ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : യുകെയിലെ നിശാപാർട്ടികളിൽ ഡ്രിങ്ക് സ്പൈക്കിംഗ് കേസുകൾ വർദ്ധിച്ചുവരുന്നതായി മലയാളംയുകെ റിപ്പോർട്ട് ചെയ്തിരുന്നു. നിരവധി യൂണിവേഴ്സിറ്റി ടൗണുകളിലെ വിദ്യാർത്ഥികൾ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പാർട്ടികളിൽ മറ്റൊരാളുടെ സമ്മതമില്ലാതെ അവരുടെ പാനീയത്തിൽ ലഹരിമരുന്നോ മറ്റ് വസ്തുക്കളോ കലർത്തുന്ന പ്രവണത രാജ്യത്താകമാനം ഉയരുകയാണ്. വർദ്ധിച്ചുവരുന്ന ആക്രമണങ്ങളെ തുടർന്ന് പാർട്ടികൾ ബഹിഷ്കരിക്കാൻ വിദ്യാർത്ഥികൾ ആഹ്വാനം ചെയ്തു. ഗേൾസ് നൈറ്റ് ഇൻ എന്ന ക്യാംപെയ്ൻ ഗ്രൂപ്പാണ് ബഹിഷ്‌ക്കരണം സംഘടിപ്പിക്കുന്നത്. നിശാപാർട്ടികളിൽ നിന്നും നൈറ്റ്‌ക്ലബുകളിൽ നിന്നും വിട്ടുനിൽക്കാൻ അവർ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു.
വിദ്യാർത്ഥികൾക്ക് ബോധവൽക്കരണം നൽകുന്നതിനായി സെന്റ് ആൻഡ്രൂസ് സർവകലാശാല പുതിയ നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു. സബീന നെസ്സയുടെയും സാറ എവറാഡിന്റെയും കൊലപാതകങ്ങളെത്തുടർന്ന് രാത്രിയിൽ സ്ത്രീകളുടെ സുരക്ഷയെ പറ്റി രാജ്യവ്യാപകമായ ആശങ്ക ഉയരുന്ന സാഹചര്യത്തിലാണ് ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പാർട്ടികളിൽ പങ്കെടുക്കുന്നവരെ അവരുടെ സമ്മതം കൂടാതെ കുത്തിവയ്ക്കുന്ന രീതിയും ഉയർന്നിട്ടുണ്ട്.
നിങ്ങളുടെ ഡ്രിങ്കിൽ ലഹരിമരുന്ന് കലർത്തിയാൽ പെട്ടെന്നു തിരിച്ചറിയാൻ കഴിയില്ല. കലർത്താൻ ഉപയോഗിച്ചിരിക്കുന്ന മിശ്രിതം, അളവ്, നിങ്ങളുടെ ശരീര ഭാരം, കഴിച്ച മദ്യത്തിന്റെ അളവ് എന്നിവയെ ആശ്രയിച്ചാണ് ശരീരത്തിൽ മാറ്റങ്ങൾ ഉണ്ടാവുന്നത്. കൂടുതൽ ലഹരി കഴിച്ചപോലെയുള്ള തോന്നൽ, ബാലൻസ് നഷ്ടപ്പെടുന്നു, കാഴ്ച പ്രശ്നങ്ങൾ, ആശയക്കുഴപ്പം, ഓക്കാനം, ഛർദ്ദി, അബോധാവസ്ഥ എന്നീ ലക്ഷണങ്ങൾ കാണപ്പെട്ടാൽ നിങ്ങൾ ഡ്രിങ്ക് സ്പൈക്കിംഗിന് ഇരയായി എന്ന് കരുതാം. ഒപ്പമുള്ള വ്യക്തിയാണ് ഡ്രിങ്ക് സ്പൈക്കിംഗിന് ഇരയായതെങ്കിൽ അവരെ ഒറ്റയ്ക്കു വിടാതിരിക്കുക. ഒപ്പം തന്നെ ആ വ്യക്തി ഉടൻ തന്നെ മദ്യപാനം നിർത്തുന്നുവെന്ന് ഉറപ്പാക്കുക. അവസ്ഥ വഷളാകുകയാണെങ്കിൽ ഉടൻ തന്നെ ആംബുലൻസ് വിളിക്കേണ്ടതാണ്.
Leave a Reply