കേരളത്തിൽ രാഷ്ട്രീയ കൊലക്കത്തിക്ക് കഴിഞ്ഞ അഞ്ചര വർഷംകൊണ്ട് ഇരയായത് 47 പേർ. പിണറായി വിജയൻ സർക്കാരുകളുടെ കാലത്തു സംസ്ഥാനത്തു രാഷ്ട്രീ യക്കൊലക്കത്തിയിൽ പൊലിഞ്ഞവരുടെ എണ്ണമാണിത്. 2016 മേയിൽ ഒന്നാം പിണറായി സർക്കാർ അധികാരമേറ്റതു മുതൽ ആലപ്പുഴയിലെ ഇരട്ടക്കൊലപാതകങ്ങൾ വരെയാണിത്.
കഴിഞ്ഞ അഞ്ചര വർഷത്തിനിടയിൽ 47 പേർ കൊല ചെയ്യപ്പെട്ടതിൽ 17 പേരും ബിജെപി- ആർഎസ്എസ് പ്രവർത്തകരാണ്. 14 പേർ സിപിഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐക്കാരും 12 പേർ കോണ്ഗ്രസ്, മുസ് ലിം ലീഗ് പ്രവർത്തകരുമാണ്.
ബാക്കിയുള്ളവർ മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളിലുള്ളവരും രാഷ്ട്രീയ സംഘർഷത്തിൽ ജീവൻ പൊലിഞ്ഞ സാധാരണക്കാരുമാണ്. കണ്ണൂർ ജില്ലയിലാണ് കൂടുതൽ രാഷ്ട്രീയ കൊലപാതകങ്ങളും നടന്നത്. വർഷങ്ങൾക്കു മുൻപു നടന്ന പല പ്രമാദമായ കൊലപാതങ്ങളിലെയും മുഴുവൻ പ്രതികളെയും പിടികൂടാൻ കഴിയാത്ത പോലീസ് അനാസ്ഥയും സംസ്ഥാനത്തു അരുംകൊലകൾ വർധിക്കാൻ ഇടയാക്കുന്നു.
എൽഡിഎഫ് വൻ ഭൂരിപക്ഷത്തോടെ അധികാരം തിരിച്ചു പിടിച്ച 2016 മേയിൽ തെരഞ്ഞെടുപ്പു വിജയാഹ്ലാദ പ്രകടനവുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഘർഷങ്ങളിൽ രണ്ടു പേർ മരിച്ചിരുന്നു. കണ്ണൂർ കൂത്തുപറന്പിൽ സിപിഎം പ്രവർത്തകനായ സി.വി. രവീന്ദ്രനും തൃശൂർ കൊടുങ്ങല്ലൂരിൽ ബിജെപി പ്രവർത്തകനായ പ്രമോദുമാണു വിജയാഹ്ലാദ പ്രകടനവുമായി ബന്ധപ്പെട്ട സംഘർഷങ്ങളിൽ മരിച്ചത്.
പിണറായി സർക്കാർ അധികാരമേറ്റ ശേഷം 2016 മേയ് മുതൽ ഡിസംബർ വരെ മാത്രം എട്ടു പേർ രാഷ്ട്രീയ കൊലക്കത്തിക്ക് ഇരയായി. 2017 ൽ രാഷ്ട്രീയ സംഘർഷങ്ങളിൽ ഒൻപതു പേരും 2018 ൽ അഞ്ചു പേരും മരിച്ചു.
2019 ൽ ആറുപേരും 2020 ൽ ഒൻപതു പേരുടെ ജീവനും രാഷ്ട്രീയ സംഘർഷങ്ങളിൽ പൊലിഞ്ഞു. ഈ വർഷം ഇതുവരെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ഇരയായത് എട്ടു പേരാണ്. കാസർഗോഡ് പെരിയയിൽ കോണ്ഗ്രസ് പ്രവർത്തകരായ ശരത്ലാൽ, കൃപേഷ് കൃഷ്ണൻ എന്നിവരുടെ ഇരട്ടക്കൊലപാതകം സംസ്ഥാന രാഷ്ട്രീ യത്തിൽ ഏറെ കോളിളക്കങ്ങൾ സൃഷ്ടിച്ചിരുന്നു.
ഇരുവരെയും കൊലപ്പെടുത്തിയ കേസിൽ സിപിഎം നേതാക്കളാണു പ്രതിപ്പട്ടികയിലുള്ളത്. ഇപ്പോൾ നടക്കുന്ന സിബിഐ അന്വേഷണത്തിൽ സിപിഎമ്മിന്റെ മുൻ എംഎൽഎ അടക്കമുള്ളവരുടെ ഗൂഢാലോചനയിലെ പങ്ക് അന്വേഷിച്ചു വരികയാണ്. 2018ൽ എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്ഐ പ്രവർത്തകനായ അഭിമന്യുവിന്റെ കൊലപാതകവും കേരളം ഏറെ ചർച്ച ചെയ്തിരുന്നു. കാന്പസ് ഫ്രണ്ട് പ്രവർത്തകരായിരുന്നു അഭിമന്യു വധക്കേസിൽ പ്രതിപ്പട്ടികയിലുള്ളത്. കേസന്വേഷണവുമായി ബന്ധപ്പെട്ടും ഏറെ ആരോപണങ്ങൾ ഉയർന്നിരുന്നു.
Leave a Reply