ന്യൂസ് ഡെസ്ക് മലയാളം യുകെ
നോർത്താംപ്ടൺ: കണ്ണൂർ പയ്യാവൂരുകാരനായ ജോഷി മാത്യൂസ് യുകെയിൽ എത്തിയിട്ട് 17 വർഷമായി. ചെറുപ്പം മുതലേ മനസ്സിൽ കൊണ്ടുനടന്ന ഒരാഗ്രഹം സാക്ഷാത്കരിച്ച സന്തോഷത്തിലാണ് ജോഷി ഇപ്പോൾ. മണ്ണിനെയും കൃഷിയെയും സ്നേഹിക്കുന്ന ജോഷി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് പാവൽ കൃഷിയിലാണ്. നോർത്താംപ്ടണിലെ റഷ്ടണിൽ ‘ഹാപ്പി ഫീറ്റ് ദി ലിറ്റിൽ ഫുട് ക്ലിനിക് ‘ എന്നൊരു സ്ഥാപനം നടത്തിവരുന്നു. ഭാര്യ ഷീബ കെറ്റെറിങ് ജനറൽ ഹോസ്പിറ്റലിൽ നേഴ്സ് ആയി പ്രവർത്തിക്കുന്നു. മാത്യൂസ്, ഇസബെൽ, അബിഗയിൽ എന്നിവർ മക്കൾ. മാത്യൂസ് എ ലെവൽ വിദ്യാർത്ഥിയാണ്. ഇസബെൽ പത്തിലും അബിഗയിൽ ഒൻപതിലും പഠിക്കുന്നു. പോഷക സമൃദ്ധമായതും ഔഷധഗുണമുള്ളതുമായ പാവൽ കൃഷിചെയ്യുമ്പോൾ ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പാവൽ കൃഷിയിലേക്കുള്ള തന്റെ കടന്നുവരവും കൃഷിരീതിയും വിവരിക്കുകയാണ് ജോഷി മാത്യൂസ് മലയാളംയുകെയിൽ.
ചെറുപ്പം മുതലേയുള്ള ആഗ്രഹം
ചെറുപ്പത്തിൽ വീട്ടിൽ പാവൽ കൃഷി ഒരു വരുമാന മാർഗമായിരുന്നു. പാവലിനു വെള്ളമൊഴിക്കൽ ഒരു ഭാരമായിരുന്നെങ്കിലും പറമ്പിൽ വിളഞ്ഞു തൂങ്ങി കിടക്കുന്ന പാവക്കകളുടെ ഇടയിലൂടെ അവയെ തലോടി നടക്കുമായിരുന്നു. പപ്പയുടെ കൂടെ നടന്നു കൃഷിയോടും പ്രകൃതിയോടുമുള്ള താല്പര്യം വർദ്ധിച്ചു. യുകെയിലേക്ക് കുടിയേറിയപ്പോഴും ഉള്ള സൗകര്യങ്ങളിൽ അകത്തും പുറത്തുമായി പഴവും പച്ചക്കറിയും വളർത്തി തുടങ്ങി. എപ്പോഴും അത് മനസ്സിന് സന്തോഷവും സംതൃപ്തിയും നൽകും.
പാവൽ കൃഷിയിലേയ്ക്കുള്ള വരവ്
സാധനങ്ങൾ വാങ്ങാൻ വീടിനടുത്തുള്ള കടയിൽ പോകുമ്പോൾ ഒരു മൂലയ്ക്ക് ഒതുങ്ങിയിരിക്കുന്ന പാവയ്ക്കകളെ ശ്രദ്ധിക്കും. ചൈന ബ്രാൻഡ് പാവയ്ക്കാ വാങ്ങാതെ നമ്മുടെ ഇനം വാങ്ങി വീട്ടിലെത്തും. നാട്ടിൽ നിന്നും അമ്മ കൊടുത്തുവിട്ട ചില വിത്തുകളിൽ അഞ്ചാറു പാവൽ വിത്തുകളും ഉണ്ടായിരുന്നു. യാദൃശ്ചികമായി വന്നുപ്പെട്ട ആ വിത്തുകളാണ് പാവൽ കൃഷി ആരംഭിക്കാനുള്ള പ്രധാന കാരണം.
