ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് വാക്സിനുകൾ കുത്തിവെയ്പുകൾ അല്ലാതെ വൈകാതെ തന്നെ നേസൽ സ്പ്രേ ആയി നൽകാം. ഇത്തരത്തിൽ നൽകുന്ന വാക്സിനായിരിക്കും കൂടുതൽ ഫലപ്രദമെന്ന് ശാസ്ത്രജ്ഞർ. “സ്വീറ്റ് ടേസ്റ്റിംഗ്” സ്പ്രേകൾക്ക് യാതൊരു പാർശ്വഫലങ്ങളും ഇല്ലാതെ അണുബാധയെ തടയാൻ സാധിക്കുമോ എന്ന് അറിയുവാൻ വേണ്ടിയുള്ള പഠനം ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ഗവേഷണകർ നടത്തിവരികയാണ്. ഇതുവരെ പ്രതിരോധകുത്തിവയ്പ്പുകൾ സ്വീകരിക്കാത്ത 30 പേരിലാണ് ഓക്സ്ഫോർഡ് / ആസ്ട്രസെനെക്ക വാക്സിൻ ദ്രാവകരൂപത്തിൽ നൽകിയത്. ട്രയൽ 1ൻെറ ഭാഗമായി 12 പേർക്ക് ബൂസ്റ്റർ വാക്സിൻ സ്പ്രേ രൂപത്തിൽ നൽകി. വൈകാതെ തന്നെ ഈ രൂപത്തിലുള്ള വാക്സിനുകൾ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രജ്ഞർ. കുട്ടികൾക്ക് ഇതിനൊടകംതന്നെ ഈ രീതിയിൽ ഇൻഫ്ലുവൻസ വാക്സിനേഷൻ നൽകിയിട്ടുണ്ട് . ഹേഫീവറിനെതിരായുള്ള വാക്സിനുകളും സ്പ്രേ രൂപത്തിലാണുള്ളത്.

വാക്സിൻ സ്വീകരിച്ചപ്പോൾ യാതൊന്നും അനുഭവപ്പെട്ടില്ലെന്നും നേസൽ സ്പ്രേയ്ക്ക് ഒരുതരം പഞ്ചസാരയുടെ മധുരം ആണെന്നും താൻ വിചാരിച്ചതിനേക്കാൾ വളരെ മികച്ച വാക്സിനാണെന്നും വോളണ്ടിയർ ആയ ലൈൽ ഹോപ്കിൻസ് പറഞ്ഞു. സൂചി ഇഷ്ടപ്പെടാത്ത കുട്ടികൾക്കും മുതിർന്നവർക്കും വാക്സിനുകൾ കൂടുതൽ ആകർഷകമാകുമെന്നതുമുൾപ്പെടെയുള്ള നിരവധി നേട്ടങ്ങൾ ഇതിലൂടെ സാധ്യമാകുമെന്ന് ഗവേഷണത്തിന് നേതൃത്വം നൽകുന്ന ഡോ.സാൻഡി ഡഗ്ലസ് പറഞ്ഞു. മൂക്കിലൂടെ വാക്സിൻ നൽകുന്നത് അണുബാധ തടയുന്നതിൽ വളരെ നല്ലതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേസൽ സ്പ്രേകൾ ലഭ്യമാകുന്നതിന് ഇനിയും ഒരു വർഷം കൂടി താമസമെടുക്കുമെന്നും ജനങ്ങൾ താമസിക്കാതെതന്നെ വാക്സിനേഷൻ എടുക്കണമെന്നും ശാസ്ത്രജ്ഞർ പറഞ്ഞു. ഹാംസ്റ്ററുകളിലും കുരങ്ങുകളും നടത്തിയ പരിശോധനകൾ വഴി ആൻറിബോഡി പ്രതികരണം സൃഷ്ടിക്കുന്നതിൽ നേസൽ സ്പ്രേകൾ ഫലപ്രദമാണെന്ന് കണ്ടെത്തി. ആദ്യ ഡോസ് നേസൽ സ്പ്രേയ്ക്ക് ശേഷം ഹാംസ്റ്ററുകളിൽ ഉയർന്ന അളവിൽ ആൻറിബോഡികളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നുവെന്ന് സയൻസ് ട്രാൻസ്ലേഷണൽ മെഡിസിൻ ജേണലിലുള്ള ഒരു പഠനത്തിൽ കണ്ടെത്തി. വാക്സിനേഷൻ സ്വീകരിക്കാത്ത മറ്റു ഹാംസ്റ്ററുകളുടെ ശ്വാസകോശത്തിൽ കേടുപാടുകൾ സംഭവിക്കുകയും കോവിഡ് മൂലം ശരീരഭാരം കുറയുകയും ചെയ്തപ്പോൾ ഒരു ഡോസ് വാക്സിനേഷനെങ്കിലും സ്വീകരിച്ച ഹാംസ്റ്ററുകളിൽ ഇത് സംഭവിച്ചില്ല. കുരങ്ങുകളിൽ നടത്തിയ പരീക്ഷണത്തിലും സമാനമായ ഫലങ്ങളാണ് കണ്ടതെന്ന് എന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. കുത്തിവെയ്പ്പുകൾ എടുക്കാൻ ഇഷ്ടപ്പെടാത്തവർക്ക് പുതിയ രൂപത്തിലുള്ള വാക്സിൻ പ്രോത്സാഹനമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഓക്‌സ്‌ഫോർഡ് സർവകലാശാലയിലെ വാക്‌സിൻ ഡെവലപ്‌മെന്റ് ടീമായ ജെന്നർ ഇൻസ്റ്റിറ്റ്യൂട്ട് പറഞ്ഞു.