ന്യൂസ് ഡെസ്ക് മലയാളം യുകെ.

മാസം തികയാതെ ആകാശത്തു പ്രസവിച്ച യുകെ മലയാളി നഴ്‌സിന്റെ കുഞ്ഞിന് സഹായ ഹസ്തവുമായി സ്കോട്ലാൻ്റിൽ നിന്നും കലാകേരളം ഗ്ലാസ്ഗോ. പുതുവത്സര പൊൻപുലരിയിൽ കനിവിന്റെ കൈനീട്ടവുമായി കലാകേരളം ഗ്ലാസ്ഗോയുടെ 5 പൗണ്ട് ചാരിറ്റി ചലഞ്ച് ഇന്നു മുതൽ ആരംഭിക്കും.
ചെറുതെങ്കിലും ഒരുമിച്ച് കൂടുമ്പോൾ വലുതാകുന്ന ഈ 5 പൗണ്ട് ചലഞ്ചിൽ കലാകേരളം ഗ്ലാസ്‌ഗോയോടൊപ്പം യുകെയിൽ നിന്നുള്ള ആർക്കും പങ്കുചേരാം. മലയാളം യുകെ ന്യൂസ് പുറത്തുവിട്ട വാർത്തയെ തുടർന്ന് കലാകേരളം ഗ്ലാസ്ഗോ ജനുവരി 4 ന് നടത്താൻ നിശ്ചയിച്ചിരുന്ന ക്രിസ്തുമസ്, ന്യൂ ഇയർ ആഘോഷങ്ങൾ വേണ്ടെന്നു വയ്ക്കുകയും പകരം നിസ്സഹായാവസ്ഥയിലായ ‘ആകാശ പ്രസവ’ കുടുംബത്തിലെ കുഞ്ഞിനെ സഹായിക്കാൻ 5 പൗണ്ട് ചലഞ്ചുമായി രംഗത്തെത്തിയിരിക്കുകയാണ്.

ആറാം മാസം ആദ്യ കുഞ്ഞു നഷ്ടപ്പെട്ട കുടുംബം രണ്ടാമത്തെ കുഞ്ഞിൻ്റെ പ്രസവത്തിനായി നാട്ടിലേയ്ക്ക് പോയ ഒക്ടോബർ 5നാണ് പ്രസ്തുത ആകാശ പ്രസവം നടന്നത്. ഏഴു മാസം തികയാൻ ദിവസങ്ങൾ ബാക്കി നിൽക്കെ  പിറന്ന കുഞ്ഞിൻ്റെ ആരോഗ്യ നില അപകടത്തിലായപ്പോൾ അടിയന്തിരമായി വിമാനം ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ ഇറക്കുകയായിരുന്നു. ഉടനേ തന്നെ അമ്മയേയും കുഞ്ഞിനെയും ഏയർപോർട്ട് അധികൃതർ ഹോസ്പിറ്റലിലേയ്ക്ക് മാറ്റി. തുടർന്ന്  വിമാനം യാത്ര തുടർന്നു.

ആകാശ പ്രസവം അടുത്ത ദിവസത്തെ പ്രധാന വാർത്തയായി എല്ലാ മാധ്യമങ്ങളും ആഘോഷിച്ചു. ആശ്രയമായി ആരുമില്ലാതെ ഫ്രാങ്ക്ഫർട്ടിലെ ആശുപത്രിയിൽ കഴിയുന്ന മലയാളി കുടുംബത്തിൻ്റെ നിലവിലെ അവസ്തയാണ് മലയാളം യുകെ ന്യൂസ് തുടർന്ന് യുകെ മലയാളികളെ അറിയിച്ചത്. നിരവധി നല്ല മനസ്സുകളുടെ സഹായം അവർക്ക് എത്തിയെങ്കിലും ഒരു കുരുന്നിൻ്റെ ജീവൻ നിലനിർത്താൻ അതൊന്നും അപര്യാപ്തമായിരുന്നില്ല.

ഈ സാഹചര്യത്തിലാണ് കലാകേരളം ഗ്ലാസ്ഗോ 5 പൗണ്ട് ചലഞ്ച് എന്ന പുതിയ ആശയവുമായി മുന്നോട്ട് വന്നത്. ആർക്കും അധിക ബാധ്യതയില്ലാതെ, ജനുവരി നാലാം തീയതി അവർ നടത്താനിരുന്ന ക്രിസ്തുമസ്സ് പുതുവത്സരാഘോഷം ഉപേക്ഷിച്ച് അതിന് പകരമായി ആകാശത്ത് ജീവൻ തുടിച്ച കുഞ്ഞിനെ സഹായിക്കാൻ 5 പൗണ്ട് ചലഞ്ചുമായി അവരെത്തുകയായിരുന്നു. പുതുവത്സരാഘോഷത്തിനായി അവർ മാറ്റി വെച്ച തുക 5 പൗണ്ട് ചലഞ്ചിലേയ്ക്ക് അവർ നിക്ഷേപിക്കും.

