ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഇന്ന് പുലർച്ചെ പെയ്ത കനത്ത മഴയിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ റോഡ് ഗതാഗതം തടസപ്പെട്ടു. ലണ്ടനിലും സമീപ പ്രദേശങ്ങളിലും ഇന്ന് മൂന്ന് ഇഞ്ച് വരെ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. മഴ കനത്തതോടെ പല റോഡുകളും വെള്ളത്തിനടിയിലായി. ലണ്ടനിൽ ഉൾപ്പെടെ യുകെയുടെ നോർത്ത് ഈസ്റ്റ്‌ ഭാഗങ്ങളിൽ വെള്ളപൊക്ക മുന്നറിയിപ്പ് നിലവിലുണ്ട്. രാജ്യത്തിന്റെ തെക്കൻ പ്രദേശങ്ങളിൽ പുറപ്പെടുവിച്ചിരുന്ന യെല്ലോ അലേർട്ട് പിൻവലിച്ചു. നോർത്ത് ഈസ്റ്റ്‌ പ്രദേശങ്ങളിൽ 24 മണിക്കൂറിൽ 50 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലണ്ടനിലെ സെന്റ് ജെയിംസ് പാർക്കിൽ ഇന്ന് രാവിലെ 26 മില്ലിമീറ്റർ മഴ ലഭിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. സമീപത്തെ നൈറ്റ്സ്ബ്രിഡ്ജ്, ഹാമേഴ്സ്മിത്ത് എന്നിവിടങ്ങളിൽ മഴ കനത്തതോടെ റോഡുകൾ വെള്ളത്തിനടിയിലായി. റെയിൽ ഗതാഗതവും തടസപ്പെട്ടു.

ഇന്ന് അർദ്ധരാത്രിയ് ക്കും രാവിലെ 6 മണിക്കും ഇടയിൽ ലണ്ടനിലെ സെന്റ് ജെയിംസ് പാർക്കിൽ 35 മില്ലിമീറ്റർ മഴയും വെസ്റ്റ് സസെക്സിലെ സ്റ്റോറിംഗ്ടണിൽ 30 മില്ലീമീറ്ററും ലീസെസ്റ്റർഷയറിലെ മാർക്കറ്റ് ബോസ്വർത്തിൽ 29 മില്ലീമീറ്ററും മഴ ലഭിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ചു. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ മഴ കുറയുന്നുണ്ടെങ്കിലും ന്യൂനമർദ്ദം ഇപ്പോൾ നോർത്ത് ഈസ്റ്റ്‌ ഇംഗ്ലണ്ടിലേയ്ക്കും സൗത്ത് ഈസ്റ്റ്‌ സ്കോട്ട്ലൻഡിലേയ്ക്കും നീങ്ങിയതായി മെറ്റ് ഓഫീസ് അറിയിച്ചു. നിലവിൽ വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങൾക്കായി 54 ഫ്ലഡ് അലേർട്ടുകളും ഇംഗ്ലണ്ടിൽ നാല് പ്രളയ മുന്നറിയിപ്പുകളും പരിസ്ഥിതി ഏജൻസി പുറപ്പെടുവിച്ചിട്ടുണ്ട്.

ലണ്ടൻ, ബർമിംഗ്ഹാം, കുംബ്രിയ എന്നിവിടങ്ങളിൽ വെള്ളപൊക്ക സാധ്യതയുണ്ട്. ഗതാഗതം തടസ്സപ്പെടുന്നതോടൊപ്പം വൈദ്യുതിയും തടസ്സപ്പെട്ടേക്കും. പൊതുജനങ്ങൾ സുരക്ഷിതരായി തുടരാനാണ് നിർദേശം. തലസ്ഥാനത്തെ വെള്ളപ്പൊക്കം നേരിടാൻ ഗതാഗത, കൗൺസിൽ മേലധികാരികളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് ലണ്ടൻ മേയർ സാദിഖ് ഖാൻ പറഞ്ഞു. മഴയോടൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.