ന്യൂസ് ഡെസ്ക് മലയാളം യുകെ

ഗ്ലാസ്ഗോ : കാലാവസ്ഥ ഉച്ചകോടി വേദിയിലേയ്ക്ക് വീൽചെയറിൽ പ്രവേശനം ലഭിക്കാതിരുന്ന ഇസ്രായേൽ മന്ത്രിയോട് ക്ഷമാപണം നടത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. തിങ്കളാഴ്ച തന്റെ വീൽചെയറിൽ ഉച്ചകോടി വേദിയിലേക്ക് എത്തിയ ഇസ്രായേൽ ഊർജ മന്ത്രി കരീൻ എൽഹാരറിന് അകത്തേക്ക് പ്രവേശിക്കാൻ കഴിഞ്ഞില്ല. പ്രവേശന കവാടത്തിന് സമീപം രണ്ട് മണിക്കൂർ കാത്തു നിന്ന ശേഷം മന്ത്രി ഹോട്ടലിലേക്ക് മടങ്ങി. പിന്നീട് ഊർജ മന്ത്രിയോടും ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിനോടുമൊപ്പം ഒരു കൂടിക്കാഴ്ചയിൽ പങ്കെടുത്ത സമയത്താണ് ബോറിസ് ജോൺസൻ ക്ഷമ ചോദിച്ചത്. കരീൻ എൽഹാരറിന് നേരിട്ട ബുദ്ധിമുട്ടിൽ താൻ ഖേദിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബോറിസ് ജോൺസന്റെ ഇടപെടലിന് ഇസ്രായേൽ പ്രധാനമന്ത്രി നന്ദി അറിയിച്ചു.

തികച്ചും വ്യത്യസ്തമായ അനുഭവമാണ് തനിക്കുണ്ടായതെന്ന് കരീൻ പ്രതികരിച്ചു. മാംസപേശികളുടെ തളർച്ച കാരണം ചലനശേഷി നഷ്ടപ്പെട്ട കരീൻ വീൽചെയറിന്റെ സഹായത്തോടെയാണ് കഴിയുന്നത്. അടുത്ത യുഎൻ കോൺഫറൻസിൽ ഈ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു. സംഭവത്തിൽ, യുകെയുടെ പരിസ്ഥിതി സെക്രട്ടറി ജോർജ്ജ് യൂസ്റ്റിസ് ഖേദം പ്രകടിപ്പിച്ചിരുന്നു. യുകെ സർക്കാർ മാപ്പ് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിയുടെ ആവശ്യം അറിയിക്കാതിരുന്ന ഇസ്രായേൽ പ്രതിനിധിയെ യൂസ്റ്റിസ് കുറ്റപ്പെടുത്തി.

എന്നാൽ മന്ത്രിയുടെ പ്രത്യേക ആവശ്യം നേരത്തെ തന്നെ അറിയിച്ചിട്ടുണ്ടായിരുന്നു എന്ന് ലണ്ടനിലെ ഇസ്രായേൽ എംബസിയിൽ നിന്നുള്ള വക്താവ് പറഞ്ഞു. ഉച്ചകോടിയുടെ മിക്ക പ്രവേശന കവാടങ്ങളിലും വീൽചെയർ സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും മന്ത്രി എത്തിയ കവാടത്തിൽ അതിനുള്ള സൗകര്യം ഉണ്ടായിരുന്നില്ല. ഇത് സംബന്ധിച്ച് സംഘാടകർക്ക് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ടെന്ന് ഇസ്രായേൽ പ്രധാനമന്ത്രിയുടെ പ്രതിനിധി സംഘത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.