ന്യൂസ് ഡെസ്ക് മലയാളം യുകെ
ഓക്ക്‌ലൻഡ് : പൂർണ്ണ ഗർഭിണിയായിരിക്കെ പ്രസവത്തിനായി സൈക്കിൾ ചവിട്ടി ആശുപത്രിയിലെത്തി ന്യൂസിലാൻഡ് പാർലമെന്റ് അംഗം ജൂലി ആൻ ജെന്റർ. ഞായറാഴ്ച പുലർച്ചെ രണ്ടു മണിക്ക് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിച്ചു തുടങ്ങിയ ജൂലി സ്വയം സൈക്കിൾ ചവിട്ടിയാണ് ആശുപത്രിയിൽ എത്തിയത്. ആശുപത്രിയിൽ എത്തി ഒരുമണിക്കൂറിന് ശേഷം പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു.
ജൂലി തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. “ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും പുതിയ അംഗത്തെ ഇന്നു പുലർച്ചെ 3.04ന് ഞങ്ങൾ സ്വാഗതം ചെയ്തു. പ്രസവത്തിനായി സൈക്കിളിൽ പോകണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നില്ല, എന്നാൽ അങ്ങനെ സംഭവിക്കുകയായിരുന്നു. രണ്ടുമണിക്ക് ആശുപത്രിയിൽ പോകുമ്പോൾ കാര്യമായി പ്രസവ വേദന തുടങ്ങിയിരുന്നില്ല. എന്നാൽ പത്തു മിനിറ്റ് കഴിഞ്ഞ് ആശുപത്രിയിൽ എത്തിയപ്പോഴേക്കും വേദന തീവ്രമായി. ഇപ്പോൾ അവളുടെ പിതാവിനെപ്പോലെ ആരോഗ്യവതിയും സന്തോഷവതിയുമായ ഒരു കുഞ്ഞ് ഞങ്ങൾക്കുണ്ട്. മികച്ച ഒരുകൂട്ടം ഡോക്ടർമാരുടെ സംഘത്തിൽനിന്ന് നല്ല പരിചരണവും പിന്തുണയും ലഭിച്ചു.” ജൂലി ആൻ ജെന്റർ ഫേസ്ബുക്കിൽ കുറിച്ചു.
ജൂലി ആൻ ജെൻ്ററിൻ്റെ ഈ പ്രവൃത്തി ലോകത്താകമാനം ചർച്ചയായിരുന്നു. ജൂലിയെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തി. എന്നാൽ ജൂലിയെ സംബന്ധിച്ചിടത്തോളം ഇത് പുതിയ കാര്യമല്ല. മൂന്ന് വർഷങ്ങൾക്ക് മുൻപ് തൻ്റെ ആദ്യ മകന് ജന്മം നൽകിയതും സൈക്കിളിൽ യാത്ര ചെയ്ത് ആശുപത്രിയിൽ എത്തിയായിരുന്നു. 42 ആഴ്ചകൾ ഗർഭിണിയായിരുന്ന സമയത്താണ് ജൂലി ആദ്യ പ്രസവത്തിനായി സൈക്കിളിൽ ഒരു കിലോമീറ്റർ ദൂരത്തുള്ള ആക് സാൻ സിറ്റി ഹോസ്പിറ്റലിൽ എത്തിയത്. ഗ്രീൻ പാർട്ടി അംഗമായ ജൂലിക്കും ഭർത്താവിനും സ്വന്തമായി കാർ ഇല്ല. പ്രസവത്തിനായി ആശുപത്രിയിലേയ്ക്കുള്ള സൈക്കിള്‍ യാത്രയുടേയും കുഞ്ഞിന്റേയും ചിത്രങ്ങൾ ജൂലി പങ്കുവെച്ചിട്ടുണ്ട്.
Leave a Reply