ന്യൂസ് ഡെസ്ക് മലയാളം യുകെ
വാഷിങ്ടൺ : കോവിഡിന് ശേഷം ആദ്യമായ് ഒരു ബില്യണ്‍ ഡോളര്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടുന്ന ചിത്രമായി ‘സ്‌പൈഡർമാൻ : നോ വേ ഹോം’. 2019ല്‍ റിലീസായ സ്റ്റാര്‍ വാര്‍സ് ദി റെയ്‌സ് ഓഫ് സ്‌കൈവോക്കറാണ് ഇതിനു മുമ്പ് ഒരു ബില്യണ്‍ ഡോളര്‍ നേടിയ ചിത്രം. 2021-ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമെന്ന റെക്കോർഡും നോ വേ ഹോമിന് സ്വന്തം. ചൈനയില്‍ റിലീസ് ചെയ്യാതെയാണ് ഈ നേട്ടം എന്നതും ശ്രദ്ധേയമാണ്. ചൈനീസ് നിർമ്മിത കൊറിയൻ യുദ്ധ ഇതിഹാസ ചിത്രമായ ദി ബാറ്റില്‍ ഓഫ് ലേക്ക് ചാങ്ജിന്‍ (905 മില്യണ്‍), ജെയിംസ് ബോണ്ട് ചിത്രം നോ ടൈം ടു ഡൈ (774 മില്യണ്‍ ഡോളര്‍)എന്നിവയാണ് കളക്ഷനില്‍ സ്‌പൈഡര്‍മാന് പിന്നില്‍.
മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സിൽ നിന്നുള്ള ഈ ചിത്രം അമേരിക്കയില്‍ നിന്ന് മാത്രം 405.5 മില്യണ്‍ ഡോളറാണ് നേടിയത്. അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാറിനും എന്‍ഡ് ഗെയിമിനും ശേഷം ഏറ്റവും വേഗത്തില്‍ ഒരു ബില്യണ്‍ ഡോളര്‍ കളക്ഷന്‍ നേടുന്ന ചിത്രവും സ്‌പൈഡര്‍മാന്‍ നോ വേ ഹോമാണ്.
ടോം ഹോളണ്ട് നായകനായി എത്തിയ മൂന്നാമത്തെ സ്‌പൈഡര്‍മാന്‍ സോളോ സിനിമയാണ് നോ വേ ഹോം. മാര്‍വെലിന്റെ ആദ്യ രണ്ട് സ്‌പൈഡര്‍മാന്‍ സീരീസുകളും ഒരുക്കിയ ജോണ്‍ വാട്ട്‌സണ്‍ തന്നെയാണ് നോ വേ ഹോമും സംവിധാനം ചെയ്തത്.
2019ൽ പുറത്തിറങ്ങിയ ‘സ്പൈഡർ മാൻ: ഫാർ ഫ്രം ഹോം’ ബോക്‌സ് ഓഫീസിൽ 1 ബില്യൺ ഡോളർ നേടിയ ആദ്യത്തെ സ്‌പൈഡർമാൻ ചിത്രമാണ്. ഫ്രാഞ്ചൈസിയിൽ നിലവിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമയാണ് ഫാർ ഫ്രം ഹോം. ആഗോളതലത്തിൽ 1.132 ബില്യൺ ഡോളറാണ് ചിത്രം വാരിക്കൂട്ടിയത്. കോവിഡ് ആശങ്കകൾക്കിടയിൽ റിലീസ് ചെയ്തെങ്കിലും അതിവേഗം ഒരു ബില്യൺ ഡോളർ നേടിയ ‘നോ വേ ഹോം’, ഫ്രാഞ്ചൈസിയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
Leave a Reply