കൊറോണയുടെ ഒമിക്രോണ്‍ വകഭേദം നിരവധി യൂറോപ്യൻ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തതിനു പിന്നാലെ ജി7 രാജ്യങ്ങളിലെ ആരോഗ്യമന്ത്രിമാരുടെ യോഗം വിളിച്ച് ബ്രിട്ടൻ. നിലവിൽ ജി7 രാജ്യങ്ങളുടെ അധ്യക്ഷൻ ബ്രിട്ടനാണ്. തിങ്കളാഴ്ച ജി7 രാജ്യങ്ങളിലെ ആരോഗ്യമന്ത്രിമാർ യോഗം ചേരുമെന്നും സ്ഥിതിഗതികൾ ചർച്ച ചെയ്യുമെന്നും ബ്രിട്ടന്റെ ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം ജർമനി, ഇറ്റലി, ഓസ്ട്രേലിയ, ഡെൻമാർക്ക്, നെതർലൻഡ്സ് എന്നീ രാജ്യങ്ങളിൽക്കൂടി ഒമിക്രോണ്‍ വൈറസ് വകഭേദം മൂലമുള്ള കോവിഡ് ബാധ കണ്ടെത്തി.
ജർമനിയിലും ഓസ്ട്രേലിയയിലും ദക്ഷിണാഫ്രിക്കയിൽനിന്നെത്തിയ രണ്ടു വീതം പേരിലാണു രോഗബാധ. ഇറ്റലിയിലെ കേസ്, ദക്ഷിണാഫ്രിക്കയുടെ അയൽരാജ്യമായ മൊസാംബിക്കിൽനിന്നെത്തിയ ആളുടേതാണ്. നെതർലൻഡ്സിൽ ദക്ഷിണാഫ്രിക്കയിൽനിന്നെത്തിയ 13 പേർക്കാണു വൈറസ് സ്ഥിരീകരിച്ചത്. ബെൽജിയം, ഹോങ്കോംഗ്, ഇസ്രയേൽ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിൽ ഒമിക്രോണ്‍ കേസുകൾ നേരത്തേ സ്ഥിരീകരിച്ചിരുന്നു. അമേരിക്കയിൽ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അതിനു സാധ്യത ഉണ്ടെന്ന് അധികൃതർ പറഞ്ഞു.
ദക്ഷിണാഫ്രിക്കയിൽ ആദ്യം കണ്ടെത്തിയ, ഒട്ടനവധിത്തവണ ജനിതകമാറ്റത്തിനു വിധേയമായ ഒമിക്രോണ്‍ വൈറസിനെതിരേ നിലവിലുള്ള കോവിഡ് വാക്സിനുകൾ ഫലപ്രദമാകുമോ എന്നതിൽ ആശങ്ക ശക്തമാണ്.യൂറോപ്യൻ യൂണിയൻ, ബ്രിട്ടൻ, ഓസ്ട്രേലിയ, ജപ്പാൻ, കാനഡ, ന്യൂസിലൻഡ്, തായ്ലൻഡ്, ഇറാൻ തുടങ്ങിയ രാജ്യങ്ങൾ ദക്ഷിണാഫ്രിക്കയിൽനിന്നും ആഫ്രിക്കൻ ഭൂഖണ്ഡത്തിൻറെ ദക്ഷിണഭാഗത്തുള്ള രാജ്യങ്ങളിൽനിന്നും വിമാന സർവീസുകൾ നിരോധിച്ചു കഴിഞ്ഞു.
Leave a Reply