ന്യൂസ് ഡെസ്ക് മലയാളം യുകെ
ബൂസ്റ്റർ വാക്സിനുകൾ ഇന്നു മുതൽ 40 വയസ്സിനു മുകളിലുള്ള എല്ലാവർക്കും ലഭ്യമാകും. 40 വയസ്സിനു മുകളിലുള്ള എല്ലാ മുതിർന്നവർക്കും രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിച്ച് ആറുമാസത്തിന് ശേഷം ബൂസ്റ്റർ വാക്സിനേഷൻ സ്വീകരിക്കുന്നതിനെ സംബന്ധിച്ച് വാക്സിനേഷൻ ആൻഡ് ഇമ്മ്യൂണൈസേഷൻ സംയുക്ത സമിതി (ജെസിവിഐ) സർക്കാരിനോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് പുതിയ നടപടി. യുകെയുടെ നാല് ഭാഗങ്ങളിലും ജെസിവിഐയുടെ ഉപദേശം സ്വീകരിക്കാൻ തീരുമാനിച്ചുവെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു. അസ്‌ട്രാസെനക്ക വാക്സിൻ സ്വീകരിച്ച് ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിച്ചവരിലെ സംരക്ഷണം 93.5 ശതമാനമായതായും ഫൈസർ വാക്സിൻ സ്വീകരിച്ചവരിൽ ഇത് 94 ശതമാനമായതായും സെക്യൂരിറ്റി ഏജൻസിയുടെ പഠന റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇതിനുപുറമെയുള്ള ജെസിവിഐയുടെ ശുപാർശ മൂലമാണ് ഇത്തരത്തിൽ ഒരു തീരുമാനത്തിലേക്ക് സർക്കാർ എത്തിയത്.
പതിനാറും പതിനേഴും വയസ്സുള്ള എല്ലാവർക്കും ഫൈസറിൻെറ രണ്ടാം ഡോസ് വാക്സിൻ നൽകണമെന്ന ഉപദേശവും മുന്നോട്ടുവയ്ക്കുമെന്ന് ജെസിവിഐ അറിയിച്ചു. ജെസിവിഐയുടെ ഈ ശുപാർശ അംഗീകരിക്കുമെന്നും ആരോഗ്യ സെക്രട്ടറി ജാവിദ് പറഞ്ഞു. നേരത്തെ ഈ പ്രായ പരിധിയിൽ ഉണ്ടായിരുന്ന മുൻഗണനാ വിഭാഗത്തിൽ ഉള്ളവർക്ക് മാത്രമേ രണ്ടാം ഡോസ് വാക്സിൻ സ്വീകരിക്കാനുള്ള യോഗ്യത ഉണ്ടായിരുന്നുള്ളൂ. പതിനാറും പതിനേഴും വയസ്സുള്ള എല്ലാ കുട്ടികൾക്കും അവരുടെ രണ്ടാം ഡോസ് വാക്സിൻ ആദ്യത്തെ ഡോസ് വാക്സിന് ശേഷം കുറഞ്ഞത് പന്ത്രണ്ട് ആഴ്ചയ്ക്കുള്ളിൽ നൽകണമെന്നും ജെസിവിഐ നിർദ്ദേശിച്ചു. വാക്സിൻെറ പാർശ്വഫലങ്ങളും അപകടസാധ്യതകളും താരതമ്യം ചെയ്യുമ്പോൾ, വാക്സിൻ പ്രോഗ്രാമിന്റെ നേട്ടങ്ങൾ അടിസ്ഥാനമാക്കിയാണ് രണ്ടാമത്തെ ഡോസ് നിർദ്ദേശിക്കുന്ന തീരുമാനമെടുത്തതെന്നും അവർ കൂട്ടിച്ചേർത്തു. ആദ്യ ഡോസ് വാക്സിനുകൾ എന്തായിരുന്നു എന്ന് പരിഗണിക്കാതെ ഫൈസറിൻെറയോ മോഡേണയുടെയോ ബൂസ്റ്റർ വാക്സിൻ നൽകണമെന്നും ജെസിവിഐ പറഞ്ഞു.
ഇതുവരെ യുകെയിൽ ഏകദേശം 12.6 ദശലക്ഷം ആളുകൾക്കാണ് കോവിഡ് -19 നെതിരായ മൂന്നാം ഡോസ് വാക്‌സിൻ ലഭിച്ചിട്ടുള്ളത്. യുകെ ബൂസ്റ്റർ പ്രോഗ്രാമുമായി അതിവേഗത്തിൽ നീങ്ങുകയാണെന്ന് ഡൗണിംഗ് സ്ട്രീറ്റ് വാർത്താ സമ്മേളനത്തിൽ ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫസർ ജോനാഥൻ വാൻ-ടാം പറഞ്ഞു. കോവിഡ് -19ൻെറ രോഗ ലക്ഷണങ്ങളിൽ നിന്ന് ബൂസ്റ്റർ വാക്സിനുകൾ ജനങ്ങളുടെ സംരക്ഷണം എങ്ങനെ വർധിപ്പിക്കുന്നുവെന്ന് പുതിയ പഠനം എടുത്തു കാണിച്ചിരുന്നു. ബൂസ്റ്റർ പ്രോഗ്രാം വിജയകരമാണെങ്കിൽ കോവിഡ് മൂലമുള്ള ആശുപത്രിവാസത്തെയും മരണത്തെയും കുറിച്ച് ജനങ്ങൾക്കിടയിലുള്ള ആശങ്ക വൻതോതിൽ കുറയ്ക്കാൻ കഴിയും.
Leave a Reply