ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : കലായ്സിൽ നടക്കുന്ന ചർച്ചയിൽ നിന്ന് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലിനെ ഒഴിവാക്കി ഫ്രാൻസ്. ഇംഗ്ലീഷ് ചാനൽ വഴിയെത്തിയ അഭയാർഥികളെ തിരികെ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആവശ്യപ്പെട്ടതിനെ തുടർന്നാണ് വിഷയത്തിൽ ബ്രിട്ടനുമായി നടത്താനിരുന്ന ചർച്ച ഫ്രാൻസ് റദ്ദാക്കിയത്. നേതാക്കൾ ഒരുമിച്ചു ചർച്ച ചെയ്ത് അഭയാർത്ഥി പ്രശ്നം പരിഹരിച്ചില്ലെങ്കിൽ വലിയ ദുരന്തം ഇനിയും ഉണ്ടാവുമെന്ന് ആഭ്യന്തര സെക്രട്ടറി മുന്നറിയിപ്പ് നൽകി. ഇംഗ്ലീഷ് ചാനലിൽ കൂടുതൽ ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാൻ യൂറോപ്യൻ നേതാക്കളുമായി ഈ ആഴ്ച അടിയന്തിര ചർച്ചകൾ നടത്തുമെന്നും പട്ടേൽ പറഞ്ഞു. ഡച്ച് മൈഗ്രേഷൻ മന്ത്രി അങ്കി ബ്രോക്കേഴ്സ്-നോളുമായി ചർച്ച നടത്തി. മനുഷ്യക്കടത്ത് സംഘങ്ങളെ നേരിടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കുടിയേറ്റക്കാരെ തിരികെ കൊണ്ടുവരുന്നതിനുള്ള കരാറുകളുടെ പ്രാധാന്യത്തെക്കുറിച്ചും ഇരുവരും സംസാരിച്ചതായി ആഭ്യന്തര ഓഫീസ് അറിയിച്ചു.
കലായ്സിൽ ഇന്ന് നടക്കുന്ന യോഗത്തിൽ ആഭ്യന്തര സെക്രട്ടറി പങ്കെടുക്കില്ലെങ്കിലും ബ്രിട്ടീഷ് ഉദ്യോഗസ്ഥർ അവിടെയുണ്ടാകുമെന്ന് യുകെ സർക്കാർ അറിയിച്ചു. ചർച്ചയിൽ ബെൽജിയം, നെതർലൻഡ്സ്, ജർമനി, യൂറോപ്യൻ കമ്മീഷൻ പ്രതിനിധികൾ സംബന്ധിക്കും. ഇംഗ്ലീഷ് ചാനലിൽ 27 അഭയാർഥികൾ മുങ്ങിമരിച്ചതിനെ തുടർന്നാണ് ബ്രിട്ടൻ – ഫ്രാൻസ് തർക്കം ഉടലെടുത്തത്. കൂടുതൽ ദുരന്തം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് അഭയാർഥികളെ തിരികെ സ്വീകരിക്കണമെന്ന് ബോറിസ് ജോൺസൻ ആവശ്യപ്പെട്ടത്. പിന്നാലെ നിർദേശങ്ങൾ ഉൾക്കൊള്ളിച്ച കത്ത് ട്വിറ്ററിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് ഫ്രാൻസ് രോഷാകുലരായത്.
ചാനലിൽ സംയുക്ത പട്രോളിംഗ്, സെൻസർ, റഡാർ എന്നിവയുടെ ഉപയോഗം, യുകെയിൽ എത്തുന്ന കുടിയേറ്റക്കാരെ തിരികെ കൊണ്ടുവരുന്നതിനുള്ള നയം സംബന്ധിച്ച ചർച്ചകൾ തുടങ്ങിയ നടപടികളാണ് കത്തിൽ പറഞ്ഞിരുന്നത്. ബോറിസ് ജോൺസന്റെ ഈ നടപടിയെ വിമർശിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ രംഗത്തുവന്നു. ആഴ്ചതോറും ആയിരക്കണക്കിന് ആളുകളാണ് ഫ്രാൻസിൽ നിന്നും ഇംഗ്ലീഷ് ചാനൽ കടന്ന് ബ്രിട്ടീഷ് തീരത്ത് എത്തുന്നത്. 2021ൽ ഇതുവരെ ഇത്തരത്തിൽ ഇരുപത്തി മൂവായിരത്തിലധികം പേർ ഇംഗ്ലീഷ് തീരത്ത് എത്തിക്കഴിഞ്ഞു. കഴിഞ്ഞവർഷത്തേക്കാൾ 8404 പേരുടെ വർധനയാണ് ഇക്കണക്കിലുള്ളത്. സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘങ്ങൾ കൂട്ടത്തോടെ അപകടത്തിൽ പെടുന്നതും നിരവധിപേർ മരിക്കുന്നതും നിത്യസംഭവമായി മാറുകയാണ്.
Leave a Reply