ന്യൂസ് ഡെസ്ക് മലയാളം യുകെ

ആരോഗ്യപ്രവർത്തകരിൽ കോവിഡ്-19 ൻെറ പ്രതിരോധ കുത്തിവെയ്പ്പുകൾ എടുക്കാൻ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളുമായി മുന്നോട്ടുപോവാൻ ഉറച്ച്‌ ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ്. വാക്സിനേഷൻ നിർബന്ധമാക്കിയാൽ വെസ്റ്റ്ലാൻഡിൽ തന്നെ പതിമൂവായിരത്തിലധികം എൻഎച്ച്എസ് ജീവനക്കാർക്ക് തങ്ങളുടെ ജോലി നഷ്ടമാകും. ബർമിങ്ഹാമിലെ ഏറ്റവും വലിയ ആശുപത്രിയായ ക്യൂൻ എലിസബത്ത് ഹോസ്പിറ്റൽ ഉൾപ്പെടുന്ന മണ്ഡലമായ എഡ് ജ്ബാസ്റ്റൺ എംപി പ്രീത് കൗർ ഗിൽ വരാൻ സാധ്യതയുള്ള ഒരു വൻ ദുരന്തമായി ആരോഗ്യ സെക്രട്ടറിയുടെ ഈ നീക്കത്തെ വിമർശിച്ചു. ഈ നടപടി രോഗികളുടെ പരിചരണത്തെ സാരമായി ബാധിക്കുമെന്ന് എൻ എച്ച് എസ് അധികൃതർ വ്യക്തമാക്കി.

ഇംഗ്ലണ്ടിലെ ഹെൽത്ത് കെയർ ജീവനക്കാർക്ക് പ്രതിരോധ കുത്തിവെയ്പ്പുകൾ നിർബന്ധമാക്കാനുള്ള തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ് താനെന്ന് സാജിദ് ജാവിദ് പറഞ്ഞു. നേരത്തെ ഹെൽത്ത് കെയർ ജീവനക്കാർക്കും സമാനമായ നടപടി അവതരിപ്പിച്ചിരുന്നു. നവംബർ 11 മുതൽ എല്ലാ കെയർഹോം ജീവനക്കാരും മെഡിക്കൽ കാരണങ്ങളാൽ ഒഴിവാക്കപ്പെടുന്നില്ലെങ്കിൽ പൂർണമായി വാക്സിനേഷൻ സ്വീകരിക്കേണ്ടതുണ്ട്.എന്നാൽ എൻഎച്ച്എസിൻെറ കണക്കുകളനുസരിച്ച് ബെർമിങ്ഹാം, സോളിഹൾ, കവെൻട്രി, ബ്ലാക്ക് കൺട്രി എന്നിവിടങ്ങളിൽ ഏകദേശം 13,270 എൻഎച്ച്എസ് ജീവനക്കാരാണ് പൂർണമായി വാക്സിനേഷൻ എടുക്കാത്തത് ഇതിൽ 9,674 ജീവനക്കാർ ഒരു ഡോസ് വാക്സിൻ പോലും സ്വീകരിച്ചിട്ടില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


ആരോഗ്യ മേഖലയിലെ മുൻനിര ജീവനക്കാർക്ക് കോവിഡ് പ്രതിരോധ കുത്തിവയ്പ്പുകൾ നിർബന്ധമാക്കണോ എന്നതിനെക്കുറിച്ച് സർക്കാർ ആലോചിച്ച് വരികയാണ്. എന്നാൽ,പുതിയ നടപടിയിൽ താൻ ഉറച്ച് നിൽക്കുകയാണെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് മാധ്യമങ്ങളോട് പറഞ്ഞു . ഇത്തരത്തിലൊരു നയം കെയർ സെക്ടറുകളിൽ പ്രഖ്യാപിച്ചപ്പോൾ കൂടുതൽ ആളുകൾ മുന്നോട്ടുവരികയും പ്രതിരോധകുത്തിവെയ്പ്പുകൾ എടുക്കുകയുമാണ് ചെയ്തത് . ഇതുപോലെ എൻഎച്ച്എസ് ജീവനക്കാരും പ്രതിരോധ കുത്തിവെയ്പ്പുകൾ സ്വീകരിക്കുവാനായി മുന്നോട്ട് വരുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും ആരോഗ്യ സെക്രട്ടറി പ്രതികരിച്ചു. ആരോഗ്യപ്രവർത്തകർ വാക്സിനേഷൻ സ്വീകരിച്ചില്ലെങ്കിൽ അത് രോഗികളുടെ സുരക്ഷയെ ബാധിക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

