ലണ്ടൻ : ഒമിക്രോൺ കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ രാജ്യത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമോയെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അടുത്ത ആഴ്ച തീരുമാനിക്കും. വരാനിരിക്കുന്ന ആഴ്ചകൾ വെല്ലുവിളി നിറഞ്ഞതാകാമെന്ന് പ്രധാനമന്ത്രി തന്റെ പുതുവത്സര സന്ദേശത്തിൽ പറഞ്ഞു. ക്രിസ്മസിനും പുതുവത്സരാഘോഷത്തിനും ഇടയിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജോൺസൺ തയ്യാറായിട്ടില്ല. അതേസമയം ഇന്നലെ ബ്രിട്ടനില്‍ 1,89,213 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചതായി യുകെ ഹെല്‍ത്ത് സെക്യുരിറ്റി ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആശങ്ക ഉയരുന്ന സാഹചര്യത്തിലും പുതുവത്സരാഘോഷവുമായി മുന്നോട്ട് പോകുവാന്‍ തന്നെയാണ് ബോറിസ് ജോണ്‍സൻെറ തീരുമാനം. കൂടുതൽ കരുതലോടെ ആഘോഷങ്ങളിൽ പങ്കുചേരണമെന്നാണ് പ്രധാനമന്ത്രിയുടെ നിർദേശം.

വാക്സിൻ വിതരണത്തിന് നന്ദി അറിയിച്ച ജോൺസൺ, കോവിഡിനെതിരായ പോരാട്ടത്തിൽ രാജ്യത്തിന്റെ സ്ഥാനം ഇപ്പോൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മികച്ചതാണെന്ന് പുതുവത്സര സന്ദേശത്തിൽ കൂട്ടിച്ചേർത്തു. വലിയ രീതിയിലുള്ള പുതുവത്സരാഘോഷങ്ങൾ ഒഴിവാക്കാൻ സ്കോട്ടിഷ് സർക്കാർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഇംഗ്ലണ്ടില്‍ കോവിഡ് ബാധിച്ച് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും ഇരട്ടിയായി. പ്രതിദിന കോവിഡ് മരണനിരക്ക് 332 ആയി ഉയർന്നു. ഇംഗ്ലണ്ടിൽ കോവിഡ് ബാധിച്ച് ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം 11,452 ആണ്. ഒരാഴ്ചയ്ക്കുള്ളിൽ 61 ശതമാനം വർധന.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒമിക്രോൺ തരംഗം ശക്തമാവുന്നതോടെ രാജ്യത്തെ ആരോഗ്യ സംവിധാനം തകരുമെന്ന് സർക്കാരിന്റെ ശാസ്ത്ര ഉപദേഷ്ടാവ് ഇന്ന് മുന്നറിയിപ്പ് നൽകി. കേസുകൾ ഇങ്ങനെ കുതിച്ചുയർന്നാൽ ആരോഗ്യ സെക്രട്ടറി പറഞ്ഞ കണക്കിലേക്ക് എത്താൻ അധികം നാളുകൾ വേണ്ടിവരില്ല. രാജ്യത്ത് ആദ്യ ഡോസ് വാക്‌സിന്‍ ലഭിച്ചവരുടെ എണ്ണം അഞ്ചു കോടി പതിനേഴ് ലക്ഷമായും രണ്ടാം വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം നാലു കോടി എഴുപത്തിമൂന്ന് ലക്ഷമായും ഉയര്‍ന്നു. ബൂസ്റ്റര്‍ ഡോസ് ലഭിച്ചവരുടെ എണ്ണം മൂന്നു കോടി മുപ്പത്തഞ്ചു ലക്ഷമായി. കോവിഡ് കേസുകളിലെ കുതിച്ചുചാട്ടം തിരിച്ചറിഞ്ഞ് ഇതുവരെയും വാക്സീനെടുക്കാൻ തയ്യാറാകാത്തവർ അതിനായി മുന്നോട്ട് വരുന്നത് ശുഭ പ്രതീക്ഷ ഏകുന്നുണ്ട്.