ന്യൂസ് ഡെസ്ക് മലയാളം യുകെ
രോഗലക്ഷണങ്ങൾ കുറഞ്ഞ മിതമായ കോവിഡ്-19 വകഭേദങ്ങൾക്ക് ഭാവിയിൽ വാക്സിനുകളുടെ ആവശ്യം വരില്ലെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. ഡെൽറ്റാ വേരിയാന്റിനെ അപേക്ഷിച്ച് ഒമിക്രോണിൻെറ രോഗലക്ഷണങ്ങൾ സൗമ്യമായതിനാൽ ഭാവിയിലുണ്ടാകുന്ന വകഭേദങ്ങൾക്ക് പ്രതിരോധകുത്തിവയ്പുകളുടെ ആവശ്യം വരില്ല എന്ന് വിദഗ്ധർ പറഞ്ഞു. ബൂസ്റ്റർ വാക്സിനുകളുടെ രണ്ടാംഘട്ടമായി ജനങ്ങൾക്ക് നാലാം ഡോസ് വാക്സിൻ ഇസ്രായേൽ നൽകാൻ തീരുമാനിച്ചതിന് പിന്നാലെയാണ് ഈ വാർത്ത. ഒമിക്രോണിന് ശേഷം ഭാവിയിൽ ഉണ്ടാകാൻ പോകുന്ന വകഭേദങ്ങളുടെ ലക്ഷണങ്ങൾ സൗമ്യമായേക്കാം എന്ന് റീഡിംഗ് യൂണിവേഴ്സിറ്റിയിലെ വൈറോളജിസ്റ്റായ പ്രൊഫസർ ഇയാൻ ജോൺസ് പറഞ്ഞു. പ്രായപൂർത്തിയായവർക്ക് പതിവായി ബൂസ്റ്റർ വാക്സിൻ നൽകേണ്ടതിൻെറ ആവശ്യകത കാലക്രമേണ കുറയുമെന്നാണ് പഠന റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. വാക്‌സിൻ സ്വീകരിച്ച് രണ്ടര മാസത്തിന് ശേഷം അതിൻെറ പ്രതിരോധശേഷി കുറയാൻ തുടങ്ങും. എന്നാൽ അത് ഫലപ്രദമാവുകയില്ല എന്ന് ഇത് അർഥമാക്കുന്നില്ല. ബൂസ്റ്ററുകളുടെ ദീർഘകാല ഫലപ്രാപ്തി അളക്കാനുള്ള ഒരേയൊരു മാർഗ്ഗം കാത്തിരുന്ന് കാണുക മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം എല്ലാ വർഷവും കോവിഡ് പൊട്ടിപ്പുറപ്പെടുന്നതിനാൽ നാലോ ആറോ മാസത്തിലൊരിക്കലെങ്കിലും ബൂസ്റ്ററുകൾ ആവശ്യമാണെന്ന് മറ്റ് എപ്പിഡെമിയോളജിസ്റ്റുകൾ പറഞ്ഞു. യുകെയുടെ ബൂസ്റ്റർ പ്രോഗ്രാമിന്റെ ആദ്യകാല പഠന റിപ്പോർട്ട് അനുസരിച്ച് രണ്ടര മാസത്തിന് ശേഷം ഫൈസറിന്റെ ടോപ്പ്-അപ്പ് ഡോസിൻെറ ഫലപ്രാപ്തി 35 ശതമാനമായി കുറയുന്നു. ഇത് രണ്ടു ഡോസ് അസ്ട്രസെനെക്ക വാക്‌സിൻ സ്വീകരിച്ചവരിലാണ് കണ്ടെത്തിയത്. എന്നാൽ ഫൈസറിന്റെയോ മോഡേണയുടെയോ വാക്‌സിൻ സ്വീകരിച്ചവരിൽ ഫലപ്രാപ്തി 70 ശതമാനത്തോളം സ്ഥിരതയുള്ളതാണ്.
Leave a Reply