ന്യൂസ് ഡെസ്ക് മലയാളം യുകെ

ലോകത്ത് ആദ്യമായി വാക്സിൻ പൊതു ജനങ്ങളിലേക്ക് എത്തിച്ചത് ബ്രിട്ടനാണ്. വാക്സിൻ നിർമാതാക്കളുമായി കരാറുകളിൽ ഏർപ്പെടുന്നതിലും ആവശ്യമായ വാക്സിൻ ലഭ്യത ഉറപ്പാക്കുന്നതിലും കാര്യക്ഷമമായ പ്രവർത്തനമാണ് ഭരണ നേതൃത്വത്തിൻെറ ഭാഗത്തുനിന്ന് ഉണ്ടായത്. ഒരു സമയത്ത് ലോകമാകെ ആഞ്ഞടിച്ച കോവിഡ് മഹാമാരിയെ പിടിച്ചുനിർത്താൻ രാജ്യത്തെ സഹായിച്ചത് യുദ്ധകാലടിസ്ഥാനത്തിലുള്ള വാക്സിൻ വിതരണവും ലോക് ഡൗൺ നിയന്ത്രണങ്ങളുമാണ്.

എന്നാൽ പ്രതിരോധ കുത്തിവെയ്പ്പുകൾ കാര്യക്ഷമമായി നൽകിയെന്ന് അഭിമാനിക്കുമ്പോഴും പുറത്തുവരുന്ന ചില വിവരങ്ങൾ ഞെട്ടിപ്പിക്കുന്നവയാണ്. ഈ വർഷം ജൂലൈ മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ 13 ഗർഭിണികളാണ് രാജ്യത്ത് കോവിഡ് മൂലം മരണമടഞ്ഞത്. മരണമടഞ്ഞ 85% ഗർഭിണികളായ കോവിഡ് രോഗികളും പ്രതിരോധ കുത്തിവെയ്പ്പുകൾ സ്വീകരിച്ചിരുന്നില്ല. ഒന്നാമത്തെയും രണ്ടാമത്തെയും കോവിഡ് തരംഗത്തെക്കാൾ ഉയർന്ന മരണനിരക്കാണ് ഗർഭിണികളിൽ എന്നത് കടുത്ത ആശങ്ക ഉളവാക്കിയിരിക്കുകയാണ്. പ്രതിരോധ കുത്തിവെയ്പ്പ് സ്വീകരിക്കുന്നത് സുരക്ഷിതമാണെന്ന് തെളിയിക്കപ്പെട്ടെങ്കിലും പൊതുവേ ഗർഭിണികൾ വാക്‌സിൻ എടുക്കാൻ വിമുഖത കാണിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ബ്രിട്ടനിൽ ഇതുവരെ 15 ശതമാനം ഗർഭിണികൾ മാത്രമാണ് രണ്ട് ഡോസ് പ്രതിരോധകുത്തിവെയ്പ്പുകൾ സ്വീകരിച്ചിരിക്കുന്നത്.

പ്രതിരോധ കുത്തിവെയ്പ്പുകളോടനുബന്ധിച്ച് കഴിഞ്ഞ കുറേ ദിവസങ്ങളിലായി പുറത്തുവരുന്ന വിവരങ്ങൾ ഒട്ടും ആശ്വാസകരമല്ല. കോവിഡിനെതിരെ പോരാടേണ്ട ആരോഗ്യപ്രവർത്തകരിൽ വളരെയേറെ പേർ പ്രതിരോധകുത്തിവെയ്പ്പ് എടുത്തിട്ടില്ല എന്നത് ഞെട്ടലോടെയാണ് രാജ്യം ശ്രവിച്ചത്. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർ കർശനമായി വാക്സിൻ സ്വീകരിക്കണമെന്ന നിലപാട് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് വ്യക്തമാക്കിയിരുന്നു. ഈ നിലപാടുമായി എൻഎച്ച്‌എസ് മുന്നോട്ടുപോവുകയാണെങ്കിൽ 13000 ആരോഗ്യപ്രവർത്തകർക്കാണ് വെസ്റ്റ്‌ലാൻഡിൽ മാത്രം ജോലി നഷ്ടപ്പെടുന്നത് . വാക്സിൻ എടുക്കാത്തവർക്ക് ജോലിയിൽ നിന്ന് മാറിനിൽക്കേണ്ട സാഹചര്യം ഉടലെടുത്താൽ കെയർ മേഖലയിലും ആരോഗ്യമേഖലയിലും അവ സൃഷ്ടിക്കുന്ന പ്രതിസന്ധി വളരെ ഗുരുതരമായിരിക്കും എന്നാണ് കരുതപ്പെടുന്നത്.