എൻഎച്ച്എസ്‌ ജീവനക്കാരിൽ ഭൂരിഭാഗവും വാക്സിനേഷൻ സ്വീകരിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും ജീവനക്കാരിൽ ചിലർ ഇതിനോട് വിമുഖത കാണിക്കുന്നുണ്ട് . എൻഎച്ച്എസിൻെറ കണക്കുകൾ പ്രകാരം ബിർമിംഗ്ഹാമിലെയും സോളിഹുൾ മെന്റൽ ഹെൽത്ത് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിലെയും 16 ശതമാനത്തോളം ജീവനക്കാർ ഒരു ഡോസ് വാക്സിനേഷൻ പോലും സ്വീകരിച്ചിട്ടില്ല. സാൻഡ്വെൽ, വെസ്റ്റ് ബർമിംഗ്ഹാം ഹോസ്പിറ്റൽസ് തുടങ്ങിയ എൻഎച്ച്എസ് ട്രസ്റ്റിലെ 15 ശതമാനത്തോളം ജീവനക്കാരാണ് വാക്സിനേഷൻ എടുക്കാത്തതായുള്ളത്. ക്യൂൻ എലിസബത്ത് ഉൾപ്പെടെ ഉള്ള നിരവധി പ്രധാന ആശുപത്രികൾ നടത്തുന്ന യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽസ് ബർമിംഗ്ഹാം എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിൻെറ ഏകദേശം 14 ശതമാനത്തോളം ജീവനക്കാരാണ് വാക്സിനേഷൻ എടുക്കാത്തത്.

സർക്കാരിൻെറ ഈ പുതിയ പദ്ധതി പ്രകാരം വാക്സിനേഷൻ എടുക്കാത്ത ജീവനക്കാർക്കെതിരെ എന്ത് നീക്കമാണ് നടത്തുന്നതെന്ന് ഇതുവരെയും വ്യക്തമല്ല. പ്രതിരോധ കുത്തിവെയ്പ്പുകൾ സ്വീകരിക്കാത്തവർക്ക് തങ്ങളുടെ ജോലി നഷ്ടമാവാൻ ആണ് ഏറെ സാധ്യത. അതേസമയം ബൂസ്റ്റർ പ്രോഗ്രാമിൻെറ വിതരണത്തെക്കുറിച്ചുള്ള ആശങ്ക എംപി പ്രീത് കൗർ ഗിൽ പങ്കുവെച്ചു. എൻഎച്ച്എസ് ജീവനക്കാർ വാക്സിൻ സ്വീകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ, ബൂസ്റ്റർ വാക്സിനേഷനുകളുടെ വിതരണം ഫലപ്രദമായി നടപ്പിലാക്കാനാണ് സർക്കാർ ഇപ്പോൾ ശ്രദ്ധ ചെലുത്തേണ്ടതെന്നും അവർ ഓർമ്മിപ്പിച്ചു. ദശലക്ഷം രോഗികൾ വെയിറ്റിംഗ് ലിസ്റ്റിൽ ഉള്ള ഈ സമയത്ത് ജീവനക്കാരെ പ്രതിരോധകുത്തിവെയ്പ്പുകൾ സ്വീകരിക്കാത്തതിൻെറ പേരിൽ പുറത്താക്കരുത് എന്നും അവർ പറഞ്ഞു.