നടീലും നനയ്ക്കലും
അമ്മ കൊടുത്തുവിട്ട പാവൽ വിത്തുകൾ മണ്ണ് നിറച്ച ചട്ടിയിൽ പാകി. ഇടയ്ക്ക് വെള്ളമൊഴിച്ചു കൊടുത്തു. ആഴ്ചകൾ പിന്നിട്ടിട്ടും ഒരനക്കവുമില്ല. വേനൽക്കാലത്തിന്റെ തുടക്കത്തിൽ വെളിയിലേക്ക് മാറ്റി വച്ചു. കുറച്ചു ദിവസങ്ങൾക്ക് ശേഷമാണ് രണ്ട് പാവയ്ക്ക കുഞ്ഞുങ്ങൾ മുളപൊട്ടി നിൽക്കുന്നത് കണ്ടത്. വലിയ സന്തോഷമായിരുന്നു. രണ്ട് ദിവസങ്ങൾക്കുള്ളിൽ ബാക്കി മൂവരും തലപൊക്കി. തുടർന്ന് വലിയ രണ്ട് ചട്ടിയിൽ പറിച്ചുനട്ടു. അല്പം വളവും രണ്ട് നേരം വെള്ളവും ഒഴിക്കും. ചെറിയ പൂമൊട്ടുകൾ ഉണ്ടായി. ദിവസങ്ങൾക്കുള്ളിൽ പാവൽ ചെടികൾ പാവൽകുഞ്ഞുങ്ങളാൽ നിറഞ്ഞു.
വളർച്ചയെത്തിയ പാവക്കകൾ മെല്ലെ ചുവന്നു പഴുക്കാൻ തുടങ്ങും. ആദ്യത്തെ രണ്ട് മൂന്നെണ്ണം വിത്തിനിടും. പാവലുകൾക്ക് വളരാൻ നല്ല സ്ഥലം ആവശ്യമുണ്ട്. നമ്മുടെ റൂം കാലാവസ്ഥ അനുയോജ്യമാണ്. എന്റെ അനുഭവത്തിൽ വീടിനുള്ളിൽ വളർത്താൻ എളുപ്പമുള്ള പച്ചക്കറിയാണ് പാവൽ. വളർന്നു പന്തലിച്ച പാവൽ വീടിനൊരു അലങ്കാരം കൂടിയാണ്.
പാവയ്ക്കാ മുതലാളി ആവണം
ഈ വർഷം കഴിഞ്ഞ വർഷത്തെ വിത്തിൽ നിന്നും പത്തു ചെടികൾ ഉണ്ടായി. പടർന്നു പിടിച്ച പാവലുകളും അതിൽ വിളഞ്ഞ പാവയ്ക്കകളും എനിക്ക് പ്രോത്സാഹനം നൽകി. എന്റെ കൃഷിയെക്കുറിച്ച് അറിഞ്ഞ കൂട്ടുകാർക്ക് ആവശ്യാനുസരണം പാവയ്ക്കാ പാഴ്സലായി അയച്ചു കൊടുത്തു. എന്ത് കൊണ്ട് പാവൽ കൃഷി ഒരു കൊച്ചു വരുമാനമാർഗം ആക്കികൂടാ എന്ന ആശയം മനസ്സിൽ ഉദിച്ചു. വരും വർഷങ്ങളിൽ കൂടുതൽ സ്ഥലത്ത് പാവൽ വളർത്തണമെന്നാണ് ആഗ്രഹം. പരിപാലിച്ചു വളർത്തുന്ന പാവലുകൾ ശുദ്ധമായ പാവയ്ക്കകൾ നൽകും. ഇനി എനിക്കും ഒരു പാവയ്ക്കാ മുതലാളി ആവണം. കുടുംബവും സുഹൃത്തുക്കളും ഒപ്പമുണ്ടെന്ന് ജോഷി മലയാളം യുകെയോട് പറഞ്ഞു.
പാവൽ കൃഷിയെ കുറിച്ച് അറിയാനും വിത്തിനായും ജോഷി മാത്യുവിനെ 07723060940 എന്ന വാട്ട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടാം.
ജോഷി മാത്യുവിൻെറ ഫേസ്ബുക്ക് : https://www.facebook.com/worldofpaval/
Leave a Reply