ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇന്നലെ യുകെയിലെ കോവിഡ് പ്രതിദിന കേസുകൾ മഹാമാരിയുടെ ചരിത്രത്തിലെ ഏറ്റവും കൂടിയ നിലയിലായി. ഇന്നലെ മാത്രം 88736 പേർക്കാണ് കോവിഡ് ബാധിച്ചത്. ഒമിക്രോൺ വ്യാപനത്തിൻെറ പശ്ചാത്തലത്തിൽ ജി 7 രാജ്യങ്ങളിലെ ആരോഗ്യ മന്ത്രിമാരുടെ അടിയന്തരയോഗം ചേർന്നു. ആഗോള പൊതുജനാരോഗ്യത്തിന് ഏറ്റവും വലിയ ഭീഷണിയായി ഒമിക്രോണിനെ യുകെ ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദിൻെറ നേതൃത്വത്തിൽ നടന്ന ജി 7 രാജ്യങ്ങളുടെ യോഗം പ്രഖ്യാപിച്ചു . കഴിഞ്ഞദിവസം ഇംഗ്ലണ്ടിൻെറ ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ് വിറ്റി വരുംദിവസങ്ങളിൽ രോഗവ്യാപനം പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.
യുകെയിൽ ഒരാഴ്ചയ്ക്കിടെ കോവിഡ് കേസുകളുടെ എണ്ണത്തിൽ 74 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബൂസ്റ്റർ ഡോസ് നൽകുന്നത് യുദ്ധകാലടിസ്ഥാനത്തിൽ മുന്നേറുകയാണ് . ഇന്നലെ 745,183പേർക്കാണ് ബൂസ്റ്റർ ഡോസ് നൽകിയത്. ദിനംപ്രതി 10 ലക്ഷം പേർക്ക് ബൂസ്റ്റർ ഡോസുകൾ നൽകുക എന്നതാണ് രാജ്യം ലക്ഷ്യം വയ്ക്കുന്നത്. ആദ്യ രണ്ട് ഡോസ് പ്രതിരോധ കുത്തിവയ്പ്പുകൾ ഒമിക്രോണിനെതിരെ സുരക്ഷ നൽകുകയില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ജനങ്ങൾ എത്രയും പെട്ടെന്ന് ബൂസ്റ്റർ ഡോസ് എടുക്കാൻ മുന്നോട്ടുവരണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു.
Leave a Reply