ന്യൂസ് ഡെസ്ക് മലയാളം യുകെ

കഥ, തിരക്കഥ, നിർമാണം – ബിജുമോൻ പ്ലാത്തോട്ടത്തിൽ എന്ന പേര് സ്‌ക്രീനിൽ എഴുതി വരാൻ അധികം താമസമില്ല. ‘ജനറേഷൻസ്’ എന്ന സാമൂഹിക പ്രസക്തിയുള്ള സിനിമയുടെ നിർമ്മാതാവും, കഥാകാരനും, തിരക്കഥാകൃത്തുമാണ് യുകെ മലയാളിയായ ബിജുമോൻ പി.സി. പ്ലാത്തോട്ടത്തിൽ. പി & ബി മീഡിയ ക്രിയേഷൻ എന്ന സിനിമാ കമ്പനിയെയും സിനിമാ മോഹങ്ങളെയും അക്ഷരങ്ങളെയും നെഞ്ചോട് ചേർത്ത വ്യക്തിയാണ് ബിജുമോൻ. സിനിമാ നിർമ്മിച്ച് പണമുണ്ടാക്കുക, പ്രശസ്തി നേടുക എന്ന പതിവ് ലക്ഷ്യങ്ങളിൽ നിന്നകന്ന് കലയെ സ്നേഹിക്കുന്ന ഒരു ഡസനിലേറെ കലാകാരന്മാർക്ക് ബിജുമോൻ അവസരവും ജീവിതവും നൽകുകയായിരുന്നു. സിനിമയെ സ്നേഹിക്കുന്ന ഈ ചെറുപ്പക്കാരന്റെ മോഹങ്ങൾ ഇപ്പോൾ ‘ജനറേഷൻസ്’ എന്ന സിനിമയായി കേരളത്തിൽ തരംഗം സൃഷ്ടിക്കാൻ ഒരുങ്ങുന്നു.

സ്റ്റോക്ക് ഓൺ ട്രെൻഡിൽ കുടുംബസമേതം താമസിക്കുന്നു. ഭാര്യ ഷിനി ബിജു നഴ്‌സായി സ്റ്റോക്ക് ഓൺ ട്രെൻഡ് ആശുപത്രിയിൽ ജോലി, രണ്ടുകുട്ടികൾ ഫിയോണ, ഫ്രേയ എന്നിവർ യഥാക്രമം ഒമ്പതിലും ആറിലും പഠിക്കുന്നു.

പിന്നിട്ട വഴികളെക്കുറിച്ച് ഓർത്തെടുക്കുമ്പോൾ ബിജുമോന്റെ മനസ്സിൽ സന്തോഷവും സങ്കടവും കലർന്ന സമ്മിശ്ര വികാരമാണ്. ഇല്ലായ്മയുടെ കുട്ടിക്കാലത്തുനിന്നും സിനിമയെന്ന വലിയ ലക്ഷ്യത്തിലെത്തുമ്പോൾ യു കെ മലയാളികൾക്കും അത് അഭിമാനകാരണമാണ്. ഇടുക്കി ജില്ലയിലെ തൊടുപുഴ-കാളിയാറിൽ ബാല്യം ചിലവഴിച്ച ബിജുമോൻ കുട്ടിക്കാലം മുതൽ കലാ-സാഹിത്യരംഗത്ത് സജീവമായിരുന്നു.

ആദ്യ ഷൂട്ടിംഗ് കട്ടപ്പന ഭാഗത്തു; ഷൂട്ടിങ് തുടങ്ങിയില്ല അതിനിപ്പറം കുറെ ഗുണ്ടകൾ എത്തി പണം ആവശ്യപ്പെടുന്നു. ആരാണ് എന്തിനാണ് എന്ന് പോലും അറിയുന്നതിന് മുൻപ് തന്നെ ആക്രമണം. സംഗതി പന്തികേടാണ് എന്ന് മനസ്സിലാക്കി സ്ഥലം കാലിയാക്കാൻ ശ്രമിക്കുന്നു. ഇവരെ ഒഴുവാക്കി രക്ഷപെടുവാനുള്ള ഓട്ടത്തിൽ വണ്ടി നിയന്ത്രണം വിട്ട് നിന്നത് വലിയ ഒരു കൊക്കയിലേക്ക് മറിയാൻ കണക്കെ… അദ്ഭുതമെന്നല്ലാതെ ഒന്നും പറയുവാനില്ലെന്ന് ബിജു. ഷൂട്ടിങ് ലൊക്കേഷൻ മാറ്റി വീണ്ടും ചിത്രീകരണം ആരംഭിക്കുന്നു.

