ന്യൂസ് ഡെസ്ക് മലയാളം യുകെ
മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് പുരാവസ്തുക്കൾ തിരയുന്നതിനിടെ എൻഎച്ച്എസിലെ നേഴ്സായി ജോലിചെയ്യുന്ന ബഫി ബെയ്‌ലി മണ്ണിൽ എന്തോ ഉണ്ടെന്ന് സൂചിപ്പിക്കുന്ന സിഗ്നൽ ലഭിച്ചപ്പോൾ ഒരു പഴയ മോതിരമോ അല്ലെങ്കിൽ ആടിൻറെ ഇയർ ടാഗോ ആയിരിക്കും താൻ കണ്ടെത്തുന്നത് എന്നാണ് ആദ്യം കരുതിയത്. പക്ഷേ അഞ്ചിഞ്ച് മണ്ണ് കുഴിച്ചപ്പോൾ ലക്ഷക്കണക്കിന് പൗണ്ട് വിലമതിക്കുന്ന ചെറിയ കട്ടിയുള്ള സ്വർണ്ണ ബൈബിളാണ് കണ്ടെത്താനായത്.
വെറും 1.5 സെൻറീമീറ്റർ നീളവും 5 ഗ്രാം ഭാരവുമുള്ള ഈ ബൈബിളിൽ അന്ത്യോക്യയിലെ വിശുദ്ധ മാർഗരറ്റ് ഉൾപ്പെടെയുള്ള വിശുദ്ധരുടെ രൂപങ്ങൾ കൊത്തി വെച്ചിട്ടുണ്ട്. 1992-ൽ 2.5 മില്യൺ പൗണ്ടിന് വിറ്റുപോയ ഒരു മെറ്റൽ ഡിറ്റക്‌ടറിസ്റ്റ് കണ്ടെത്തിയ സ്വർണ്ണ പെൻഡന്റായ ‘മിഡിൽഹാം ജുവെല്ലുമായി ഇതിന് ബന്ധമുണ്ടെന്നാണ് വിദഗ്ധർ കരുതുന്നത്. റിച്ചാർഡ് മൂന്നാമൻ രാജാവിൻറെ ബാല്യകാല വസതിക്ക് സമീപം കണ്ടെത്തിയ ഈ ആഭരണത്തിൽ ബൈബിളിൽ കണ്ടെത്തിയതിന് സമാനമായ കൊത്തു പണികൾ ഉണ്ടായിരുന്നു. ഇത് രണ്ടും ഒരു വ്യക്തി തന്നെ കൊത്തി ഉണ്ടാക്കിയതാകാം എന്ന സംശയം വിദഗ്‌ധർ ചൂണ്ടിക്കാട്ടി.
ആ കാലഘട്ടത്തിൽ പ്രഭുക്കന്മാർക്കുമാത്രമേ സ്വർണ്ണം കൈവശം വയ്ക്കാൻ അനുവാദം ഉണ്ടായിരുന്നുള്ളു. അതിനാൽ ഈ വസ്തുക്കളുടെ ഉടമ ഉയർന്ന പദവിയിലുള്ള, ഒരുപക്ഷേ രാജകീയ പദവിയിലുള്ള ആരെങ്കിലുമായിരിക്കാം എന്ന് കരുതപ്പെടുന്നു. പ്രസവ സമയത്ത് സ്ത്രീകളെ സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ള കൊത്തുപണികൾ ആയതിനാൽ ഗർഭിണിയായ ആരെങ്കിലുമായിരിക്കണം ഇതിൻറെ ഉടമ എന്ന അഭിപ്രായവുമുണ്ട്.
48 കാരിയായ ബഫി തൻെറ ഭർത്താവിനോടൊപ്പം യോർക്കിലേക്ക് യാത്ര നടത്തിയപ്പോഴാണ് ഈ സ്വർണ്ണ ബൈബിൾ കണ്ടെത്തിയത്. നോർത്ത് യോർക്ക്ഷെയറിലെ ഷെരീഫ് ഹട്ടൺ കാസിലിന് സമീപമാണ് ഈ സ്വർണ്ണ ബൈബിൾ കണ്ടെത്തിയത്. ഇത് പലപ്പോഴായി ഈ പ്രദേശത്ത് സമയം ചിലവഴിച്ചതായി കരുതപ്പെടുന്ന റിച്ചാർഡ് മൂന്നാമൻ രാജാവിൻറെ ഉടമസ്ഥതയിലുള്ള മറ്റൊരു സ്വത്തായിരിക്കാം എന്നാണ് അനുമാനം. സമ്പന്നമായ ചരിത്രമുള്ളതിനാലാണ് ഈ പ്രദേശം തെരഞ്ഞെടുത്തത് എന്നു ബഫി പറഞ്ഞു. ബഫിയുടെ ഈ കണ്ടെത്തൽ അന്താരാഷ്ട്ര പ്രാധാന്യം ഉള്ളതാണ്.
