ലണ്ടൻ ∙ ഒഐസിസി (യുകെ) യുടെ നേതൃത്വത്തിൽ ലണ്ടനിൽ ‘പി.ടി. തോമസ് എംഎൽഎ അനുസ്മരണം’ സംഘടിപ്പിച്ചു. ഒഐസിസി(യു കെ) യുടെ സൂം മീറ്റിങ്ങിലൂടെ ഒരുക്കിയ പ്ലാറ്റ്ഫോമിൽ നടത്തിയ യോഗം’ അദ്ദേഹത്തിന്റെ വിശ്വസ്ത സുഹൃത്തും കോൺഗ്രസിന്റെ സന്തത സഹചാരിയുമായ ഡിജോ കാപ്പൻ ഉദ്‌ഘാടനം ചെയ്തു. അദ്ദേഗം പിടിയെ അനുസ്മരിച്ചു നടത്തിയ പ്രസംഗം വികാരഭരിതവും യോഗത്തിൽ പങ്കുചേർന്നവർക്കു അവിസ്മരണീയവുമായി.

കെപിസിസി സെക്രട്ടറി ജോസി സെബാസ്റ്റ്യൻ നൽകിയ അനുസ്മരണ പ്രസംഗം പിടിയുടെ ദേഹവിയോഗം കോൺഗ്രസ് പ്രസ്ഥാനത്തിനെൽപ്പിച്ച കനത്ത നഷ്‌ടത്തെയും, നട്ടെല്ലുള്ള നേതാവ് എന്ന നിലയിൽ കേരളജനതയ്ക്ക് അഭിമതനായ വ്യക്തിത്വത്തെ ഓർമ്മിപ്പെടുത്തുന്നതുമായി.

ബ്രിസ്റ്റോൾ മുൻ മേയറും കൗൺസിലറുമായ ടോം ആദിത്യ, പ്രമുഖ മാധ്യമപ്രവർത്തകനും ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ടോം ജോസ് തടിയൻപാട്, മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ജോസ് കുമ്പിളുവേലിൽ (ജർമ്മനി), കേരളകോൺഗ്രസ് പ്രതിനിധിയും , മലയാളം മിഷൻ യു കെ ചാപ്റ്റർ പ്രസിഡണ്ടുമായ സി. എ. ജോസഫ് , ഐഒസി പ്രതിനിധി ശ്രീ ബോബിൻ ഫിലിപ്പ്, മോഡറേറ്ററും മുഖ്യ സംഘാടകനായ ഡോ. ജോഷി ജോസ് എന്നിവർ തങ്ങളുടെ വിദ്യാഭ്യാസ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തന കാലഘട്ടങ്ങളിൽ പിടി എന്ന അതുല്യ സംഘാടകനും മനുഷ്യ സ്നേഹിയുമായ രാഷ്ട്രീയ നേതാവിനെ തങ്ങളുടെ നേരറിവിൽ കണ്ട അനുഭവങ്ങളുടെ വെളിച്ചത്തിൽ അനുസ്മരിച്ചതു പങ്കുചേർന്നവരുടെ ഹൃദയത്തിന്റെ ഏടുകളിൽ എഴുതപ്പെടുന്നതായി.

കെഎംസിസി യുകെ ഘടകത്തിന്റെ പ്രതിനിധികളായി എത്തിയ സഫീർ പേരാമ്പ്ര, അർഷാദ് കണ്ണൂർ കേരളാ കോൺഗ്രസ് പ്രതിനിധികളായ ജിപ്സൺ തോമസ്, സോണി കുരിയൻ ഐഒസി പ്രതിനിധി അജിത് മുതയിൽ ഒഐസിസി വനിതാ കോഓർഡിനേറ്റർ ഷൈനു മാത്യു എന്നിവർ അനുശോചന സന്ദേശം നൽകി.

ഒഐസിസി യുടെ നാഷണൽ കമ്മിറ്റി മെംബേർസ് ഏവരും സന്ദേശങ്ങൾ പങ്കുവച്ച യോഗത്തിൽ മോഡറേറ്ററും ഒഐസിസി നേതാവുമായ അപ്ഫാ ഗഫൂർ ആലപിച്ച പിടിയുടെ ഇഷ്‌ട ഗാനമായ ‘ചന്ദ്ര കളഭം ചാർത്തിയുറങ്ങും തീരം…’ എന്ന ഗാനം വിങ്ങലായി മാറി.

ഒഐസിസി യുകെ പ്രസിഡന്റ് മോഹൻദാസ് നന്ദി രേഖപ്പെടുത്തുകയും, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ 137 മത് ജന്മദിന ആശംസകള്‍ നേരുകയും ചെയ്തു..