ്കിലും ഡോക്ടര്‍മാരുടെയും ബന്ധുക്കളുടെയും സമ്മര്‍ദത്തിന് വഴങ്ങി ആശുപത്രിയില്‍ തന്നെ കഴിയുകയായിരുന്നു.

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പരിശോധന കഴിഞ്ഞ് ധനലക്ഷ്മി ആസ്പത്രിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു മൃതദേഹം. വൈകുന്നേരത്തോടെ മൂത്ത സഹോദരന്‍ ജോജുവും മാതാപിതാക്കളും താമസിക്കുന്ന പെരിങ്കരിയിലെ വീട്ടിലെത്തിച്ചു. ചൊവ്വാഴ്ച 11-ന് പെരിങ്കരി സെയ്ന്റ് അല്‍ഫോന്‍സാ പള്ളി സെമിത്തേരിയില്‍ തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ സംസ്‌കരിക്കും.

ഞായറാഴ്ച ഇതേ പള്ളിയിലേക്ക് ജിനിക്കൊപ്പം ബൈക്കില്‍ പുറപ്പെട്ടപ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം. വീട്ടിലെത്തിച്ച മൃതദേഹത്തിനരികെ ജസ്റ്റിന്റെ പിഞ്ചുമക്കള്‍ ഇരുന്നത് എല്ലാവരുടെയും കണ്ണുകളെ ഈറനണിയിച്ചു.