ന്യൂസ് ഡെസ്ക് മലയാളം യുകെ
വാഷിംഗ്ടൺ : അന്യഗ്രഹജീവികൾ മനുഷ്യനെ എല്ലാകാലത്തും ജിജ്ഞാസപ്പെടുത്തിയിരുന്ന ഒരു സാധ്യതയാണ്. വിശ്വസനീയമായ തെളിവുകള്‍ പലപ്പോഴും ലഭിച്ചിട്ടില്ലെങ്കിലും അന്യഗ്രജീവികളെ കണ്ടുവെന്നും അവയുടെ പറക്കുംതളികകള്‍ പ്രത്യക്ഷപ്പെട്ടു എന്നുമൊക്കെയായി നിരവധി വാര്‍ത്തകള്‍ നാം കണ്ടിട്ടുണ്ട്. എന്നാൽ അന്യഗ്രഹജീവികൾ ഇതിനകം ഭൂമി സന്ദർശിച്ചിട്ടുണ്ടാകാമെന്ന വാദവുമായി ഇപ്പോൾ എത്തിയത് യുഎസ് ബഹിരാകാശ ഏജൻസിയായ നാസ ആണ്. വിശ്വസനീയമായ തെളിവുകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് നാസ റിപ്പോർട്ട് ചെയ്തെങ്കിലും ഭൂമിക്കപ്പുറമുള്ള ജീവന്റെ അനന്തമായ സാധ്യതകൾ കണ്ടെത്താൻ ഈ വിവരങ്ങളിലൂടെ കഴിയുമെന്ന് അവർ വ്യക്തമാക്കി.
യുഎസ് നേവി ചിത്രീകരിച്ച് പെന്റഗൺ പുറത്തുവിട്ട വീഡിയോയിൽ കാണുന്നത് യുഎഫ്ഒ ആയിരിക്കാമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഇൻഫ്രാറെഡ് ക്യാമറകള്‍ ഉപയോഗിച്ച് ചിത്രീകരിച്ച വീഡിയോകളില്‍ വിമാനങ്ങളോടു സാമ്യമുള്ള വസ്തുക്കള്‍ ആകാശത്തു കൂടി ചലിക്കുന്നതു കാണാം. വീഡിയോയിൽ കാണുന്ന അജ്ഞാതപേടകങ്ങൾ എന്താണെന്നു വിശദീകരിക്കാൻ പെന്റഗൺ തയ്യാറായില്ല. ആകാശത്തു കാണപ്പെടാത്ത തിരിച്ചറിയപ്പെടാത്ത വസ്തുക്കളാണ് യുഎഫ്ഓകള്‍ എന്ന് അറിയപ്പെടുന്നത്. ഇവ അന്യഗ്രഹജീവികള്‍ സഞ്ചരിക്കുന്ന പേടകങ്ങളാണെന്ന് പ്രചരണമുണ്ട്. എന്നാല്‍ ഇത്തരത്തില്‍ കണ്ടെത്തുന്ന യുഎഫ്ഓകള്‍ റിപ്പോര്‍ട്ട് ചെയ്യാൻ യുഎസ് നേവി പൈലറ്റുമാര്‍ക്ക് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നാണ് സിഎൻഎൻ റിപ്പോര്‍ട്ടു ചെയ്യുന്നത്.
ദേശീയ ഇന്റലിജൻസ് ഡയറക്ടറുടെ ഓഫീസിന്റെ വെബ്സൈറ്റിൽ പുറത്തിറക്കിയ റിപ്പോർട്ട്, അജ്ഞാതമായ ആകാശ പ്രതിഭാസങ്ങൾ ഉൾപ്പെടുന്ന 144 റിപ്പോർട്ട് പരിശോധിച്ചു. 2021 നവംബർ 30നാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി സൈനിക വ്യോമാതിർത്തികളിൽ നിരീക്ഷിച്ച അസാധാരണമായ പറക്കും വസ്തുക്കളെക്കുറിച്ച് യുഎസ് സർക്കാരിന് അറിയാവുന്ന കാര്യങ്ങൾ ഈ വർഷം ജൂണിൽ പെന്റഗൺ പുറത്തുവിട്ടിരുന്നു.
Leave a Reply