സ്വയം കൂട്ടിയാൽ കൂടാത്തത്ര സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട ഈ യുകെ മലയാളി കുടുംബത്തിനെതിരെ മുഖം തിരിച്ച സമീപനം അവലംബിക്കുകയും യുകെയിലെ മലയാളികളുടെ മൊത്തം അട്ടിപ്പേറവകാശം ഉണ്ടെന്നു സ്ഥാപിക്കുകയും ചെയ്യുന്ന യുക്മ പോലും ചെറുതരി സഹായവുമായി മുന്നോട്ട് വരാതിരിക്കുകയും അതിനേക്കാളുപരി ഒരു ഫോൺ വിളിച്ചു സംസാരിക്കുവാൻ പോലും വിമുഖത പ്രകടിപ്പിച്ച സാഹചര്യത്തിലാണ് കലാ കേരളം ഗ്ലാസ്ഗോ 5 പൗണ്ട് ചലഞ്ചെന്ന ആശയവുമായി മലയാളം യുകെ ന്യൂസിനെ സമീപിച്ചത്. ആഗോള പ്രവാസി മലയാളികൾക്ക് എന്നും മാതൃകയായ കലാകേരളം ഗ്ലാസ്ഗോയുടെ മുൻവിധികളില്ലാതെയുള്ള ഈ സമീപനം പ്രവാസികൾക്ക് കരുത്തേകുന്നതാണ് എന്നതിൽ സംശയമില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സാമൂഹിക സാംസ്കാരിക രംഗത്തെ വേറിട്ട മുഖമാണ് എന്നും കലാകേരളം ഗ്ലാസ്ഗോ. 2006 മുതൽ ഗ്ലാസ്‌ഗോയിലെ കാമ്പസ് ലാംഗ് കേന്ദ്രീകൃതമായി പ്രവർത്തിച്ചിരുന്ന മലയാളി സമൂഹത്തിന്റെ സാമൂഹ്യ, സാംസ്കാരിക, കലാ രംഗങ്ങളിലെ സമഭാവനയുടെ സമവാക്യമാണ് കലാകേരളം. ഒരു പതിറ്റാണ്ടിലേറെയായി ഒരു കുടിയേറ്റ സമുഹത്തിന്റെ ആചാരാനുഷ്ഠാനങ്ങളിലെ നിറസാന്നിധ്യമായിരുന്ന, തിരിച്ചു വ്യത്യാസങ്ങളില്ലാതിരുന്ന ആ നല്ല ഇന്നലെകളുടെ മാധുര്യം ഒട്ടും ചോർന്ന് പോകാതെ നെഞ്ചോട് ചേർത്ത് വയ്ക്കാൻ ആഗ്രഹിച്ച ഒരു കൊച്ചു സമൂഹത്തിന്റെ ആത്മാർപ്പണത്തിന്റെയും, ആവേശത്തിന്റെയും സാക്ഷാത്കാരമാണ് 2014-ൽ കലാകേരളം ഒരു സംഘടനാ പദവിയിലെത്തുവാൻ ഇടയാക്കിയത്.

വളരെ ചുരുങ്ങിയ പ്രവർത്തന കാലയളവുകൊണ്ട് യു കെയിലെ തന്നെ ഏറ്റവും മികച്ച സംഘടനയായി അംഗീകരിക്കപ്പെടുകയും ചെയ്യുന്ന അതുല്യ കാഴ്ചക്കാണ് കാലം സാക്ഷ്യം വഹിച്ചത്. ചേർച്ചയുള്ള മാനസ്സങ്ങളാണ് വിജയത്തിനാധാരമെന്ന സത്യമുൾക്കൊള്ളുന്ന കലാകേരളം, അംഗങ്ങൾ തമ്മിലുള്ള കൂട്ടായ്മക്ക് ഏറെ പ്രാധാന്യം നൽകുന്നു.

നിലപാടുകളിലെ ദൃഢതയും, പ്രവർത്തനങ്ങളിലെ മികവും, കൂട്ടായ്മയുടെ ആഘോഷവും ഒത്തുചേരുന്ന കലാകേരളം, അതിരില്ലാത്ത വിശ്വ വിശാലതയുടെ ചിറകിലേറി അച്ചടക്കവും, കൃത്യതയും, നീതിബോധവും,അർപ്പണബോധവും, ആത്മാർത്ഥവുമായ സംഘടനാ പ്രവർത്തനം കൊണ്ട് കലാകേരളമെന്ന നേരിന്റെ ശബ്ദത്തിനൊപ്പം കരമൊന്നിച്ച്, സ്വരമൊന്നിച്ച് മനമൊന്നിച്ച് മുന്നേറുന്നു.

ഇക്കഴിഞ്ഞ കേരളപ്പിറവി ദിനത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാദ്ധ്യക്ഷൻ അഭി. മാർ ജോസഫ് സ്രാമ്പിക്കൽ ഇതാദ്യമായി യുകെയിലെ ഒരു മലയാളി അസ്സോസിയേഷന്റെ പരിപാടിയിൽ പങ്കെടുത്തതിന്റെ ഖ്യാതിയും കലാകേരളം ഗ്ലാസ്ഗോയ്ക്ക് തന്നെ. കലാകേരളം ഗ്ലാസ്ഗോയുടെ പ്രവർത്തനങ്ങൾ തിരിച്ചറിഞ്ഞ പിതാവിന്റെ പ്രസംഗം ജനശ്രദ്ധ നേടിയിരുന്നു.

കലാകേരളം ഗ്ലാസ്കോയൊരുക്കുന്ന 5 പൗണ്ട് ചലഞ്ചിൽ എങ്ങനെ പങ്ക്ചേരാം. നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം. ആകാശ പ്രസവത്തിലെ കുടുംബത്തിൻ്റെ അക്കൗണ്ട് വിവരങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്.  താല്പര്യമുള്ളവർ പുതുവത്സര കാലത്ത് മാറ്റിവെയ്ക്കാൻ സാധിക്കുന്ന 5 പൗണ്ടെങ്കിലും അവർക്കായി കൊടുക്കുക. അവർക്ക് ലഭിക്കുന്ന സംഭാവനയുടെ  ബാങ്ക് സ്റ്റെറ്റ്മെൻ്റ് മലയാളം യുകെ ന്യൂസ് പിന്നീട് പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Mr. Cherian Iype
A/c No 80948675
Sort Code 20 – 25 – 38
Barclays Bank