നാട്ടുകാരനും കഥാകൃത്തും സംഗീത സംവിധായകനുമായ പയസ്സ് വണ്ണപ്പുറത്തെ കണ്ടുമുട്ടിയത് ചരിത്രനിമിഷമായി മാറി. ബിജുമോൻ എന്ന എഴുത്തുകാരന്റെയും നിർമ്മാതാവിന്റെയും മനസ്സിൽ സിനിമാ മോഹം ഉദിച്ചു. പയസ്സ് വണ്ണപ്പുറം ,റ്റിജോ തടത്തിൽ, നജീബ് ഫോണോ എന്നിവരുമായി ചേർന്ന് കലാ-സാഹിത്യ പ്രവർത്തനങ്ങളും, നിരവധി സംഗീത ആൽബങ്ങളും ഒരുക്കിക്കൊണ്ട് പി & ബി മീഡിയ ക്രിയേഷൻസ് എന്ന സിനിമ കമ്പനി ആരംഭിച്ചു. 2004 ൽ ‘ഓർമ്മയിൽ ഇന്നലെ’ എന്ന പേരിൽ പ്രണയഗാനങ്ങളുടെ ആൽബം പുറത്തിറക്കി. എം.ജി. ശ്രീകുമാർ, വിധു പ്രതാപ്, അഫ്സൽ, ജോത്സന, ഭാവന രാധാകൃഷ്ണൻ, ദലീമ ,കെസ്റ്റർ, കെ.ജി. മാർക്കോസ്, എലിസബത്ത് തുടങ്ങി പ്രശസ്തരായ ഗായകരെല്ലാം ബിജുമോന്റെ ആൽബത്തിൽ പാടി. ഹൃദയസ്പർശിയായ ഗാനസമാഹാരമായിരുന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടും മാർക്കറ്റിംഗ്-പരസ്യ രംഗങ്ങളിലെ നിസ്സഹായതയും തിരിച്ചടിയായി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സാമ്പത്തിക നഷ്ടങ്ങളിലെ മനോവേദനയെക്കാൾ ഏറ്റവുമടുത്ത ചിലരിൽനിന്നും, നാട്ടുകാരിൽ നിന്നും നേരിടേണ്ടി വന്ന അപവാദ പ്രചരണങ്ങളും, അപമാനവും, കുറ്റപ്പെടുത്തലുകളുമാണ് തന്നെ ഏറെ വേദനിപ്പിച്ചതെന്ന് ബിജുമോൻ മലയാളംയുകെ യോട് വെളിപ്പെടുത്തി. തൊട്ടടുത്തവർഷം പയസ്സ് വണ്ണപ്പുറവുമായി ചേർന്ന് INRI എന്ന ആൽബം പുറത്തിറക്കിയെങ്കിലും വിതരണത്തിലെ അപാകതയും മറ്റുതടസ്സങ്ങളും കാരണം സമൂഹത്തിൽ കാര്യമായ തരംഗം സൃഷ്ടിക്കാൻ സാധിച്ചില്ല. അതോടെ ബിജുമോൻ വിമർശകരുടെയും ബന്ധുക്കളുടെയും കടുത്ത എതിർപ്പിന് പാത്രമായി. സാമ്പത്തിക തകർച്ചയും മനോവിഷമവും അപമാനവുമൊന്നും ബിജുമോൻ എന്ന എഴുത്തുകാരനെ തളർത്തിയില്ല. തനിക്കുനേരെയുള്ള ഒളിയമ്പുകളും കുറ്റപ്പെടുത്തലുകളുമെല്ലാം അദ്ദേഹത്തിന്റെ മുന്നോട്ടുള്ള ജീവിതയാത്രയ്ക്ക് ചവിട്ടുപടിയായി മാറി. ഓരോ പ്രതിസന്ധിയും ഓരോ വിജയക്കുതിപ്പാണെന്ന് അദ്ദേഹം വിശ്വസിച്ചു. തുടർന്ന് നിരവധി ആൽബങ്ങളും ടെലിഫിലിമുകളും ഷോട്ട് ഫിലിമുകളും ഒരുക്കി. ഇതിനിടയിൽ വിവാഹിതനായ ബിജുമോൻ യു.കെ യിലേയ്ക്ക് താമസം മാറിയെങ്കിലും കേരളത്തനിമയും അക്ഷരങ്ങളും സിനിമാ മോഹവുമെല്ലാം മനസ്സിൽ തളിർത്തുനിന്നു.

