എറണാകുളം ജില്ലയിലെ വൈപ്പിന്‍ നായരമ്പലത്ത് അമ്മക്കൊപ്പം പൊള്ളലേറ്റ മകനും മരിച്ചു. നായരമ്പലം സ്വദേശി അതുലാണ് മരിച്ചത്. പൊള്ളലേറ്റതിനെ തുടര്‍ന്ന് അതുലിന്റെ അമ്മ സിന്ധു ഇന്നലെ മരിച്ചു. 70 ശതമാനം പൊള്ളലേറ്റ അതുല്‍ എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.

മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സിന്ധുവിന്റെ കുടുംബം ആരോപിക്കുന്നു. സിന്ധുവിനെ ഒരു യുവാവ് നിരന്തരം ശല്യം ചെയ്തിരുന്നു. ഇയാള്‍ക്ക് മരണത്തില്‍ പങ്കുണ്ട് എന്നും കുടുംബം പറയുന്നു. മരിക്കുന്നതിന് മുന്‍പ് സിന്ധു സംസാരിക്കുന്ന ശബ്ദരേഖ കുടുംബം പൊലീസിന് കൈമാറി. തന്നെ ശല്യം ചെയ്തിരുന്ന യുവാവിന്റെ പേരാണ് ശബ്ദരേഖയില്‍ സിന്ധു പറഞ്ഞിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പൊലീസും ഫോറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. സിന്ധുവിന്റെ ഫോണ്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ എടുത്തു.

സിന്ധുവിന്റെയും മകന്റെയും മരണത്തിന് കാരണമായത് യുവാവിന്റെ ശല്യം ചെയ്യല്‍ ആണെന്നാണ് പൊലീസിന്റെ നിഗമനം. യുവാവിനെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ എടുത്തു. ഉച്ചയോടെ അറസ്റ്റ് ചെയ്‌തേക്കും. മരണം ആത്മഹത്യ ആകാനുള്ള സാധ്യതയും പൊലീസ് അന്വേഷിക്കുന്നുണ്ട്. ആത്മഹത്യ ആണെങ്കില്‍ യുവാവിനെതിരെ പ്രേരണ കുറ്റം ചുമത്തി കേസെടുക്കും.

ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സിന്ധുവിനെയും മകനെയും വീട്ടിനുള്ളില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. സിന്ധുവിനെ യുവാവ് വഴിയില്‍ വച്ച് തടഞ്ഞ് നിര്‍ത്തി ശല്യപ്പെടുത്തിയിരുന്നു എന്ന് വീട്ടുകാര്‍ പറയുന്നു. ശല്യം കൂടുതലായപ്പോള്‍ സിന്ധു യുവാവിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തു.