ഡിറ്റക്റിൽ നിന്ന് സിഗ്നൽ ലഭിച്ചതിനെത്തുടർന്ന് ആ സ്ഥലത്തെ മണ്ണ് പരിശോധിച്ചപ്പോൾ അത് മറ്റ് സ്ഥലങ്ങളിൽ നിന്ന് വ്യത്യസ്തമാണെന്ന് മനസ്സിലായെന്നും പക്ഷേ സ്വർണ്ണ ബൈബിൾ കണ്ടെത്തിയപ്പോൾ അത് ഏതെങ്കിലും ഒരു ഗിഫ്റ്റ് ഷോപ്പിൽ നിന്നുള്ള വസ്തുവായിരിക്കും എന്നാണ് താൻ ആദ്യം കരുതിയത് എന്നും പിന്നീട് ഫോണിൽ ഫോട്ടോ എടുത്ത് പരിശോധിച്ചപ്പോഴാണ് അത് സ്വർണമാണെന്ന് മനസ്സിലായതെന്നും മിസ്സിസ് ബെയ്‌ലി പറഞ്ഞു. സ്വർണ്ണ ബൈബിളിന് ഭാരവും തിളക്കവും ഉണ്ടായിരുന്നു. ലങ്കാസ്റ്ററിൽ നിന്നുള്ള മിസ്സിസ് ബെയ്‌ലി ഈ പുസ്തകം റിച്ചാർഡ് III സൊസൈറ്റിക്ക് കാണിച്ചുകൊടുത്തു, ഇത് നിലവിൽ യോർക്ക്ഷെയർ മ്യൂസിയത്തിലാണ്.
മിസ്സിസ് ബെയ്‌ലിയുടെ ഈ കണ്ടെത്തൽ അന്താരാഷ്ട്ര പ്രാധാന്യമുള്ളതെന്നാണ് മ്യൂസിയം വിശേഷിപ്പിച്ചത്. ലോകമെമ്പാടുമുള്ള വിദഗ്ധർ അത് നേരിൽ കാണാൻ താല്പര്യപ്പെടുന്നുണ്ടെന്നും 59 കാരനായ ബെയ്‌ലി പറഞ്ഞു. പുസ്തകത്തിലുള്ള കൊത്തുപണികൾ തീർച്ചയായും ശിശുജനനത്തിന്റെ സംരക്ഷകരായ സെന്റ് ലിയോനാർഡിന്റെയും സെന്റ് മാർഗരറ്റിന്റെയും ആണെന്നും അവർ കൂട്ടിച്ചേർത്തു. 1400 കളിൽ ഏകദേശം 40 ശതമാനം മുതൽ 60 ശതമാനം വരെയുള്ള സ്ത്രീകൾ പ്രസവസമയത്ത് മരിച്ചിരുന്നു. അതിനാൽ തന്നെ ഈ വസ്തുവിൻറെ ഉടമ ഇതിനെ ഒരുതരത്തിലുള്ള സംരക്ഷണമായി കരുതിയിരിക്കാം.
ഇതിൻറെ ഉടമസ്ഥർ അവിശ്വസനീയമായ വിധം സമ്പന്നർ ആയിരിക്കണമെന്നും കണ്ടെത്തിയ ബൈബിളിന് 100,000 പൗണ്ടോ അതിലധികമോ വില വരുമെന്നും ബഫി ബെയ്‌ലി പറഞ്ഞു. അപൂർവ്വ നിധിയിൽ വിദഗ്ധനും ട്രഷർ ഹണ്ടിംഗ് മാസികയുടെ എഡിറ്ററുമായ ജൂലിയൻ ഇവാൻ-ഹാർട്ട് ഇതിനെ ‘അസാധാരണവും അതുല്യവുമായ’ ഒരു പുരാവസ്തുവായാണ് വിശേഷിപ്പിച്ചത്. പ്രഭുക്കന്മാർക്ക് അല്ലാതെ മറ്റാർക്കും സ്വർണം കൈവശം വയ്ക്കുവാൻ സാധിക്കാത്ത 1280-നും 1410-നും ഇടയിലാണ് പുസ്തകത്തിൻറെ ഉത്ഭവം എന്നാണ് കരുതുന്നത്. റിച്ചാർഡ് III സൊസൈറ്റിയിലെ സ്പെഷ്യലിസ്റ്റായ മാറ്റ് ലൂയിസ് പുസ്തകം കണ്ട് നഷ്ടപ്പെടാൻ കഴിയാത്തത്ര വിലപ്പെട്ട ഒരു വസ്തുവാണ് ഇതെന്നും അതിനാൽ തന്നെ മതപരമായ ചിത്രങ്ങൾ നിയമവിരുദ്ധമാക്കിയപ്പോൾ നവീകരണത്തിൻെറ സമയത്ത് ഉടമകൾ ഭാവിയിലേയ്ക്കായി സംസ്കരിച്ചതായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
Leave a Reply