നീണ്ട 14 വർഷങ്ങൾക്കുശേഷം ബിജുമോൻ എന്ന നിർമ്മാതാവ് തന്റെ മനസ്സിലെ സ്വപ്നാക്ഷരങ്ങൾ കൊണ്ട് ജീവിതഗന്ധിയായ ഒരു കഥയ്ക്കും തിരക്കഥയ്ക്കും രൂപം നൽകി. പി & ബി മീഡിയ ക്രിയേഷൻ എന്ന തന്റെ സിനിമാ കമ്പനിയിലൂടെ ‘ജനറേഷൻസ്’ എന്ന സിനിമ ഒരുക്കി. പയസ്സ് വണ്ണപ്പുറം എന്ന സംഗീത സംവിധായകനും റ്റിജോ തടത്തിൽ എന്ന സിനിമാ സംവിധായകനും നജീബ് ഫോണോ എന്ന ക്യാമറാമാനും ഒത്തുചേർന്നപ്പോൾ ‘ജനറേഷൻസ്’ യാഥാർഥ്യമായി. ജനറേഷൻസിലൂടെ മുപ്പതോളം പുതുമുഖ കലാകാരന്മാർക്ക് ബിജുമോൻ അവസരവും ജീവിതവും നൽകി. ജനറേഷൻസിന്റെ ആദ്യ പോസ്റ്ററും ടീസറും ഇപ്പോൾ കേരളത്തിൽ റിലീസായി വൈറലായിരിക്കുകയാണ്.

കേരളത്തിലെ ഒരു കൊച്ചു ഗ്രാമത്തിൽ വികസന പ്രവർത്തനങ്ങളേക്കാൽ വേഗത്തിലെത്തിയ അസന്മാർഗ്ഗിക പ്രവർത്തനങ്ങളുടെ നേർക്കാഴ്ചയും അതിലൂടെ ആ നാട്ടിലെ ചെറുപ്പക്കാർക്ക് നേരിട്ട ദുരന്തങ്ങളും പ്രതികാരദാഹങ്ങളുമാണ് ജനറേഷൻസിന്റെ ഉള്ളടക്കം. കോവിഡ് പശ്ചാത്തലത്തിൽ വളരെ ബുദ്ധിമുട്ടിയാണ് ചിത്രീകരണം പൂർത്തിയാക്കിയത്. നിപ്പ, വൈറൽ രോഗങ്ങൾ, ആക്സിഡന്റ് തുടങ്ങിയവയെ അതിജീവിച്ച് മുന്നേറിയ തന്റെ സിനിമയുടെ അണിയറ പ്രവർത്തകരെ ഒരുകൂട്ടം അക്രമികൾ അപായപ്പെടുത്താൻ ശ്രമിച്ചെന്ന് ബിജുമോൻ വെളിപ്പെടുത്തി. സംവിധായകൻ, സംഗീത സംവിധായകൻ, ക്യാമറമാൻ തുടങ്ങിയവർ മരണപ്പെട്ടേക്കാവുന്ന അവസ്ഥയിലൂടെ കടന്നുപോയിട്ടും ഓൺലൈനിൽ ബിജുമോൻ അവർക്ക് ആത്മധൈര്യം നൽകി സിനിമ നിർമ്മിച്ചു. അങ്ങനെ ‘ജനറേഷൻസ്’ പിറവിയെടുത്തിരിക്കുന്നു. ഓരോ പ്രതിസന്ധികളും തളർച്ചകളല്ല മറിച്ച് മുന്നോട്ടുള്ള ജീവിത വഴിയിൽ ഊർജ്ജം സമ്മാനിക്കുമെന്ന് ഏറെ ജീവിതാനുഭവങ്ങളുള്ള ബിജുമോൻ പറയുന്നു. നമ്മുടെ ഇടയിൽ ജീവിച്ച്, നമുക്ക് അഭിമാനമായി മാറിയ ബിജുമോന് ഒരായിരം വിജയാശംസകൾ.