കൊച്ചിയിലെ മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഓഡി കാറിന്റെ ഡ്രൈവര്‍ സൈജു തങ്കച്ചന്‍ അറസ്റ്റില്‍. നമ്പര്‍ 18 ഹോട്ടലില്‍ നിന്നിറങ്ങിയ മോഡലുകളെ പിന്തുടര്‍ന്നത് സൈജു തങ്കച്ചനായിരുന്നു. ഇയാള്‍ മോഡലുകളെ പിന്തുടര്‍ന്ന ഓഡി കാറും പിടിച്ചെടുത്തു. നരഹത്യ, സ്ത്രീകളെ അനുവാദം കൂടാതെ പിന്തുടരല്‍ എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സൈജു തങ്കച്ചനെ അറസ്റ്റ് ചെയ്തത്. മദ്യപിച്ച് വാഹനം ഓടിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കാനാണ് താന്‍ മോഡലുകളെ പിന്തുടര്‍ന്നത് എന്നായിരുന്നു സൈജുവിന്റെ അവകാശവാദം.

ഇന്ന് രണ്ടാം തവണ ഷൈജുവിനെ ചോദ്യം ചെയ്യാന്‍ വിളിച്ചിരുന്നു. ഏകദേശം 6 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. രാവിലെ അഭിഭാഷകര്‍ക്കൊപ്പം കളമശ്ശേരി മെട്രോ സ്റ്റേഷനിലെത്തിയ സൈജുവിനെ പിന്നീട് പോലീസ് ചോദ്യം ചെയ്യുകയായിരുന്നു.

ഇതിനിടെ ഫോര്‍ട്ടുകൊച്ചിയില്‍ ഡിജെ പാര്‍ട്ടി നടന്ന നമ്പര്‍ 18 ഹോട്ടല്‍ ജീവനക്കാര്‍ കായലില്‍ തള്ളിയ ഒരു ഹാര്‍ഡ് ഡിസ്‌ക് മത്സ്യതൊഴിലാളികള്‍ക്ക് ലഭിച്ചതായി വിവരം ലഭിച്ചിരുന്നു. ദേശീയപാതയില്‍ മുന്‍ മിസ് കേരള ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവത്തിലെ നിര്‍ണായക തെളിവാണ് ഈ ഹാര്‍ഡ് ഡിസ്‌ക്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മീന്‍പിടിക്കാനിട്ട വലയിലാണ് ഹാര്‍ഡ് ഡിസ്‌ക് കുടുങ്ങിയത്. ഡിവിആറാണെന്ന് മനസിലാകാതെ, ലഭിച്ച ഇലക്ട്രോണിക് വസ്തു കായലില്‍ തന്നെ ഉപേക്ഷിച്ചതായാണ് പോലീസിന് ലഭിച്ചിരിക്കുന്ന മൊഴി.തിങ്കളാഴ്ചയായിരുന്നു സംഭവം. ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്താനായി ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിന് സമീപം കായലില്‍ സ്‌കൂബ ഡൈവിങ് സംഘത്തെ ഇറക്കി പോലീസ് തിരച്ചില്‍ നടത്തിയിരുന്നു.

നമ്പര്‍ 18 ഹോട്ടല്‍ ഉടമയ്‌ക്കെതിരെ വിശദമായ അന്വേഷണമാണ് പെണ്‍കുട്ടികളുടെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്. റോയ് വയലാട്ടിലിനെതിരെയും ഇവരുടെ വാഹനത്തെ പിന്തുടര്‍ന്ന സൈജുവിനെതിരെയും വിശദമായ അന്വേഷണം വേണമെന്ന് മരിച്ച അഞ്ജനാ ഷാജന്റെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്. കാണാതായ ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്തി സംഭവത്തിലെ ദുരൂഹത അവസാനിപ്പിക്കണമെന്നാണ് മരിച്ച അന്‍സി കബീറിന്റെ കുടുംബത്തിന്റെ ആവശ്യം.

നവംബര്‍ ഒന്നിനാണ് എറണാകുളത്ത് നടന്ന വാഹനാപകടത്തില്‍ മിസ് കേരള 2019 അന്‍സി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും മരിച്ചത്. രാത്രി ഒരു മണിയോടെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ രാത്രി എറണാകുളം ബൈപ്പാസ് റോഡില്‍ ഹോളിഡേ ഇന്‍ ഹോട്ടലിനു മുന്നില്‍ വച്ച് അപകടത്തില്‍ പെടുകയായിരുന്നു.