ആർത്തവ രക്തം കലർത്തി ഭാര്യ ഭക്ഷണം നൽകിയതിനെ തുടർന്ന് അണുബാധയുണ്ടായെന്ന യുവാവിന്റെ പരാതിയിൽ അന്വേഷണത്തിനായി നാലംഗ മെഡിക്കൽ ബോർഡ് രൂപവത്കരിച്ചു. കഴിഞ്ഞവർഷം ജൂൺ 12-ാം തീയതിയാണ് ഭാര്യയും അവരുടെ മാതാപിതാക്കളും ഭക്ഷണത്തിൽ ആർത്തവ രക്തം കലർത്തിയെന്ന പരാതിയുമായി ഗാസിയാബാദ് സ്വദേശി പോലീസിനെ സമീപിച്ചത്. തുടർന്നാണ് അന്വേഷണത്തിനായി പോലീസ് മെഡിക്കൽ ബോർഡിനെ സമാപിച്ചത്.
ജനറൽ ഫിസിഷ്യൻ, ഗൈനക്കോളജിസ്റ്റ്, പാത്തോളജിസ്റ്റ്, ഓർത്തോപീഡിക്ക് സർജൻ എന്നിവരാണ് മെഡിക്കൽ ബോർഡിലുള്ളത്. പരാതിക്കാരൻ ഹാജരാക്കിയ വിവിധ മെഡിക്കൽ റിപ്പോർട്ടുകളാണ് ബോർഡ് പരിശോധിക്കുക. ഈ ഭക്ഷണം കഴിച്ചതോടെ തനിക്ക് അണുബാധയുണ്ടായെന്നും പരാതിക്കാരൻ ആരോപിച്ചിരുന്നു. ഭാര്യയും അവരുടെ മാതാവും തമ്മിൽ ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കുന്ന ഫോൺകോൾ താൻ റെക്കോഡ് ചെയ്തിട്ടുണ്ടെന്നും പരാതിക്കാരൻ അവകാശപ്പെടുന്നുണ്ട്.
ഇയാളുടെ പരാതിയിൽ കാവി നഗർ പോലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ക്രിമിനൽ ഗൂഢാലോചന, വിഷവസ്തുക്കൾ ഉപയോഗിച്ചുള്ള ആക്രമണം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരുന്നത്. 2015-ലാണ് പരാതിക്കാരൻ വിവാഹിതനായത്. ദമ്പതിമാർക്ക് ഒരു മകനുണ്ട്.
ഭർത്താവിന്റെ മാതാപിതാക്കളുടെ കൂടെയുള്ള താമസം ഒഴിവാക്കി മാറിതാമസിക്കാൻ ഭാര്യ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതിന് വിസമ്മതിച്ചതോടെ നിസ്സാരകാര്യങ്ങൾക്ക് പോലും വഴക്കുണ്ടാക്കിയിരുന്നെന്നും പരാതിക്കാരൻ പറയുന്നു. വഴക്ക് പതിവായതോടെ തന്റെ മാതാപിതാക്കൾ വീട്ടിൽനിന്ന് താമസം മാറി.
പിന്നീടാണ് ഭാര്യ രാത്രി കഴിക്കാൻ നൽകിയ ഭക്ഷണത്തിൽ ആർത്തവ രക്തം കലർത്തിയത്. ഭാര്യയുടെ മാതാപിതാക്കളും സഹോദരനുമാണ് ഭക്ഷണത്തിൽ രക്തം കലർത്തിയതിന് പിന്നിലെന്നും തനിക്കെതിരേ ദുർമന്ത്രവാദം നടത്താൻ ഇവരാണ് ഭാര്യയെ പ്രേരിപ്പിക്കുന്നതെന്നും പരാതിയിലുണ്ട്.
Leave a Reply